121

Powered By Blogger

Sunday, 22 February 2015

മെഡിസിറ്റിയില്‍ ബോധവല്‍കരണ സെമിനാറും മെഡിക്കല്‍ ക്യാമ്പും











Story Dated: Monday, February 23, 2015 07:16


കൊല്ലം: മാരകമായ എച്ച്‌-1 എന്‍-1 പകര്‍ച്ചപ്പനി കേരളത്തിലും സ്‌ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ സാധാരണജനങ്ങളുടെ ഭീതി അകറ്റുന്നതിനും പ്രതിരോധം ശക്‌തമാക്കുന്നതിനുമായി ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ്‌ ആന്‍ഡ്‌ ഹോസ്‌പിറ്റലിന്റെ (മെഡിസിറ്റി) ആഭിമുഖ്യത്തില്‍ ബോധവല്‍കരണ സെമിനാറും, സൗജന്യ മെഡിക്കല്‍ ക്യാമ്പും 26നു രാവിലെ പത്തിന്‌ നടക്കും. ആരംഭഘട്ടത്തില്‍ത്തന്നെ രോഗം തിരിച്ചറിഞ്ഞു ചികിത്സ സ്വീകരിച്ചാല്‍ പൂര്‍ണമായും ഭേദമാകുന്ന എച്ച്‌-1 എന്‍-1 പകര്‍ച്ചപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കടുത്ത ശരീരോഷ്‌മാവ്‌, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്‌, അമിതക്ഷീണം, വിശപ്പില്ലായ്‌മ തുടങ്ങി സാധാരണ പനിയുടേതു തന്നെയാണ്‌.


യഥാസമയം വിദഗ്‌ദ്ധ രോഗനിര്‍ണയത്തിലൂടെ പകര്‍ച്ചപ്പനി സ്‌ഥിരീകരിച്ച്‌ ചികിത്സ തേടിയില്ലെങ്കില്‍ മാരകമാകുന്ന ഈ രോഗം അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളിലും ഗര്‍ഭിണികളിലും പ്രായാധിക്യമുള്ളവരിലുമാണു കൂടുതല്‍ അപകടകരമാവുക. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ ചെറിയ പനിലക്ഷണം കണ്ടാല്‍പ്പോലും വിദഗ്‌ദ്ധ പരിശോധന നടത്തണമെന്ന്‌ ആരോഗ്യവിദഗ്‌ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. പകര്‍ച്ചപ്പനിയുടെ ഫലപ്രദമായ പ്രതിരോധത്തിനും, പ്രതിരോധ മാര്‍ഗങ്ങളുടെ പ്രചാരണത്തിനും വിദഗ്‌ദ്ധ ചികിത്സയ്‌ക്കുമായി മെഡിസിറ്റിയിലെ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ എച്ച്‌-1 എന്‍-1 പ്രത്യേക ആരോഗ്യ ദൗത്യസംഘത്തിന്‌ രൂപം നല്‍കി.


ജനറല്‍ മെഡിസിന്‍, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, കമ്യൂണിറ്റി മെഡിസിന്‍ വിഭാഗങ്ങളിലെ വിദഗ്‌ദ്ധ ഡോക്‌ടര്‍മാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ്‌ ഈ പ്രത്യേക സംഘം. 26-ന്‌ മെഡിസിറ്റിയില്‍ നടക്കുന്ന ബോധവല്‍കരണ സെമിനാറില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ വിശദമാക്കുന്നതും, മെഡിക്കല്‍ ക്യാമ്പില്‍ വിദഗ്‌ദ്ധപരിശോധനകള്‍ക്ക്‌ നേതൃത്വം നല്‍കുന്നതും ഈ ദൗത്യസംഘത്തില്‍ ഉള്‍പ്പെട്ട ഡോക്‌ടര്‍മാരാണ്‌.


പകര്‍ച്ചപ്പനി പ്രതിരോധ ദൗത്യത്തിന്റെ ഭാഗമായി മെഡിസിറ്റിയില്‍ രോഗപരിശോധനക്ക്‌ ഫീവര്‍ സ്‌ക്രീനിംഗ്‌ ക്ലിനിക്കും രോഗബാധ സ്‌ഥിരീകരിച്ചവര്‍ക്കായി പ്രത്യേക ഐസൊലേറ്റഡ്‌ വാര്‍ഡും ആരംഭിച്ചിട്ടുണ്ട്‌. എച്ച്‌-1 എന്‍-1 ചികിത്സയ്‌ക്കായുള്ള ടമിഫ്‌ളൂ മരുന്ന്‌ ആവശ്യമായ അളവില്‍ സംഭരിച്ചതായും മെഡിസിറ്റി മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ. ഷാഹുല്‍ ഹമീദ്‌ അറിയിച്ചു. പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ പേര്‌ രജിസ്‌റ്റര്‍ ചെയ്യണം. ഫോണ്‍: 94977 17894, 94960 04902.










from kerala news edited

via IFTTT