Story Dated: Thursday, February 19, 2015 02:16
കോഴിക്കോട്: ജല സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്കു എത്തിക്കുന്നതിനായി സമുദ്ര സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കണ്ടംപററി പെര്‍ഫോമിംഗ് ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെ കലായാത്ര നടത്തുമെന്ന് സ്‌ഥാപകരായ മധു ഗോപിനാഥ്, വക്കം സജീവ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജലത്തിന്റെ സാധ്യത, അഭാവം, ജീവജാലങ്ങളുടെ നിലനില്‍പ്പ് തുടങ്ങിയവ സംബന്ധിച്ച് ഡാന്‍സ് തീയേറ്റര്‍ ശൈലിയിലൂടെ ജനങ്ങളില്‍ ബോധവല്‍കരണം നടത്തും.
ഗ്രാമീണരെയും സ്‌കൂള്‍ വിദ്യാര്‍ഥികളെയും സംഘടിപ്പിച്ചുകൊണ്ടുള്ള ശില്‍പശാലകളും ഒത്തുചേരലുകളും കലായാത്രയുടെ ഭാഗമായി നടത്തും. ഗിവ് റെസ്‌പെക്‌ട് ആന്‍ഡ് സേവ് വാട്ടര്‍ എന്ന ആശയം മുന്‍നിര്‍ത്തിയാണ് സമുദ്രനടനം എന്ന പേരിലുള്ള നൃത്തം മധു ഗോപിനാഥ്, വക്കം സജീവ് എന്നിവര്‍ ചിട്ടപ്പെടുത്തിയത്. കലാമണ്ഡലം ആനന്ദ്, എസ്.ദാസന്‍, കാവാലം സജീവ്, ഇഷാന്‍ ദേവ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതമൊരുക്കിയിരിക്കുന്നത്. സമുദ്ര സെന്ററും അരുണ്‍ തിവാരിയും ചേര്‍ന്ന് രംഗ-വേഷവിധാനം നിര്‍വഹിച്ച നൃത്തശില്‍പത്തില്‍ ഗോപിനാഥിനെയും സജീവിനെയും കൂടാതെ എം.എസ.് ദീപ, ദീപു ഭാസി, എസ.് സഞ്‌ജു, വി.ധനുഷ്, ഡി.സൗപര്‍ണിക, അനീഷ് സോമന്‍ എന്നിവരാണ് നര്‍ത്തകരായെത്തുന്നത്.
കേരള സംഗീത-നാടക അക്കാദമി കലാശ്രീ പുരസ്‌കാരം നല്‍കി അംഗീകരിച്ച സമുദ്രപഠനത്തെ സ്‌കൂള്‍-കോളജ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും സമുദ്രനടനത്തിന്റെ പ്രചാരണത്തിനായി രാജ്യത്തിനകത്തും വിദേശങ്ങളിലുമായി കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഇരുവരും അറിയിച്ചു. പത്ര സമ്മേളനത്തില്‍ സമുദ്ര ഉപദേശകസമിതി അംഗം റനീഷ് പേരാമ്പ്ര സംബന്ധിച്ചു.
from kerala news edited
via IFTTT