121

Powered By Blogger

Wednesday, 3 December 2014

ചെറുകിട ഓഹരികളില്‍ കണ്ണുംനട്ട് മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍








ചെറുകിട ഓഹരികളില്‍ കണ്ണുംനട്ട് മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍


Posted on: 03 Dec 2014


ബിസിനസ് ഡെസ്‌ക്‌


വന്‍കിട കമ്പനികളുടെ ഓഹരി വിലകള്‍ ഉയരത്തില്‍ തുടരുന്നതിനിടയില്‍ ഫണ്ട് കമ്പനികള്‍ മികച്ച വളര്‍ച്ചാ സാധ്യതയുള്ള ചെറുകിട-മധ്യനിര കമ്പനികളുടെ ഓഹരികള്‍ ലക്ഷ്യമാക്കുന്നു. ഈവര്‍ഷം ആരംഭം മുതല്‍ ചെറുകിട-മധ്യനിര കമ്പനികളുടെ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കിയതാണ് ഫണ്ട് കമ്പനികളെ ആകര്‍ഷിച്ചത്. ജനവരി മുതല്‍ ഒക്ടോബര്‍ വരെ സെന്‍സെക്‌സ് സൂചികയിലുണ്ടായ നേട്ടം 32 ശതമാനമാണ്. അതേസമയം ബിഎസ്ഇ മിഡ് ക്യാപ് സൂചികയില്‍ 47 ശതമാനവും ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചികയില്‍ 67 ശതമാനവുമാണ് നേട്ടമുണ്ടായത്.

മിഡ് ക്യാപ്-സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ക്ക് ഈ നേട്ടം ചാകരയായി. ചെറുകിട നിക്ഷേപകര്‍ ഒന്നടങ്കം ഈ ഫണ്ടുകളിലേയ്ക്ക് പണമൊഴുക്കാന്‍ തുടങ്ങി. അതേസമയം ഫണ്ട് കമ്പനികള്‍ ഓഹരി വിപണിയിലിറക്കുന്ന പണത്തിന്റെ തോത് നവംബറില്‍ വന്‍തോതിലാണ് കുറഞ്ഞത്. 1,677 കോടി രൂപമാത്രം. ജൂണ്‍ മുതല്‍ ഒക്ടോബര്‍വരെ പ്രതിമാസം ഇവര്‍ ഓഹരിയില്‍ നിക്ഷേപിച്ചത് ശരാശരി 5000 കോടി രൂപയാണ്.


അതുല്‍ ഓട്ടോ, ഡെക്കാന്‍ സിമെന്റ്‌സ്, മയൂര്‍ യുണിക്വാട്ടേഴ്‌സ്, റാണെ ഹോള്‍ഡിങ്‌സ്, ശക്തി പമ്പ്, ടിആര്‍എഫ് തുടങ്ങിയവയാണ് നവംബര്‍ മാസത്തില്‍ ഫണ്ട് കമ്പനികള്‍ വാങ്ങിക്കൂട്ടിയ മധ്യനിര-ചെറുകിട ഓഹരികള്‍.





അതുല്‍ ഓട്ടോ




ഇപ്പോഴത്തെ വില: 554.60

വാങ്ങിയത്: ബിര്‍ല സണ്‍ലൈഫ് മ്യൂച്വല്‍ ഫണ്ട്

ഓഹരികളുടെ എണ്ണം: 5 ലക്ഷം

മുച്ചക്ര ചരക്ക് വാഹന നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് അതുല്‍. ഈ വര്‍ഷം ഇതുവരെ 27 ശതമാനം നേട്ടമാണ് ഓഹരി വിലയിലുണ്ടായത്. കയറ്റുമതിയും മെട്രോനഗരങ്ങളിലെ വില്പനയും കമ്പനി ലക്ഷ്യമിടുന്നുണ്ട്. അത് വിജയമാകുകയാണെങ്കില്‍ രണ്ടാഘട്ട വളര്‍ച്ചാസാധ്യതയാണ് കമ്പനിയുടെ മുന്നിലുള്ളതെന്ന് ഓഹരി വിദഗ്ധര്‍ വിലയിരുത്തുന്നു.





മയുര്‍ യുണിക്വാര്‍ട്ടേഴ്‌സ്




ഇപ്പോഴത്തെ വില: 430

വാങ്ങിയത്: ഡിഎസ്പി ബ്ലാക്ക് റോക്ക്

ഓഹരികളുടെ എണ്ണം: 2.5 ലക്ഷം

ഓട്ടോമൊബൈല്‍ സീറ്റ് കവര്‍, ചെരുപ്പ്, അപ്‌ഹോള്‍സ്റ്ററി തുടങ്ങിയ ഉത്പന്നനിര്‍മാണ മേഖലയിലുള്ള മയുര്‍ യുണിക്വാര്‍ട്ടേഴ്‌സ് ഈവര്‍ഷം തുടക്കംമുതല്‍ 154 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. അടുത്ത മൂന്ന് വര്‍ഷത്തിനിടെ കമ്പനി 25 ശതമാനത്തിലേറെ വാര്‍ഷിക വളര്‍ച്ച നേടുമെന്നാണ് ഐഡിബിഐ ക്യാപിറ്റല്‍ അനലിസ്റ്റ് സുദീപ് ആനന്ദ് പറയുന്നത്.





