ഫയര്‍ ഡ്രില്‍ സംഘടിപ്പിച്ചു
Posted on: 20 Feb 2015
അബുദാബി: സിവില്‍ ഡിഫന്‍സിന്റെ സഹകരണത്തോടെ മുസഫയിലെ മോഡല്‍ സ്‌കൂളില്‍ ഫയര്‍ ഡ്രില്‍ സംഘടിപ്പിച്ചു. പെട്ടെന്നുണ്ടാവുന്ന അഗ്നിബാധയില്‍നിന്ന് എങ്ങനെ രക്ഷപ്പെടാം, അപകടങ്ങളില്‍പ്പെടുന്നവരെ ഏതെല്ലാം വിധത്തില്‍ രക്ഷപ്പെടുത്താം എന്നതിനെക്കുറിച്ച് കുട്ടികള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കുന്നതായിരുന്നു ഫയര്‍ ഡ്രില്‍.
രാവിലെ 10 മണിയോടെ സ്‌കൂളില്‍ ഫയര്‍ അലാറം മുഴങ്ങിയപ്പോള്‍ മുതലാണ് ഉദ്വേഗജനകമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഉടന്‍തന്നെ കുട്ടികളും ടീച്ചര്‍മാരുമുള്‍പ്പെടെ എല്ലാവരും അസംബ്ലി മേഖലയില്‍ ഒത്തുചേര്‍ന്നു. എത്തിച്ചേര്‍ന്ന മുഴുവന്‍ ആളുകളുടെയും എണ്ണമെടുത്തപ്പോള്‍ രണ്ട് പേരുടെ കുറവ്. ഒരു കുട്ടിയും പ്യൂണും. ഉടന്‍തന്നെ എമര്‍ജന്‍സി റെസ്‌ക്യു ഓഫീസറെ വിവരമറിയിച്ചു. നിമിഷങ്ങള്‍ക്കകം പോലീസ്, ആംബുലന്‍സ്, ഫയര്‍ ഫോഴ്‌സ് സംവിധാനങ്ങളെല്ലാം അണിനിരന്നു. തുടര്‍ന്ന് ഒന്നാം നിലയില്‍ കണ്ട തീയണയ്ക്കാനും കാണാതായവരെ കണ്ടെത്താനും സേനയുടെ തീവ്ര ശ്രമങ്ങള്‍. 15 മിനിറ്റിനകം തീയണച്ച സംഘം കാണാതായവരെ കണ്ടെത്തുകയും പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുകയും ചെയ്തു. എല്ലാവര്‍ക്കും ആശ്വാസവുമായി. തുടര്‍ന്നാണ് ഫയര്‍ റിഹേഴ്‌സലിന്റെ ഭാഗമായി നടന്നതായിരുന്നു ഇതെല്ലം എന്ന് കുട്ടികള്‍ തിരിച്ചറിഞ്ഞത്.
ഇത്തരത്തില്‍ പ്രായോഗിക പരിശീലനം ലഭ്യമാക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് സ്‌കൂളിലെത്തിയ മാതാപിതാക്കള്‍ അഭിപ്രായപ്പെട്ടു.
from kerala news edited
via IFTTT