121

Powered By Blogger

Monday, 16 February 2015

ബാങ്ക്‌ ദേശസാല്‍ക്കരണം പഴങ്കഥ; സ്വകാര്യ ഭീമന്മാര്‍ക്ക്‌ സ്വാതന്ത്ര്യം











Story Dated: Monday, February 16, 2015 01:45


തൃശൂര്‍: ആഗോളീകരണത്തിന്റേയും നവഉദാരവല്‍ക്കരണത്തിന്റേയും ഭാഗമായി ബാങ്ക്‌ ദേശസാല്‍ക്കരണമെന്ന സങ്കല്‌പം പഴങ്കഥയാവുന്നു. പകരം രാജ്യത്ത്‌ നടപ്പാകാന്‍ പോവുന്നത്‌ രാജ്യാന്തര സ്വകാര്യ കുത്തകകളുടെ അതിരില്ലാത്ത സ്വാതന്ത്ര്യം. അടുത്ത കേന്ദ്ര ബജറ്റില്‍ ഇതുസംബന്ധിച്ച വ്യക്‌തമായ നിര്‍ദേശങ്ങള്‍ ഉണ്ടാവുമെന്നാണ്‌ സൂചന.


അമേരിക്ക, ഫ്രാന്‍സ്‌, ജര്‍മനി, സ്‌കോട്ട്‌ലാന്‍ഡ്‌, സ്വിറ്റ്‌സര്‍ലാന്‍ഡ്‌, ഇംഗ്ലണ്ട്‌ തുടങ്ങിയ രാജ്യങ്ങളിലെ ബാങ്കുകളുടെ നേരിട്ടുള്ള പ്രവര്‍ത്തനം ശക്‌തിപ്പെടുത്താനാണ്‌ അണിയറയില്‍ നീക്കം നടക്കുന്നത്‌. ലോകസാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്‌ അടച്ചുപൂട്ടിയ ചില ബാങ്കുകളും ചൈനയില്‍ നിന്നുള്ള ഒരു ബാങ്കും ഇന്ത്യയെ ലക്ഷ്യമാക്കുന്നുണ്ട്‌. മോഡി സര്‍ക്കാര്‍ രാജ്യാന്തര കോര്‍പ്പറേറ്റുകള്‍ക്ക്‌ അനുകൂലമാണെന്നതാണ്‌ അവരുടെ നീക്കങ്ങള്‍ക്ക്‌ കരുത്താവുന്നത്‌. തകര്‍ച്ചയില്‍നിന്നു കരകയറാന്‍ ശ്രമിക്കുന്ന യൂണിയന്‍ ബാങ്ക്‌ ഓഫ്‌ സ്വിറ്റ്‌സര്‍ലാന്‍ഡ്‌, സിറ്റി ബാങ്ക്‌, റോയല്‍ ബാങ്ക്‌ ഓഫ്‌ സ്‌കോട്ട്‌ലാന്‍ഡ്‌, ലേമാന്‍ ബ്രദേഴ്‌സ്, ഗോള്‍മാന്‍ സാക്‌സ് തുടങ്ങിയ ബാങ്കുകളും സജീവമാകുമെന്നാണ്‌ സൂചന.


കോര്‍പ്പറേറ്റുകളുടെ താത്‌പര്യങ്ങള്‍ക്കു വഴങ്ങി ബാങ്കുകളുടെ ലയനമെന്ന നയമാണ്‌ കര്‍ക്കശമാക്കുക. രാജ്യാന്തര കോര്‍പ്പറേറ്റ്‌ ബാങ്കിങ്‌ ബിസിനസ്‌ നടത്തുന്ന വന്‍കിട ബാങ്കുകളാക്കാന്‍ പൊതുമേഖലാ ബാങ്കുകളെ തമ്മില്‍ ലയിപ്പിക്കണമെന്നാണ്‌ കേന്ദ്രം ഇതിനകം വ്യക്‌തമാക്കിയിട്ടുള്ളത്‌. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക്‌ വിദേശവിപണികളില്‍ ബിസിനസ്‌ വ്യാപിപ്പിക്കുന്നതിന്‌ ഫണ്ട്‌ വേണം. ഇത്‌ വായ്‌പയായി നല്‍കാന്‍ ബാങ്കുകളെ പ്രാപ്‌തമാക്കുകയാണ്‌ ലയനത്തിന്റെ ലക്ഷ്യം. നിലവിലുള്ള പൊതുമേഖലാ ബാങ്കുകളുടെ എണ്ണം ഇതോടെ ആറോ ഏഴോ ആയി ചുരുങ്ങും.


