Story Dated: Thursday, February 19, 2015 04:58
ആലപ്പുഴ : പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി സംസ്‌ഥാന കമ്മറ്റി പ്രമേയം. വി.എസിന്റെ അച്ചടക്ക ലംഘനങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ടുള്ള പ്രമേയം സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനാണ് മാധ്യമങ്ങള്‍ക്ക് മുന്‍പാകെ അവതരിപ്പിച്ചത്. വി.എസിനെ സംസ്‌ഥാന കമ്മറ്റിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം വി.എസ് കൂടി പങ്കെടുത്ത സെക്രട്ടേറിയേറ്റാണ് അംഗീകരിച്ചത് എന്നതാണ് ശ്രദ്ധേയം. കടുത്ത അച്ചടക്ക നടപടി വി.എസിന് നേരിടേണ്ടി വരുമെന്ന സൂചന നല്‍കുന്ന പ്രമേയമാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
പാര്‍ട്ടിക്കും നേതാക്കന്മാര്‍ക്കും എതിരെ പരസ്യ പ്രസ്‌താവനകള്‍ തുടരുന്ന നിലപാടാണ് വി.എസ് സ്വീകരിച്ചു പോരുന്നതെന്നും തീര്‍ത്തും വസ്‌തുതാ വിരുദ്ധമായ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പാര്‍ട്ടി വിരുദ്ധ മാനസികാവസ്‌ഥയിലേയ്‌ക്ക് വി.എസ് തരം താഴ്‌ന്നുവെന്നും പാര്‍ട്ടി പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. പാര്‍ട്ടിക്ക് വി.എസ് കത്ത് നല്‍കിയിരുന്നതായി സ്‌ഥിരീകരിച്ച പിണറായി, വി.എസിന്റെ കത്ത് അനവസരത്തിലാണെന്നും അദ്ദേഹം സംസ്‌ഥാന നേതൃത്വത്തിന് നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്ക് ലഭിച്ചത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്ന് സെക്രട്ടേറിയേറ്റില്‍ ആവശ്യം ഉയര്‍ന്നതായും വ്യക്‌തമാക്കി. വി.എസിനെ പാര്‍ട്ടി പോളിറ്റ് ബ്യൂറോയില്‍ നിന്നും ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടാക്കിയത് അദ്ദേഹത്തിന്റെ പാര്‍ട്ടി വിരുദ്ധ നിലപാടുകളായിരുന്നു. ഇതിനു ശേഷവും വി.എസിന്റെ നിലപാടില്‍ മാറ്റിമില്ലെന്നും പിണറായി കുറ്റപ്പെടുത്തി.
ടി.പി ചന്ദ്രശേഖരന്‍ വധം സംബന്ധിച്ചും പാര്‍ട്ടിയില്‍ നിന്നും വ്യത്യസ്‌തമായ നിലപാടാണ് വി.എസ് സ്വീകരിച്ചതെന്നും പ്രമേയത്തില്‍ പറയുന്നു. ടി.പി വധത്തില്‍ പിണറായി വിജയനടക്കമുള്ള നേതാക്കളുടെ പങ്കിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന കെ.കെ രമയുടെ ആവശ്യത്തെ വിഎസ് പിന്തുണച്ചപ്പോള്‍ അത് പാര്‍ട്ടി വിരുദ്ധനിലപാടാണെന്ന് വ്യക്‌തമാക്കി പരസ്യശാസനയുടെ രൂപത്തില്‍ അന്ന് വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. ലാവ്‌ലിന്‍ കേസിന്റെ കാര്യത്തിലും പാര്‍ട്ടി നിഗമനങ്ങളില്‍ എത്തിയതാണ്. സോളാര്‍ സമരം പിന്‍വലിച്ചതിലും വി.എസിന് വ്യക്‌തമായ പങ്കുണ്ട്. സമരത്തിന് മുന്‍പേ ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നുവെന്ന കാര്യം പുതിയ വെളിപാടാണ്. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള സാങ്കല്‍പിക കഥയുടെ തീരുമാനമാണ് വിഎസ് നടത്തിയതെന്നും പ്രമേയത്തില്‍ പറയുന്നു.
വി.എസിന്റെ ആരോപണങ്ങള്‍ പലതും വിഭാഗീയത ലക്ഷ്യം വച്ചുകൊണ്ടുള്ള സാങ്കല്‍പിക കഥകളാണെന്നും പിണറായി കടുത്ത ഭാഷയില്‍ കുറ്റപ്പെടുത്തി. സംസ്‌ഥാന സമ്മേളനം തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് വി.എസിനെ തള്ളിക്കൊണ്ട് പിണറായി രംഗത്തെത്തിയത്. സിപിഎം സംസ്‌ഥാന സെക്രട്ടറിയെന്ന നിലയില്‍ തനിക്ക് ഇതുവരെ മാധ്യമങ്ങള്‍ നല്‍കിയ എല്ലാ പിന്തുണയ്‌ക്കുമുള്ള നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം വാര്‍ത്താ സമ്മേനം അവസാനിപ്പിച്ചത്.
from kerala news edited
via IFTTT







