Story Dated: Sunday, February 22, 2015 06:26
പാറ്റ്‌ന: രാഷ്‌ട്രീയ അനിശ്‌ചിതത്വങ്ങള്‍ക്കൊടുവില്‍ ബീഹാര്‍ മുഖ്യമന്ത്രിയായി ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ സത്യപ്രതിഞ്‌ജ ചെയ്‌തു. പാറ്റ്‌ന രാജ്‌ഭവനില്‍ നടന്ന സത്യപ്രതിഞ്‌ജാ ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി അടക്കമുള്ളവര്‍ പങ്കെടുത്തു. പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയി എന്നിവരും പങ്കെടുത്തു. നിതീഷ് കുമാറിനൊപ്പം 20 അംഗ മന്ത്രിസഭയും സത്യപ്രതിഞ്‌ജ ചെയ്‌ത് അധികാരമേറ്റു. 22 അംഗ മന്ത്രിസഭയില്‍ 20 പേരും മാഞ്ചി മന്ത്രിസഭയില്‍ നിന്ന് രാജി വച്ചവരാണ്.
ആര്‍.ജെ.ഡിയുടെ ഘടകകക്ഷി എം.എല്‍.എമാര്‍ക്കും മന്ത്രിസഭയില്‍ ഇടം ലഭിക്കുമെന്നാണ് സൂചന. നിതീഷ് കുമാര്‍ മാര്‍ച്ച് 16ന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കും. തനിക്ക് 120 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് നിതീഷ് കുമാര്‍ അവകാശപ്പെട്ടു. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് ലാദവ്, ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് എന്നിവര്‍ വിട്ടുനിന്നു. സ്വകാര്യ ചടങ്ങുകളുടെ തിരക്കിലായതിനാലാണ് ഇരുവരും സത്യപ്രതിഞ്‌ജാ ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്. ബീഹാറില്‍ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ജെ.ഡി.യു, ആര്‍.ജെ.ഡി, കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ സംയുക്‌തമായി തെരഞ്ഞെടുപ്പ് നേരിടാനാണ് നീക്കം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയോട് കനത്ത പരാജയം ഏറ്റു വാങ്ങിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്‌ഥാനം രാജിവച്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്‌ഥാനത്തിന് അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നതോടെയാണ് ബീഹാറില്‍ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായത്. നിതീഷ് കുമാറിന്റെ വഴിയൊരുക്കുന്നതിന് ജിതന്‍ റാം മാഞ്ചി മുഖ്യമന്ത്രി സ്‌ഥാനം രാജിവയ്‌ക്കണമെന്ന നിര്‍ദ്ദേശം അദ്ദേഹം തള്ളുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്‌ച വിശ്വാസ വോട്ട് തേടാനിരിക്കെ മാഞ്ചി നാടകീയമായി ഗവര്‍ണ്ണര്‍ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. സഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കില്ലെന്ന് വ്യക്‌തമായ സാഹചര്യത്തിലാണ് മാഞ്ചി രാജിവച്ചത്.
from kerala news edited
via IFTTT