Story Dated: Sunday, February 22, 2015 07:23
ന്യൂഡല്‍ഹി: ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ തത്സമയ സംപ്രേക്ഷണം നിരോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്‌കാസ്‌റ്റിംഗ് മന്ത്രാലയത്തിന് ഇത് സംബന്ധിച്ച കാര്യങ്ങള്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ തത്സമയ സംപ്രേക്ഷണം ബന്ദികളുടെയും സാധാരണ ജനങ്ങളുടെയും ഉദ്യോഗസ്‌ഥരുടെയും സുരക്ഷയെ ബാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി.
റോഡ്, പാലം, സ്‌കൂള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയുടെ നിര്‍മ്മാണവും മാവോയിസ്‌റ്റ് മേഖലയിലെ ടെലികമ്മ്യൂണിക്കേഷന്‍ വികസനവും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുമെന്ന് മന്ത്രാലയം വ്യക്‌തമാക്കി. ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ തത്സമയ സംപ്രേക്ഷണം നിരോധിക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരണമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്‌കാസ്‌റ്റിംഗ് മന്ത്രാലയത്തോട് ആഭ്യന്തര മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
2011ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന്റെ തത്സമയ സംപ്രേക്ഷണം ഭീകരര്‍ക്ക് അനുകൂലമായതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് അധികൃതര്‍ ഇടപെട്ട് തത്സമയ സംപ്രേക്ഷണം നിര്‍ത്തി വയ്‌ക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യം ഉയര്‍ന്നത്. തുടര്‍ന്ന് സമാന സാഹചര്യങ്ങളില്‍ തത്സമയ റിപ്പോര്‍ട്ടിങ്ങിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിരോധം ഏര്‍പ്പെടുത്തിയിരുന്നില്ല.
from kerala news edited
via IFTTT