Story Dated: Friday, February 6, 2015 09:53
മുംബൈ: ഫ്രഞ്ച് മാസിക ഷാര്‍ളി എബ്‌ദോയിലെ വിവാദ കാര്‍ട്ടൂണ്‍ പുന:പ്രസിദ്ധീകരിച്ച ഉറുദു പത്രാധിപ ഷിറിന്‍ ദല്‍വിയുടെ ഒളിവു ജീവിതം നീളുന്നു. മുംബൈയിലെ വീട്ടില്‍ പോകാന്‍ കഴിയാത്ത അവസ്‌ഥയിലാണ് ഇവര്‍. ദല്‍വി പരിചയക്കാരുടെ വീട്ടില്‍ മാറിമാറിക്കഴിയുമ്പോള്‍ മകനും മകളും ബന്ധുക്കളുടെ വീടുകളിലാണ് കഴിയുന്നത്.
വിവിധയിടങ്ങളില്‍ നിന്നുയര്‍ന്ന ഭീഷണിയുടെ അടിസ്‌ഥാനത്തില്‍ ജനുവരി 19 ന് പത്രം അടച്ചു പൂട്ടിയിരുന്നു. ഇതോടെ ദല്‍വിയും 25 ജീവനക്കാരും തൊഴില്‍രഹിതരായി. അതേസമയം, മാനേജുമെന്റും ദല്‍വിയും നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് കാര്‍ട്ടൂണ്‍ പുന:പ്രസിദ്ധീകരിച്ചതെന്ന പത്രത്തിലെ മുന്‍ ഉദ്യോഗസ്‌ഥരുടെ ആരോപണം ദല്‍വി നിഷേധിച്ചു.
കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുന്നതിനെ കുറിച്ച് മാനേജുമെന്റുമായി ചര്‍ച്ച നടത്തിയിരുന്നില്ല. അഭിപ്രായസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നുവെന്ന പോപ്പിന്റെ പ്രസ്‌താവനയ്‌ക്കൊപ്പമാണ് ജനുവരി 17 ന് വിവാദ കാര്‍ട്ടുണ്‍ പുന:പ്രസിദ്ധീകരിച്ചത്. തൊട്ടടുത്ത ദിവസം തന്നെ തെറ്റ് മനസ്സിലാക്കി കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് വിശദമായ ഒരു എഡിറ്റോറിയലും പ്രസിദ്ധീകരിച്ചിരുന്നുവെന്നും ദല്‍വി പറയുന്നു.. വാട്‌സ്ആപ്പിലും മറ്റും ഭീഷണി സന്ദേശങ്ങള്‍ പെരുകിയതോടെ ദല്‍വി തന്റെ മൊബൈല്‍ സ്വിച്ച്‌ഓഫ് ചെയ്‌തിരിക്കുകയാണ്.
വായനക്കാരുടെ പരാതിയെ തുടര്‍ന്ന് ദല്‍വിയെ മുംബൈ പോലീസ് അറസ്‌റ്റു ചെയ്‌ത ശേഷം ജാമ്യത്തില്‍ വിട്ടയയ്‌ക്കുകയായിരുന്നു. പത്രവിതരണക്കാരെയും പരാതിയെ തുടര്‍ന്ന് അറസ്‌റ്റു ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു.
' ഹം ആസാദിയോം കെ ഹഖ് മേം 'എന്ന മനുഷ്യാവകാശ സംഘടന ദല്‍വിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മാപ്പു പറഞ്ഞ നിലയ്‌ക്ക് അവര്‍ക്കെതിരെയുളള കേസുകള്‍ പിന്‍വലിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
from kerala news edited
via IFTTT