Story Dated: Thursday, February 19, 2015 03:32
തിരുവനന്തപുരം: വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരായ മുന്‍കാല കേസുകള്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കിയതില്‍ വിശദീകരണവുമായി പ്രോസിക്യുഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.ആസിഫലി. കേസുകള്‍ ഒത്തുതീര്‍പ്പാക്കിയതില്‍ പ്രോസിക്യുഷന് വീഴ്ച വന്നിട്ടില്ല. വാദിയും പ്രതിയും ഒത്തുതീര്‍പ്പിലെത്തിയാല്‍ കേസ് റദ്ദാക്കാമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. ഇതുപ്രകാരമാണ് കേസുകള്‍ ഒത്തുതീര്‍പ്പില്‍ എത്തിയത്.
പരാതിയില്ലെന്ന് കാണിച്ച് വാദി തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഒരു കേസ് മാത്രമാണ് ഇത്തരത്തില്‍ അവസാനിച്ചത്. വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നമായ കേസുകളാണ് ഇത്തരത്തില്‍ ഒത്തുതീര്‍പ്പിന് പരിഗണിച്ചത്. ഗുണ്ടാ ആക്ട് പ്രകാരം നിഷാമിനെതിരെ കേസെടുക്കുന്നതിന് ഈ കേസുകള്‍ തടസ്സമല്ല. സംസ്ഥാനത്തെ പ്രോസിക്യൂട്ടര്‍മാരെല്ലാം ക്രിമിനല്‍ കേസുകളില്‍ ജാഗ്രതയോടെയാണ് കാണുന്നതെന്നും പ്രോസിക്യുഷന്‍ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.
നിഷാമിനെതിരായ ഗുരുതരമായ പല കേസുകളും ഒത്തുതീര്‍പ്പില്‍ എത്തിയത് കാപ്പാ നിയമപ്രകാരം കേസ് എടുക്കുന്നതിന് തടസ്സമാകുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
അതേസമയം, സെക്യുരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ അതിക്രൂരമായി ആക്രമിച്ചതിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലായ നിസാമിനെ തൃശൂര്‍ മുന്‍ പോലീസ് കമ്മിഷണര്‍ രഹസ്യമായി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയതായി ഒരു വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം പത്തിന് വൈകിട്ട് മൂന്നാണ് അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടന്നത്. ഒന്നര മണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തി. അന്വേഷണ ഉദ്യോഗസ്ഥരെ മുഴുവന്‍ മാറ്റിനിര്‍ത്തിയ ശേഷമായിരുന്നു കൂടിക്കാഴ്ച.
നിസാം ചില നിര്‍ദേശങ്ങള്‍ കമ്മിഷണര്‍ക്കു മുമ്പാകെ വച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. തന്റെ ഭാര്യ അമലിനെതിരെ കേസെടുക്കരുത്, തന്റെ കൈവശമുള്ള തോക്ക് പിടിച്ചെടുക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചതെന്ന് സൂചനയുണ്ട്.
എന്നാല്‍ കേസിന്റെ അന്വേഷണം നേരായ ദിശയിലാണെന്നും ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചൂ. പോലീസല്ല, പട്ടാളം വന്നാലും അന്വേഷണത്തില്‍ ഇടപെടാന്‍ പറ്റില്ല. പഴുതടച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. നിസാമുമായി പോലീസ് രഹസ്യ കൂടിക്കാഴ്ച നടത്തിയോ എന്നതും അന്വേഷണത്തില്‍ ഉള്‍പ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.
from kerala news edited
via IFTTT