Story Dated: Friday, March 27, 2015 05:29
പത്തനംതിട്ട: ഭിന്നശേഷിയുള്ള കുട്ടികള്‍ പഠിക്കുന്ന പള്ളിക്കല്‍, പന്തളം തെക്കേക്കര പഞ്ചായത്തുകളിലെ ബഡ്‌സ് സ്‌കൂളുകള്‍ക്ക് ബസുകളും പഠനോപകരണങ്ങളും വാങ്ങുന്നതിനും അടിസ്‌ഥാനസൗകര്യമൊരുക്കുന്നതിനും ജില്ലാഭരണകൂടത്തിന്റെ ഇടപെടലിലൂടെ 35 ലക്ഷം രൂപ സഹായം. കേരള സേ്‌റ്ററ്റ് ഇന്‍ഡസ്‌ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്റെ(കെഎസ്‌ഐഡിസി) സാമൂഹിക പ്രതിബദ്ധത ഫണ്ട് ലഭിക്കാന്‍ ജില്ലാ ഭരണകൂടം പ്രോപ്പോസല്‍ നല്‍കുകയും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്‌തതിന്റെ അടിസ്‌ഥാനത്തില്‍ 35 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ നാലു വര്‍ഷം മുന്‍പും പന്തളം തെക്കേക്കര പഞ്ചായത്തില്‍ കഴിഞ്ഞ വര്‍ഷവുമാണ് കുടുംബശ്രീയുമായി ചേര്‍ന്ന് ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ബഡ്‌സ് സ്‌കൂളുകള്‍ തുടങ്ങിയത്.
സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ജില്ലയിലുള്ള രണ്ടു സ്‌കൂളുകള്‍ ഇവ മാത്രമാണ്. കെ.എസ്.ഐ.ഡി.സിയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ട് ബാക്കി വന്നതു ചെലവഴിക്കുന്നതിന് പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ജില്ലാ കലക്‌ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നു ജില്ലാ കലക്‌ടര്‍ എസ്. ഹരികിഷോറിന്റെ നിര്‍ദേശപ്രകാരം പള്ളിക്കലെയും പന്തളം തെക്കേക്കരയിലെയും ബഡ്‌സ് സ്‌കൂളുകള്‍ക്ക് വാഹനവും പഠനോപകരണങ്ങളും മറ്റ് അടിസ്‌ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നതിനുള്ള പദ്ധതി തയാറാക്കി സമര്‍പ്പിച്ചു. ഈ പദ്ധതി കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ ടി.കെ.എ. നായരും എം.ഡി. ഡോ. ബീനയും ഉള്‍പ്പെട്ട സമിതി അംഗീകരിക്കുകയായിരുന്നു. ഇതുപ്രകാരം രണ്ടു സ്‌കൂളിലെയും ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്‌ത ഓരോ ബസും പഠനോപകരണങ്ങളും ഫര്‍ണിച്ചറും വാങ്ങുന്നതിനും 17.5 ലക്ഷം രൂപയും വീതം ലഭിക്കും.
രണ്ട് സ്‌കൂളുകളിലെയും അധ്യാപികമാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും. കഴിഞ്ഞ ദിവസം ജില്ലാ കലക്‌ടറുടെ നിര്‍ദേശ പ്രകാരം അസിസ്‌റ്റന്റ് കലക്‌ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ പള്ളിക്കലെ ബഡ്‌സ് സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു. ഇവിടെ 34 ഉംപന്തളം തെക്കേക്കരയില്‍ പത്തും കുട്ടികളാണ് പഠിക്കുന്നത്. നിലവില്‍ വാഹന സൗകര്യം ഇല്ലാത്തത് കുട്ടികള്‍ക്ക് സ്‌കൂളിലെത്തുന്നതിനു ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നുണ്ട്. സര്‍വീസ് ബസില്‍ സ്വന്തം നിലയ്‌ക്കു കയറി സ്‌കൂളിലെത്താന്‍ ഇവര്‍ക്ക് കഴിയില്ല. ഇവിടെ പഠിക്കുന്ന കുട്ടികള്‍ വാഹനം വാടകയ്‌ക്കെടുത്ത് എന്നും സ്‌കൂളിലെത്തുന്നതിനു സാമ്പത്തിക ശേഷിയുള്ളവരുമല്ല. വാഹനമില്ലാത്തതിനാല്‍ കുട്ടികള്‍ സ്‌കൂളിലെത്തുന്നില്ല എന്ന പ്രശ്‌നത്തിനും ഇതോടെ പരിഹാരമായി.
ഭിന്നശേഷിയുള്ള കുട്ടികള്‍ക്കാവശ്യമായ പ്രത്യേക സൗകര്യങ്ങളുള്ള ബസാണ് രണ്ടു സ്‌കൂളുകള്‍ക്കും ലഭിക്കുക. ഈ സാമ്പത്തികവര്‍ഷം സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിനായി കുടുംബശ്രീ രണ്ടു ലക്ഷം നല്‍കി. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളാണ് കെട്ടിടം നല്‍കിയത്. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഈ ഗ്രാമപഞ്ചായത്തുകളുടെ പ്ലാന്‍ ഫണ്ടിന്റെ അഞ്ചു ശതമാനം ബഡ്‌സ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്‌ക്കണമെന്ന നിയമം പാലിക്കും. ബസിന്റെ ഡ്രൈവറുടെ ശമ്പളവും ഡീസല്‍ ചെലവുകളും ഇതില്‍ നിന്നാകും. ഇതുമായി ബന്ധപ്പെട്ടുള്ള തുടര്‍ചെലവുകള്‍ വഹിക്കാമെന്ന് രണ്ട് ഗ്രാമപഞ്ചായത്ത് കമ്മിറ്റികളും സമ്മതിച്ചിട്ടുണ്ട്. പ്രത്യേക സംവിധാനങ്ങളുള്ള ബസിനൊപ്പം പഠനോപകരണങ്ങളും ഫര്‍ണിച്ചറുകളും ലഭിക്കുന്നതോടെ രണ്ട് സ്‌കൂളുകളെയും ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിയും.
from kerala news edited
via IFTTT