Story Dated: Monday, February 16, 2015 01:45
പള്ളിക്കുന്ന്: പള്ളിക്കുന്ന് പെരുന്നാളിനോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി. സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തിയതിന്റെ മറവില്‍ ജീവനക്കാര്‍ അനധികൃതമായി ഡ്യൂട്ടി തരപ്പെടുത്തിയെന്ന് ആക്ഷേപമുയരുന്നു. ഇത്തവണ സര്‍വ്വീസുകള്‍ ജനോപകാരപ്രദമയിരുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ സമീപ ജില്ലകളില്‍ നിന്നും 20 ലധികം ബസ്സുകളെത്തിച്ച് ഫലപ്രദമായി നടത്തിക്കൊണ്ടിരുന്ന സര്‍വ്വീസാണ് ഈ വര്‍ഷം കേവലം എട്ടുബസ്സുകള്‍ മാത്രമുപയോഗിച്ച് നടത്തിയത്. ബത്തേരി ഡിപ്പോയ്‌ക്കായിരുന്നു ഈ വര്‍ഷം പള്ളിക്കുന്ന് ബസ് സര്‍വീസുകളുടെ ചുമതല. കിട്ടിയ വരുമാനം മുഴുവന്‍ പള്ളിക്കുന്ന് സര്‍വീസിന്റെ പേരില്‍ അദര്‍ ഡ്യൂട്ടിയെടുത്ത ജീവനക്കാര്‍ക്കും ഡീസലിനും നല്‍കേണ്ടി വന്നതിനാല്‍ കോര്‍പറേഷന്റെ കീശയില്‍ കാര്യമായൊന്നും ശേഷിച്ചിട്ടില്ല.
ബത്തേരി ഡിപ്പോയുടെ കീഴില്‍ ബസുകള്‍ പള്ളിക്കുന്ന് സ്‌പെഷ്യല്‍ സര്‍വീസ് നടത്തിയ വകയില്‍ ലഭിച്ച വരുമാനം 4,15,678 രൂപയാണ്. ഇതില്‍ ഡീസല്‍, ശമ്പളം ഇനത്തില്‍ ഏകദേശം 4,00000 രൂപയാണ് ചെലവായത്. ബസുകളുടെ അറ്റകുറ്റപ്പണി, തേയ്‌മാനം എന്നിവ കൂടി കണക്കാക്കിയാല്‍ കോര്‍പറേഷന് നഷ്‌ടകച്ചവടം തന്നെ.
ഈ മാസം 10ന് രാവിലെ എട്ടുമണിമുതല്‍ 12ന് രാവിലെ എട്ടുവരെ 228 ട്രിപ്പുകളാണ് കെ.എസ്.ആര്‍.ടി.സി നടത്തിയത്. ഒരു കിലോമീറ്ററിന് ബസുകള്‍ക്ക് ലഭിച്ച വരുമാനം 49.86 രൂപയാണ്. ഒരു ബസിന് ശരാശരി 18000 രൂപയും വരുമാനം ലഭിച്ചു. ഇത്രയധികം വരുമാനം ലഭിച്ചിട്ടും അതിനെയെല്ലാം വെല്ലുന്ന തരത്തിലാണ് അദര്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയത്. പള്ളിക്കുന്നില്‍ മാത്രം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ എടുത്ത അദര്‍ ഡ്യൂട്ടി 114. ബത്തേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോ, ബത്തേരി ബസ് സ്‌റ്റാന്‍ഡ് എന്നിവിടങ്ങളിലാകട്ടെ 12 വീതം മൊത്തം 24 അദര്‍ ഡ്യൂട്ടി. മറ്റു ഡിപ്പോകളില്‍ നിന്ന് എട്ടു ബസുകളാണ് പള്ളിക്കുന്ന് സര്‍വീസിനെത്തിയത്.
ഈ വകയില്‍ കണ്ടക്‌ടര്‍മാര്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കായി മൊത്തം 96 അദര്‍ ഡ്യുട്ടി. പള്ളിക്കുന്ന് സര്‍വീസ് പ്രമാണിച്ച് ചെക്കിംഗിനായി കല്‍പ്പറ്റ, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌ക്വാഡ് എത്തിയിരുന്നു. കല്‍പ്പറ്റ സ്‌ക്വാഡ് യൂണിറ്റ്, കോഴിക്കോട് യൂണിറ്റ്,കണ്ണൂര്‍ സ്‌ക്വാഡ് യൂണിറ്റ്, കോഴിക്കോട് സോണല്‍ ടീം എന്നിവക്ക് ഒരോന്നിനും 12 വീതം അദര്‍ ഡ്യൂട്ടിയാണ് നല്‍കിയത്. അങ്ങനെ പള്ളിക്കുന്നിന്റെ പേരില്‍ മൊത്തം 294 അദര്‍ ഡ്യുട്ടി. ഈ വകയില്‍ മാത്രം കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് നല്‍കേണ്ട ശമ്പളം ഏകദേശം 2,50,000 രൂപയാണ്.
ഇതിനിടെ പോയിന്റ് ഡ്യൂട്ടി എന്ന പേരില്‍ ചില യൂണിയന്‍ നേതാക്കള്‍ പള്ളിക്കുന്നില്‍ വിശ്രമത്തിലേര്‍പ്പെട്ടാണ് ഡ്യൂട്ടി ചെയ്‌തതെന്ന പിന്നാമ്പുറ സംസാരവും ജീവനക്കാര്‍ക്കിടയിലുണ്ട്. സോണല്‍ ഓഫീസര്‍, കല്‍പ്പറ്റ ഡി.ടി.ഒ തുടങ്ങിയ ഉന്നത ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തുണ്ടായിരുന്നെങ്കിലും ഫലപ്രദമായി സര്‍വീസ് നടത്തുവാന്‍ കഴിഞ്ഞില്ലെന്നാണ് മറ്റൊരു ആക്ഷേപം. ചില യുണിയന്‍ നേതാക്കളെ പ്രീതിപ്പെടുത്താനാണ് മേലുദ്യോഗസ്‌ഥരില്‍ ഒരു വിഭാഗം കൂട്ടുനിന്നതെന്നും ജീവനക്കാര്‍ക്കിടയില്‍ സംസാരമുണ്ട്. പള്ളിക്കുന്ന് സര്‍വീസിന്റെ പേരിലുള്ള അദര്‍ ഡ്യൂട്ടിപ്പട ഇല്ലായിരുന്നുവെങ്കിലും മറ്റുഡിപ്പോകളില്‍ നിന്നും വരുന്ന ബസുകള്‍ക്ക് സുഗമമായി സര്‍വ്വീസ് നടത്തുവാന്‍ കഴിയുമായിരുന്നുവെന്ന് മുന്‍വര്‍ഷങ്ങളിലെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കെ.എസ്.ആര്‍.ടി.സി.യുടെ തലക്കടിക്കുന്ന നിലപാടാണ് പള്ളിക്കുന്ന് സര്‍വീസിന്റെ പേരില്‍ ചില ഉദ്യോഗസ്‌ഥര്‍ സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്.
from kerala news edited
via IFTTT