121

Powered By Blogger

Sunday, 22 February 2015

ബി.എം.എസ്‌ ജില്ലാ സമ്മേളനം











Story Dated: Sunday, February 22, 2015 02:15


പാലക്കാട്‌: തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നത്‌ തൊഴിലാളി സംഘടനകളുമായി കൂടിയാലോചിച്ചു വേണമെന്ന്‌ ബി.എം.എസ്‌ സംസ്‌ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍. ഭാരതീയ മസ്‌ദൂര്‍ സംഘ്‌ ജില്ലാ സമ്മേളനം കോട്ടമൈതാനത്ത്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതത്തിന്റെ യശസ്‌ ലോകത്തിനു മുമ്പില്‍ ഉയര്‍ത്തിപ്പിടിക്കുന്ന ശക്‌തമായ സര്‍ക്കാരാണ്‌ കേന്ദ്രം ഭരിക്കുന്നത്‌. എന്നാല്‍, തൊഴില്‍ നിയമങ്ങളുടെ കാര്യത്തില്‍ ആശാവഹമായ മാറ്റമല്ല സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്‌. തൊഴില്‍ നിയമ ഭേദഗതികള്‍ കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവയ്‌ക്കുന്നതാണെന്ന്‌ സംശയമുയര്‍ത്തുന്ന രീതിയിലുള്ളതാണ്‌.

സ്വാതന്ത്ര്യത്തിനുമുമ്പുള്ള തൊഴില്‍ നിയമങ്ങള്‍ മാറ്റേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. പക്ഷേ അത്‌ തൊഴിലാളികള്‍ക്ക്‌ ഗുണം ചെയ്യുന്നതായിരിക്കണം. അതിന്‌ തൊഴിലാളി സംഘടനാ നേതാക്കളെ കൂടി ഉള്‍പ്പെടുത്തി ത്രികക്ഷി ചര്‍ച്ച നടത്തി വേണം നിയമ ഭേദഗതി. 40 പേരില്‍ കുറവുള്ള തൊഴില്‍ശാലകളില്‍ ഇ.എസ്‌.ഐ, പി.എഫ്‌ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നിയമഭേഭഗതിക്കെതിരെ പ്രക്ഷോഭം നടത്താന്‍ ബി.എം.എസിന്‌ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗത സംഘം ചെയര്‍മാന്‍ ഡോ: ബാലകൃഷ്‌ണപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ ടി.എം. നാരായണന്‍, സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ ടി.വി. ശങ്കരനാരായണന്‍, ദേശീയസമിതിയംഗം രവീന്ദ്രന്‍, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എം.കെ. മോഹന്‍ദാസ്‌, എം.പി. ചന്ദ്രശേഖരന്‍, എ.സി. കൃഷ്‌ണന്‍, സേതുമാധവന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി സി. ബാലചന്ദ്രന്‍ സ്വാഗതവും ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എസ്‌. രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു. വിക്‌ടോറിയ കോളജ്‌ ഗ്രൗണ്ടില്‍ നിന്നാംരഭിച്ച പ്രകടനത്തില്‍ പതിനായിരങ്ങള്‍ അണിനിരന്നു.

ഇന്ന്‌ ടൗണ്‍ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്‌ രാവിലെ 9.30 ന്‌ പതാകയുയരും. തുടര്‍ന്ന്‌ 10ന്‌ സമ്മേളനം സംസ്‌ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന്‍ ഉദ്‌ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി. ബാലചന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി. സുന്ദരന്‍ വരവ്‌-ചെലവ്‌ കണക്കും അവതരിപ്പിക്കും. 3.30 ന്‌ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്‌ നടക്കും. തുടര്‍ന്ന്‌ സമാപന സമ്മേളനം സംസ്‌ഥാന സെക്രട്ടറി സി.വി. രാജേഷ്‌ ഉദ്‌ഘാടനം ചെയ്യും.










from kerala news edited

via IFTTT