ശക്തി പമ്പ്‌സ്(ഇന്ത്യ)




ഇപ്പോഴത്തെ വില: 205.10

വാങ്ങിയത്: ഫ്രാങ്ക് ളിന്‍ ടെംപിള്‍ടണ്‍

ഓഹരികളുടെ എണ്ണം: 3.35 ലക്ഷം.

കാര്‍ഷിക ആവശ്യത്തിനുള്ള പമ്പ്‌സെറ്റുകളുടെ നിര്‍മാണത്തില്‍ മുന്‍നിരയിലുള്ള കമ്പനി. 2,300 കോടി രൂപയുടെ വന്‍ വിപണിയാണ് മുന്നിലുള്ളത്. നിലവില്‍ കമ്പനിയുടെ ഓഹരി വില ആകര്‍ഷകമാണെന്നാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് അനലിസ്റ്റ് അഭിനവ് ശര്‍മയുടെ വിലയിരുത്തല്‍.





ഡെക്കാന്‍ സിമെന്റ്‌സ്




ഇപ്പോഴത്തെ വില: 369.30

വാങ്ങിയത്: യുടിഐ

ഓഹരികളുടെ എണ്ണം: 1.5 ലക്ഷം

2014ല്‍ 130 ശതമാനം നേട്ടമാണ് കമ്പനിയുടെ ഓഹരി നല്‍കിയത്. പുതിയ സംസ്ഥാനമായ തെലങ്കാനയില്‍ അടിസ്ഥാന സൗകര്യവികസനത്തിനുള്ള വന്‍സാധ്യതകളാണ് ഓഹരിയെ ആകര്‍ഷകമാക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയ്ക്ക് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കടബാധ്യത വന്‍തോതില്‍ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ മികച്ച നേട്ടം ഡക്കാന്‍ സിമെന്റ്‌സ് നല്‍കുമെന്നാണ് അഷിക സ്റ്റോക്ക് ബ്രോക്കിങിന്റെ വിലയിരുത്തല്‍.





റാണെ ഹോള്‍ഡിങ്‌സ്




ഇപ്പോഴത്തെ വില: 677.50

വാങ്ങിയത്: സുന്ദരം മ്യൂച്വല്‍ ഫണ്ട്

ഓഹരികളുടെ എണ്ണം: 1.86 ലക്ഷം

വാഹന ഘടകങ്ങളുടെ നിര്‍മാതാക്കളായ റാണെ സ്ഥിരതയുള്ള നേട്ടമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. റാണെ മദ്രാസ്, റാണെ ബ്രേക്ക്, റാണെ എന്‍ജിന്‍ വാല്‍വ് എന്നിവ റാണെ ഹോള്‍ഡിങ്‌സിന്റെ അനുബന്ധ സ്ഥപാനങ്ങളാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 23 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്. ഇതേകാലയളവില്‍ അറ്റാദായത്തില്‍ 24 ശതമാനം വര്‍ധനവുമുണ്ടായി. നിലവില്‍ ഓഹരിവില ആകര്‍ഷകമല്ലെന്നാണ് വിലയിരുത്തല്‍.





ടിആര്‍എഫ്




ഇപ്പോഴത്തെ വില: 387.80

വാങ്ങിയത്: സുന്ദരം മ്യൂച്വല്‍ ഫണ്ട്

ഓഹരികളുടെ എണ്ണം: 3.5 ലക്ഷം

കാര്‍ഷിക വ്യവസായ മേഖലയ്ക്ക് അനുയോജ്യമായ യന്ത്രസാമഗ്രികളാണ് ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടിആര്‍എഫ് പ്രധാനമായും നിര്‍മിക്കുന്നത്. പദ്ധതി ഓര്‍ഡറുകളുടെ കുറവ് മൂലം മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 28 കോടി രൂപയുടെ നഷ്ടമാണുണ്ടാക്കിയത്. രാജ്യത്തെ സമ്പദ്ഘടന ശക്തിപ്രാപിക്കുകയും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുകയുംചെയ്താല്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ഓഹരിയില്‍ ഉന്നംവെയ്ക്കുമെന്നാണ് വിലയിരുത്തല്‍. സപ്തംബര്‍ 30വരെ വിദേശ സ്ഥാപനങ്ങള്‍ കമ്പനിയുടെ ഓഹരികളൊന്നും വാങ്ങിയിട്ടില്ല.












from kerala news edited

via IFTTT