Story Dated: Monday, February 23, 2015 12:52
തുറവൂര്‍: അരൂരില്‍ നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പുയുദ്ധം മുറുകുന്നു. ഇന്നലെ കുത്തിയതോട്ടിലെ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ ചേര്‍ന്ന ബ്ലോക്ക് കമ്മിറ്റിയോഗത്തില്‍ നിന്ന് എ വിഭാഗം വിട്ടുനിന്നു. ഐ വിഭാഗം നേതാക്കള്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതായും സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മണ്ഡലം ഭാരവാഹികളെപ്പോലും പ്രഖ്യാപിച്ചിട്ടില്ലാത്ത സമയത്ത് ഐ ഗ്രൂപ്പുകാരനായ ഒരാളെ ബ്ലോക്ക് ഭാരവാഹിയായി നാമനിര്‍ദ്ദേശം ചെയ്‌തതിലും പ്രതിഷേധിച്ചാണ് എ വിഭാഗം ബ്ലോക്ക് കമ്മിറ്റിയോഗത്തില്‍ നിന്ന് വിട്ടുനിന്നത്.
കോണ്‍ഗ്രസ് ഭരണഘടന പ്രകാരം സാധുതയില്ലാത്ത പള്ളിത്തോട് മേഖല കമ്മിറ്റിയെന്ന സംവിധാനത്തിനെതിരെ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമെടുക്കാതെ ഗ്രൂപ്പ് പ്രവര്‍ത്തനം സജീവമാക്കുന്ന നിലപാട് സ്വീകരിക്കുന്ന നേതൃത്വത്തിന്റെ നടപടിയിലും പ്രതിഷേധിച്ചാണ് കമ്മിറ്റിയില്‍ നിന്ന് ഒരുവിഭാഗം വിട്ടുനിന്നത്. സംഘടനാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തുന്ന ഗ്രൂപ്പ് പ്രവര്‍ത്തനത്തിലുള്ള പ്രതിഷേധം കെ.പി.സി.സിയെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് എ വിഭാഗം നേതാക്കള്‍ പറഞ്ഞു.
അരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിക്ക് കീഴിലെ വിവിധ മണ്ഡലങ്ങളില്‍ പഞ്ചായത്ത് തലത്തിലും വാര്‍ഡുതലത്തിലും ഗ്രൂപ്പുയോഗങ്ങള്‍ സജീവമാണ്. കെ.പി.സി.സിയുടെ നിര്‍ദേശങ്ങള്‍ അവഗണിച്ചുള്ള ഗ്രൂപ്പുപ്രവര്‍ത്തനം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് സൂചന.
from kerala news edited
via IFTTT