കേരളത്തെ സംബന്ധിച്ചിടത്തോളം സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍ ആയിരിക്കും അതിന്റെ പ്രധാന ഇര. മറ്റെല്ലാ പൊതുമേഖലാ ബാങ്കുകളെയും അപേക്ഷിച്ച്‌ മികച്ച സേവനപാരമ്പര്യമുള്ളതാണ്‌ എസ്‌.ബി.ടി. സംസ്‌ഥാനത്തെ ബാങ്കിങ്‌ ബിസിനസിന്റെ നാലിലൊന്ന്‌ ഇവരുടേതാണ്‌. ഉല്‌പാദനമേഖലകളില്‍ വ്യാപകമായ വായ്‌പാവിന്യാസം നടത്തി ഗ്രാമ-അര്‍ധനഗര-നഗരപ്രദേശങ്ങളിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ എസ്‌.ബി.ടി. മുന്നിലാണ്‌. മാത്രമല്ല കാര്‍ഷിക, വിദ്യാഭ്യാസ വായ്‌പകള്‍ നല്‍കുന്നതിലും ഇവര്‍ മാതൃകയാണ്‌.


2014 മാര്‍ച്ച്‌ 31 ന്‌ 15 സംസ്‌ഥാനങ്ങളിലും മൂന്നു കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 1117 ശാഖകളാണ്‌ എസ്‌.ബി.ടിക്കുള്ളത്‌. കേരളത്തില്‍മാത്രം 820 ശാഖകള്‍. 14491 ജീവനക്കാരുമുണ്ട്‌. 89,300 കോടി രൂപ നിക്ഷേപങ്ങളും 69,400 കോടി രൂപ വായ്‌പകളും ഉണ്ട്‌. 28,000 കോടി രൂപ ഇന്‍വെസ്‌റ്റ്മെന്റുകളും 29,200 കോടി രൂപ മുന്‍ഗണനാവായ്‌പകളും 300 കോടി അറ്റാദായവുമുണ്ട്‌. ബാങ്കിന്റെ മൂലധനം, കരുതല്‍ധനം, മിച്ചം എന്നിങ്ങനെ 5000 കോടി രൂപയുമുണ്ട്‌. 11.52 ശതമാനമാണ്‌ മൂലധനപര്യാപ്‌തത. വായ്‌പാ നിക്ഷേപാനുപാതമാകട്ടെ 79 ശതമാനവുമാണ്‌.


ഇങ്ങനെ ഏറ്റവും മികച്ച സേവനം നടത്തുന്ന എസ്‌.ബി.ടിയെ എസ്‌.ബി.ഐയില്‍ ലയിപ്പിക്കാനാണ്‌ നീക്കം നടക്കുന്നത്‌. ഇത്‌ ജനകോടികളുടെ സമ്പാദ്യത്തിന്‌ സുരക്ഷിതത്വം നല്‍കില്ലെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. മാത്രമല്ല, എസ്‌.ബി.ടിയെ മുംബൈ ആസ്‌ഥാനമായുള്ള എസ്‌.ബി.ഐയില്‍ ലയിപ്പിച്ചാല്‍ കേരളത്തിന്റെ കോടിക്കണക്കിനുള്ള നികുതിവരുമാനം ഇല്ലാതാകും. ഈ വരുമാനം മഹാരാഷ്ര്‌ട സര്‍ക്കാരിലേക്ക്‌ പോവുകയും ചെയ്യും.


ആഗോളവിപണിയില്‍ പ്രവേശിക്കുമ്പോള്‍ മത്സരക്ഷമത വേണ്ടിവരും. അത്‌ ചെലവുചുരുക്കലിലൂടെ നേടണമെന്നാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്‌. ബാങ്ക്‌ ശാഖകളുടെയും തൊഴിലാളികളുടെയും പുന:ക്രമീകരണത്തിലൂടെ ഇതു നേടാനാവുമെന്നും അവര്‍ പറയുന്നു. ശാഖകള്‍ അടച്ചുപൂട്ടിയും തൊഴിലാളികളെ പുറന്തള്ളിയും ഇടപാടുചെലവുകള്‍ ചുരുക്കുകയെന്നാണ്‌ ഇതിന്റെ അര്‍ത്ഥം. ലാഭകരമല്ലാത്ത ബിസിനസ്‌ ഒഴിവാക്കി ലാഭക്ഷമത വര്‍ധിപ്പിക്കുകവഴി ചെറുകിട ബാങ്കുകളെ ഇല്ലാതാക്കാനും ഈ നയം സഹായിക്കും. രാജ്യാന്തര കുത്തകകള്‍ ആഗ്രഹിക്കുന്നതും അതാണ്‌.










from kerala news edited

via IFTTT