121

Powered By Blogger

Thursday, 19 February 2015

പാലായിലെ ഗതാഗതക്കുരുക്കിന്‌ പരിഹാരം; പാരലല്‍ റോഡ്‌ നിര്‍മാണം പൂര്‍ത്തിയാകുന്നു











Story Dated: Friday, February 20, 2015 02:18


പാലാ: നഗരത്തിലെ ഗതാഗതക്കുരുക്കിന്‌ പരിഹാരമായി പാലാ പാരലല്‍ റോഡ്‌ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. ബൈപാസിന്റെ രണ്ടാംഘട്ടം 90%വും പൂര്‍ത്തിയായി. പാലാ മിനി സിവില്‍സ്‌റ്റേഷന്‍ മുതല്‍ കൊട്ടാരമറ്റം വൈക്കം റോഡ്‌ ജംഗ്‌ഷന്‍ വരെയുള്ള രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്‌. പന്ത്രണ്ട്‌ മീറ്റര്‍ വീതിയില്‍ നടക്കുന്ന ടാറിംഗിന്റെ പകുതിഭാഗം തീര്‍ന്നുകഴിഞ്ഞു. ഒരു വശം പൂര്‍ണ്ണമായും ആറേകാല്‍ മീറ്റര്‍ വീതിയില്‍ ടാറിംഗ്‌ പൂര്‍ത്തിയാക്കി. ബാക്കിഭാഗം ടാറിംഗിനായി നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു. വൈദ്യുതിലൈനുകളും പൈപ്പുലൈനുകളും മാറ്റുവാനുള്ള കാലതാമസമാണ്‌ റോഡ്‌ പൂര്‍ത്തിയാക്കുന്നതിന്‌ തടസം.


കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി പാരലല്‍ റോഡ്‌ അടച്ചതോടെ നഗരത്തിലെ പ്രധാന റോഡില്‍ വലിയ ഗതാഗതക്കുരുക്കാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. കൊട്ടാരമറ്റം ബസ്‌സ്‌റ്റാന്‍ഡ്‌ മുതല്‍ പാലാ ജനറല്‍ ആശുപത്രി വരെയുള്ള പാലാ - ഏറ്റുമാനൂര്‍ റോഡില്‍ ഗതാഗതസ്‌തംഭനം പതിവാണ്‌. പാരലല്‍ റോഡ്‌ തുറക്കുന്നതോടെ ഗതാഗത പ്രശ്‌നത്തിന്‌ ശാശ്വത പരിഹാരമാവും. നഗരത്തിലെ പ്രധാന ആരാധനാലയങ്ങളും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും ഈ റോഡിനോട്‌ ചേര്‍ന്നാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇവിടങ്ങളിലേക്കുള്ള വാഹനങ്ങള്‍ പ്രധാന റോഡില്‍നിന്ന്‌ മാറുന്നതോടെ നഗരത്തിലെ ഗതാഗതപ്രശ്‌നങ്ങള്‍ക്ക്‌ ഒരുപരിധിവരെ പരിഹാരമാകും.


നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഡിവൈഡര്‍ സ്‌ഥാപിച്ച്‌ നാലുവരി പാതയ്‌ക്ക്‌ സമാനമായ രീതിയിലാകും. ആധുനിക രീതിയിലുള്ള ഓട നിര്‍മ്മാണമാണ്‌ നടത്തുന്നത്‌. ഇരുവശത്തും വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ്‌ലൈനുകളും ടെലിഫോണ്‍ കേബിളുകളും ഓടയുടെ മുകളിലൂടെ കടന്നുപോകുന്നവിധമാണ്‌ നിര്‍മ്മാണം. നടപ്പാതയും ക്രമീകരിക്കുന്നുണ്ട്‌.പാലാ ബൈപാസിന്റെ രണ്ടാംഘട്ടമായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന പാരലല്‍ റോഡില്‍ സ്‌ഥലം ഏറ്റെടുപ്പിനെ സംബന്ധിച്ച്‌ തര്‍ക്കങ്ങളും കേസുകളുംമൂലമാണ്‌ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വൈകിയത്‌. 19 തര്‍ക്കങ്ങളാണ്‌ ഉയര്‍ന്നുവന്നത്‌. മിനി സിവില്‍സ്‌റ്റേഷനെതിര്‍വശം മുതല്‍ സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വരെയുള്ള 100 മീറ്ററും പാലാ-വൈക്കം റോഡ്‌ ജംഗ്‌ഷനില്‍ 100 മീറ്ററുംകൂടി തുറന്നുകിട്ടിയാല്‍ മാത്രമേ ബൈപാസിന്റെ പൂര്‍ണ പ്രയോജനം ലഭിക്കൂ.


പ്രവേശനകവാടങ്ങളിലെ തര്‍ക്കം നീളുന്നത്‌ നഗരവികസന സ്വപ്‌നത്തിനും തടസമാവുകയാണ്‌. മാര്‍ക്കറ്റ്‌വില നല്‍കി ഏറ്റെടുത്ത ഭൂമിയില്‍പോലും നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്നത്‌ തര്‍ക്കം ഉന്നയിച്ച്‌ ഒരു വിഭാഗം തടസപ്പെടുത്തുകയാണ്‌. നിര്‍മ്മാണ പ്രവര്‍ത്തനത്തിന്‌ എത്തിയ ജോലിക്കാരെ മര്‍ദ്ദിച്ച സംഭവുമുണ്ടായി. ഇതോടെയാണ്‌ കഴിഞ്ഞ ജൂണിന്‌ മുമ്പ്‌ തീരേണ്ടിയിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോയത്‌. നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന ഒരു വിഭാഗത്തിന്റെ നടപടികള്‍ നാടിന്റെ വികസനത്തിന്‌ വിലങ്ങുതടിയാവുകയാണ്‌. തര്‍ക്കം തുടരുമ്പോഴും റോഡിന്‌ ലഭ്യമായ സ്‌ഥലം പ്രയോജനപ്പെടുത്തി വാഹന ഗതാഗതത്തിന്‌ തുറന്നുകൊടുക്കുവാന്‍ പൊതുമരാമത്തുവകുപ്പ്‌ തിരക്കിട്ട നടപടിയിലാണ്‌.










from kerala news edited

via IFTTT