Story Dated: Monday, February 23, 2015 12:52
ചെട്ടികുളങ്ങര: ശിവരാത്രി നാളില്‍ കരകളിലും കുത്തിയോട്ട വഴിപാടു ഭവനങ്ങളിലും ആരംഭിച്ച ചെട്ടികുളങ്ങര അമ്മയ്‌ക്കുള്ള തിരുമുല്‍ക്കാഴ്‌ചയുമായി ഭക്‌തജന ലക്ഷങ്ങള്‍ നാളെ തിരുമുന്‍പില്‍ സമര്‍പ്പിക്കും. കുത്തിയോട്ട ഭവനങ്ങളില്‍ ഇന്നലെ പൊലിവ് ചടങ്ങില്‍ ഭഗവതിക്കു മുന്‍പില്‍ പതിനായിരങ്ങളാണ് കാണിക്ക അര്‍ പ്പിച്ചത്. ദീപാരാധനയ്‌ക്കും ദേവീസ്‌തുതിക്കും ശേഷം കുത്തിയോട്ടകളത്തിന്റെ പ്രത്യേക സ്‌ഥാനത്ത് ഒരുക്കിവച്ച ചുവന്ന പട്ടുവിരിച്ച ഓട്ടുരുളിയിലാണ് പൊലിവ് സമര്‍പ്പിച്ചത്.
കുത്തിയോട്ട ആശാന്മാര്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന പൊലിവ് പാട്ട് ആരംഭിച്ചപ്പോള്‍ വഴിപാടുകാരനും കുടുംബവും ആദ്യമായി പൊലിവ് സമര്‍പ്പിച്ചു. വസ്‌ത്രവും കാണിക്കയും സഹിത മായിരുന്നു സമര്‍പ്പണം. പിന്നീട് കരനാഥന്മാര്‍, ബന്ധുമിത്രാധികള്‍, കരക്കാര്‍, ഭക്‌തജനങ്ങള്‍ എന്നീ ക്രമമനുസരിച്ച് പൊലിവ് തട്ടത്തില്‍ സമര്‍പ്പണം നടത്തി. ഭക്‌തിയോടും കൃത്യനിഷ്‌ഠയോടും അനുഷ്‌ഠാനത്തോടും നടത്തുന്ന കുത്തിയോട്ട പൊലിവില്‍ പങ്കുചേര്‍ന്നാല്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കുമെന്നാണ് വിശ്വാസം.
അശ്വതി നാളായ ഇന്നാണ് വഴിപാട് കുട്ടികളുടെ കോതുവെട്ട് എന്ന ചടങ്ങ് നടക്കുന്നത്. നാളെ പുലര്‍ച്ചെ കുട്ടികളെ കുളിപ്പിച്ച് ബന്ധുജനങ്ങള്‍ക്കും ഗുരുനാഥന്മാര്‍ക്കും ദക്ഷിണ നല്‍കി മുഖത്ത് ചുട്ടി കുത്തി കൈകളില്‍ കാപ്പും കഴുത്തില്‍ മണിമാലകളും അണിയിച്ച് വാഴയില വാട്ടിയുടിപ്പിച്ച് കിന്നരിത്തൊപ്പികള്‍ അണിയിച്ച് കൈയില്‍ അടയ്‌ക്ക കുത്തിയ കത്തിയുമായി കുത്തിയോട്ടപ്പാട്ടിന്റെയും താലപ്പൊലികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അമ്മയുടെ തിരുമുന്‍പിലേക്ക് സ്വീകരിക്കും.
തിരുമുന്‍പിലെത്തി ചൂരല്‍ മുറിഞ്ഞതിനുശേഷം കുട്ടികളെ സ്‌നാനം ചെയ്യിപ്പിച്ച് വീട്ടുകാര്‍ക്കു കൈമാറും. വൈകിട്ട് നാലുമണിയോടെയാണ് അംബരചുംബികളായ കെട്ടുകാഴ്‌ചകള്‍ ക്ഷേത്രത്തിലേക്ക് എത്തുന്നത്. ക്ഷേത്രത്തിലെത്തുന്ന കെട്ടുകാഴ്‌ചകള്‍ കരകളുടെ ക്രമം അനുസരിച്ചാണ് കാഴ്‌ചക്കണ്ടത്തില്‍ ഇറങ്ങുന്നത്.
പുലര്‍ച്ചെ കെട്ടുകാഴ്‌ചകള്‍ക്കു സമീപം ദേവിയുടെ എഴുന്നള്ളത്തോടെ കുംഭഭരണി മഹോത്സവത്തിന് സമാപനം കുറിക്കും. കെട്ടുകാഴ്‌ചയോടനുബന്ധിച്ച് കരകളില്‍ നടക്കുന്ന കഞ്ഞി സദ്യയ്‌ക്കും ഇന്ന് സമാപനം കുറിക്കും. ഇന്നലെ കഞ്ഞികുടിക്കാന്‍ അഭൂതപൂര്‍വമായ തിരക്കാണ് കരകളില്‍ അനുഭവപ്പെട്ടത്.
from kerala news edited
via IFTTT