മദ്യനിയന്ത്രണം: നിര്‍ദേശങ്ങള്‍ ശൂറ ചര്‍ച്ച ചെയ്യും
Posted on: 04 Dec 2014
മസ്‌കറ്റ്: ഒമാനില്‍ മദ്യ ഉപഭോഗത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിര്‍ദേശങ്ങള്‍ മജ്‌ലിസ് അല്‍ ശൂറ ചര്‍ച്ച ചെയ്യും. ഒമാന്‍ പൗരന്‍മാര്‍ മദ്യം വാങ്ങുന്നതും ഉപയോഗിക്കുന്നതും വിലക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് ഡിസംബറില്‍ നടക്കുന്ന ചര്‍ച്ചയില്‍ ശൂറ പരിഗണിക്കുക. ബാറുകളും നിശാ ക്ലബ്ബുകളും അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ മദ്യം വിളമ്പുന്നത് നിരോധിക്കുന്നതും നിര്‍ദേശങ്ങളില്‍പെടുന്നു. പൗരന്‍മാരില്‍നിന്നുള്ള നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ഈ നിര്‍ദേശങ്ങള്‍ക്ക് രൂപംനല്‍കിയതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഒമാനി പത്രം റിപ്പോര്‍ട്ട് ചെയ്തു.
സാമൂഹിക, ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി പൗരന്‍മാര്‍ മദ്യം വാങ്ങുന്നതും ഉപയോഗിക്കുന്നതും നിരോധിക്കുന്നതാണ് നിര്‍ദേശങ്ങളിലെ കാതലായ ഭാഗം. കരിഞ്ചന്തയില്‍ മദ്യം വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശനശിക്ഷ ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. അനധികൃതമായി മദ്യം വില്‍ക്കുന്നവരെ മാത്രം ശിക്ഷിക്കുന്നത് കൊണ്ട് കാര്യമില്ല എന്നാണ് അധികൃതരുടെ നിലപാട്. മദ്യശാലാ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണം ശക്തമാക്കാനും നിര്‍ദേശമുണ്ട്. ചില മദ്യശാലാ തൊഴിലാളികള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മദ്യം അനധികൃതമായി വില്‍ക്കുന്നതും ഗൗരവമായി പരിഗണിക്കും.
വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് മദ്യനിയന്ത്രണം സഹായിക്കുമെന്ന് ശൂറ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മദ്യാസക്തര്‍ക്കുള്ള ചികിത്സയുടെ പേരില്‍ വന്‍തുക ചെലവിടേണ്ടിവരുന്നത് കുറയ്ക്കാനും ഇതുവഴി കഴിയുമെന്ന് ശൂറ കരുതുന്നു.
from kerala news edited
via IFTTT