Story Dated: Monday, February 16, 2015 01:08
പനാജി/ ചെന്നൈ/ കൊല്‍ക്കൊത്ത: ഗോവ, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷികള്‍ക്ക് വിജയം. ഗോവയിലെ പനാജി നിയമസഭാ മണ്ഡലം ആറാം തവണയും ബി.ജെ.പിക്കൊപ്പം നിലനിന്നു. കേന്ദ്രമന്ത്രിയായതിനെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ രാജിവച്ച ഒഴിവിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വന്നത്. 1994 മുതല്‍ പരീക്കറുടെ സിറ്റിംഗ് സീറ്റാണിത്. ബി.ജെ.പി സ്ഥാനാര്‍ഥി സിദ്ധാര്‍ത്ഥ് കുന്‍കോലിന്‍കര്‍ 5,368 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിലെ സുരേന്ദ്ര ഫുര്‍ടഡോയെ പരാജയപ്പെടുത്തിയത്.
തമിഴ്‌നാട്ടിലെ ശ്രീരംഗം മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥി എസ്. വളര്‍മതി എതിരാളി ഡി.എം.കെയിലെ എന്‍. ആനന്ദിനേക്കാള്‍ ബഹുദൂരം മുന്നിലാണ്. അനധികൃത സ്വത്തു കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍മുഖ്യമന്ത്രി ജയലളിത അയോഗ്യയാക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വന്നത്.
പശ്ചിമ ബംഗാളിലെ കൃഷ്ണഗഞ്ച് നിയമസഭാ മണ്ഡലം 37,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ സത്യജിത്ത് ബിശ്വാസ് ബി.ജെ.പിയിലെ മാനബേന്ദ്രയെ പരാജയപ്പെടുത്തി. സി.പി.എം ഇവിടെ മൂന്നാം സ്ഥാനത്താണ്. 2011ല്‍ സി.പി.എം രണ്ടാം സ്ഥാനത്തായിരുന്നു. തൃണമൂല്‍ എം.എല്‍.എയായിരുന്ന സുശീല്‍ ബിശ്വാസ് മരണപ്പെട്ട ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ബോങ്കോണ്‍ ലോക്‌സഭാ മണ്ഡലത്തിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. തൃണമൂലിലെ മമതബാല താക്കൂര്‍ ബി.ജെ.പിയിലെ സുബ്രത് സാഹയെയാണ് പരാജയപ്പെടുത്തിയത്. സി.പി.എ സ്ഥാനാര്‍ഥി ദെബേഷ് ദാസ് മൂന്നാമതായി. എം.എപിയായിരുന്ന കപില്‍ കൃഷ്ണ താക്കൂര്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഭാര്യ മമതബാലയെ പാര്‍ട്ടി മത്സരത്തിനിറക്കി മണ്ഡലം നിലനിര്‍ത്തിയത്.
from kerala news edited
via IFTTT