Story Dated: Monday, February 16, 2015 02:23
തൃശൂര്‍: വിവാദ വ്യവസായി നിസ്സാം ഹമ്മര്‍ ജീപ്പിടിപ്പിച്ച് പരുക്കേല്‍പ്പിച്ച ശോഭ സിറ്റി അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസ് മരണത്തിന് കീഴടങ്ങി. തിങ്കളാഴ്ച ഉച്ചയോടെയാണ് ചന്ദ്രബോസിന്റെ മരണം സ്ഥിരീകരിച്ചത്. ഇതിനിടെ ആറോളം ശസ്ത്രക്രിയകള്‍ക്ക് ചന്ദ്രബോസിനെ വിധേയനാക്കിയിരുന്നു.
കഴിഞ്ഞ മാസം 29ന് അര്‍ദ്ധരാത്രിയാണ് കിംഗ്‌സ് ഗ്രൂപ്പ് എം.ഡിയായ മുറ്റിച്ചൂര്‍ അടയ്ക്കാപറമ്പില്‍ മുഹമ്മദ്
നിസ്സാം ചന്ദ്രബോസിനെ ജീപ്പിടിപ്പിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചത്. അപ്പാര്‍ട്ട്‌മെന്റിന്റെ ഗേറ്റ് തുറക്കാന്‍ വൈകിയെന്ന് കാണിച്ചായിരുന്നു ആക്രമണം. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ചന്ദ്രബോസിനെ തന്റെ ഹമ്മറില്‍ പിന്നാലെ ചെന്ന് മതിലില്‍ ചേര്‍ത്ത് ഇടിക്കുകയായിരുന്നു. അതോടെ മൃതതുല്യനായി നിലത്തുവീണ ചന്ദ്രബോസിനെ ജീപ്പില്‍ വലിച്ചുകയറ്റി പാര്‍ക്കിംഗ് ഏരിയയിലെത്തിച്ച് വീണ്ടും കമ്പ് കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു.
തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ചന്ദ്രബോസ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ചികിത്സയ്ക്കിടെ പലതവണ മരണത്തെ മുഖാമുഖം കണ്ടു. ചന്ദ്രബോസിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി ഇന്നു മരണത്തിന് കീഴടങ്ങി.
മദ്യവും മയക്കുമരുന്നും ഉപയോഗിച്ചായിരുന്നു നിസ്സാം ആക്രമണം നടത്തിയതെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തി. ഇയാളുടെ ഓഫീസുകളിലും ഫ്‌ളാറ്റുകളിലും പോലീസ് റെയ്ഡും നടത്തിയിരുന്നു. അതിനിടെ കടവന്ത്രിയെ ഇയാളുടെ ഫ്‌ളാറ്റില്‍ മയക്കുമരുന്ന ഉപയോഗിച്ച അഞ്ചംഗ സംഘവും പിടിയിലായി. നിസ്സാമിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് ചന്ദ്രബോസിന്റെ മരണം. ഇതോടെ കൊലപാതകകുറ്റം കൂടി നിസ്സാമിന്റെ മേല്‍ ചുമത്തും.
ചന്ദ്രബോസിനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
നേരത്തേ ഒന്‍പത് വയസുള്ള മകന്‍ ഫെരാരി കാര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ യു ട്യൂബിലിട്ട സംഭവത്തില്‍ നിസാം പ്രതിയാണ്. വാഹന പരിശോധനയ്ക്കിടെ വനിതാ എസ്.ഐയെ ആഡംബര കാറിലിട്ട് പൂട്ടിയിട്ട കേസിലും ഇയാള്‍ പ്രതിയായിരുന്നു.
from kerala news edited
via IFTTT