Story Dated: Monday, February 16, 2015 03:38
കാനഡ: ലോകമെമ്പാടുമുള്ള 100 ഓളം ബാങ്കുകളിലും ബിസിനസ് സ്ഥാപനങ്ങളിലുമുണ്ടായ സൈബര്‍ ആക്രമണത്തിലൂടെ നഷ്ടപ്പെട്ടത് ഒരു ബില്യണ്‍ ഡോളര്‍ (648 മില്യണ്‍ പൗണ്ട്) എന്ന് റിപ്പോര്‍ട്ട്. കമ്പ്യൂട്ടര്‍ സുരക്ഷ സ്ഥാപനമായ കാസ്‌പെര്‍സ്‌കൈ ലാബിന്റെ കണക്കാണിത്. 2013 മുതല്‍ ആരംഭിച്ച സൈബര്‍ മോഷണം ഇപ്പോഴും തുടരുകയാണെന്ന് സ്ഥാപനം വ്യക്തമാക്കുന്നു. റഷ്യ, യുക്രൈന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള സൈബര്‍ അക്രമികള്‍ ചേര്‍ന്നാണ് വമ്പന്‍ മോഷണം നടത്തിയിരിക്കുന്നത്. ബാങ്കുകളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും നെറ്റ്‌വര്‍ക്കില്‍ നുഴഞ്ഞുകയറി ഡാറ്റയും പണവും മോഷ്ടിക്കുകയാണ് ഇവരുടെ രീതി.
റഷ്യ, യു.എസ്, ജര്‍മ്മനി, ചൈന, യുക്രൈന്‍, കാനഡ തുടങ്ങി 30 രാജ്യങ്ങളിലെ സ്ഥാപനങ്ങളാണ് ആക്രമണത്തിന് ഇരയായത്. കുറ്റവാളികള്‍ക്കെതിരെ ഇന്റര്‍പോള്‍, യൂറോപോള്‍ എന്നീ കുറ്റാന്വേഷണ ഏജന്‍സികളുമായി ചേര്‍ന്ന് അന്വേഷണം തുടരുകയാണെന്നും കാസ്‌പെര്‍സ്‌കൈ ലാബ് അറിയിച്ചു.
കമ്പ്യൂട്ടര്‍ വൈറസുകള്‍ ഉപയോഗിച്ചാണ് സൈബര്‍ അക്രമികളുടെ പ്രവര്‍ത്തനം. കമ്പനികളുടെ നെറ്റ്‌വര്‍ക്കുകളെ ബാധിക്കുന്ന വൈറസ് കമ്പ്യൂട്ടറില്‍ നടക്കുന്ന ഏതൊരു പ്രവര്‍ത്തനവും റെക്കോര്‍ഡ് ചെയ്യുന്നു. ബാങ്കുകളുടെ അക്കൗണ്ടുകളില്‍ നിന്ന് അവരുടെ അക്കൗണ്ടുകളിലേക്ക് പണം മാറ്റുന്നതിനോ മൂന്‍കൂട്ടി നിശ്ചയിച്ച സമയത്ത് സ്വന്തം അക്കൗണ്ടില്‍ പണം എത്തുന്നതിനുള്ള നിര്‍ദേശം കാഷ് മെഷീനുകള്‍ക്ക് നല്‍കാനോ ഇവര്‍ക്കു കഴിയുന്നു.
ഓരോ രണ്ടു മുതല്‍ നാലു മാസങ്ങള്‍ക്കുള്ളില്‍ ഓരോ ബാങ്കും കൊള്ളയടിക്കപ്പെടുന്നുണ്ട്. ശരാശരി പത്തു ലക്ഷം ഡോളറാണ് ഓരോ തവണയും ഇത്തരത്തില്‍ മോഷ്ടിക്കപ്പെടുന്നത്.
from kerala news edited
via IFTTT