121

Powered By Blogger

Wednesday 3 December 2014

പനമരത്ത്‌ ചത്ത കൊക്കിന്‌ പക്ഷിപ്പനിയില്ലെന്ന്‌ പരിശോധനാ ഫലം











Story Dated: Wednesday, December 3, 2014 03:54


കല്‍പ്പറ്റ: പനമരം കൊറ്റില്ലത്തില്‍ ചത്ത ദേശാടന കൊക്കിന്‌ പക്ഷിപ്പനിയില്ലെന്ന്‌ പരിശോധനയില്‍ തെളിഞ്ഞു. പാലക്കാട്ടെ റീജ്യണല്‍ ലബോറട്ടറിയില്‍ കൊക്കിന്റെ സാമ്പിള്‍ പരിശോധിച്ചതില്‍ ഫലം നെഗറ്റീവായിരുന്നുവെന്ന്‌ ജില്ലാ എപ്പിഡമിയോളജിസ്‌റ്റ് ഡോ. ഇ.എം മുഹമ്മദ്‌ 'മംഗള'ത്തോടു പറഞ്ഞു. അതേ സമയം കൊക്ക്‌ ചാകാനുള്ള കാരണമെന്താണെന്ന്‌ വ്യക്‌തമായിട്ടില്ല. പക്ഷിപ്പനിയുണ്ടായിരുന്നുവോയെന്ന്‌ അറിയാന്‍ മാത്രമാണ്‌ സാമ്പിള്‍ പരിശോധിച്ചതെന്ന്‌ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തിരുനെല്ലി വനമേഖലയില്‍ പുഴയോരത്ത്‌ ചത്ത നിലയില്‍ കണ്ടെത്തിയ കൊക്കിന്റെ സാമ്പിളും വിദഗ്‌ധ പരിശോധനക്കായി അയച്ചിട്ടുണ്ട്‌. ഇന്നലെ കണിയാമ്പറ്റ, മുട്ടില്‍ പഞ്ചായത്തുകളില്‍ കാക്കകളും കൊക്കുകളും ചത്തതായി മൃഗസംരക്ഷണ വകുപ്പിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ഈ സ്‌ഥലങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്‌. വയനാടിനോടു ചേര്‍ന്ന തമിഴ്‌നാട്‌ അതിര്‍ത്തി പ്രദേശങ്ങളില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിട്ടുണ്ട്‌. തമിഴ്‌നാട്‌ ആരോഗ്യ, മൃഗ സംരക്ഷണ വകുപ്പ്‌ അധികൃതര്‍ കോഴികളുടെ സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധനക്ക്‌ നല്‍കിയിട്ടുണ്ട്‌. ഇതിന്റെ ഫലം വന്നശേഷം വയനാട്‌ അതിര്‍ത്തിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ്‌ അധികൃതരുടെ തീരുമാനം. പക്ഷിപ്പനി ഭീതിയില്‍ കേരളത്തില്‍ ഇറച്ചിക്കോഴി ഉപയോഗം ഗണ്യമായി കുറഞ്ഞതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള കോഴിക്കള്ളക്കടത്തിന്‌ വലിയ ശമനമായിട്ടുണ്ട്‌. തമിഴ്‌നാട്ടില്‍ നിന്ന്‌ നികുതി വെട്ടിച്ച്‌ ഇറച്ചിക്കോഴികളെ വന്‍തോതില്‍ കേരളത്തിലേക്ക്‌ കടത്തിയിരുന്നു.

തമിഴ്‌നാടിനെ അപേക്ഷിച്ച്‌ കേരളത്തിലാണ്‌ ഇറച്ചിക്കോഴിക്ക്‌ വില കൂടുതല്‍. അതിനാല്‍ വയനാട്ടില്‍ നിന്ന്‌ തമിഴ്‌നാട്ടിലേക്ക്‌ ഇറച്ചിക്കോഴി കള്ളക്കടത്ത്‌ കുറവാണ്‌. നിയമപരമായ മാര്‍ഗങ്ങളിലൂടെ തമിഴ്‌നാട്ടിലേക്ക്‌ കൊണ്ടുപോകുന്ന ഇറച്ചിക്കോഴികളെ തമിഴ്‌നാട്‌ ഉദ്യോഗസ്‌ഥര്‍ ചെക്ക്‌പോസ്‌റ്റുകളില്‍ തടയുന്നുണ്ട്‌. ഇതിനിടയില്‍ തമിഴ്‌നാട്ടില്‍ രോഗം സ്‌ഥിരീകരിച്ചാല്‍ അവിടെ നിന്നുള്ള ഇറച്ചിക്കോഴി കടത്ത്‌ തടയേണ്ടി വരുമെന്ന്‌ ജില്ലാ മൃഗസംരക്ഷണ വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ സൂചിപ്പിച്ചു. നിലവില്‍ കേരളത്തില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുളള സ്‌ഥലങ്ങളിലൊഴികെ മറ്റ്‌ ജില്ലകളിലൊന്നും ഇറച്ചിക്കോഴി കടത്ത്‌ അധികൃതര്‍ നിരോധിച്ചിട്ടില്ല.

അതിനിടെ പക്ഷിപ്പനി ഭീതിയില്‍ ജില്ലയിലെ കോഴി ഫാമുടമകളും കോഴിയിറച്ചി സ്‌റ്റാളുകാരും ദുരിതത്തിലായി. കോഴിയിറച്ചി വില്‍പനക്കാര്‍, പ്രാദേശികമായ ഫാമുകളില്‍ നിന്ന്‌ എത്തിക്കുന്ന, പരിശോധന നടത്തിയ കോഴികളെയാണ്‌ വില്‍ക്കുന്നതെന്നും ഇറക്കുമതി ചെയ്ുയന്ന കോഴികളെ വില്‍ക്കുന്നില്ലെന്നും സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്‌ഥാപനങ്ങളില്‍ പതിപ്പിച്ചിട്ടുണ്ട്‌. എന്നിട്ടും വില്‍പന ഗണ്യമായി കുറഞ്ഞുവെന്ന്‌ കച്ചവടക്കാര്‍ പറയുന്നു.










from kerala news edited

via IFTTT