121

Powered By Blogger

Friday, 27 March 2015

തൃശൂര്‍ ജില്ലാ പഞ്ചായത്ത്‌ ബജറ്റ്‌ കൃഷിക്കും ജലസേചനത്തിനും ഭവനനിര്‍മാണത്തിനും പ്രാധാന്യം











Story Dated: Friday, March 27, 2015 03:11


തൃശൂര്‍: ജില്ലാ പഞ്ചായത്തിന്റെ 2015-16 വര്‍ഷത്തേക്കുള്ളതും നിലവിലുള്ള ഭരണസമിതിയുടെ അവസാനത്തേതുമായ ബജറ്റില്‍ കാര്‍ഷികമേഖലയ്‌ക്കും ജലസേചന, കുടിവെള്ള പദ്ധതികള്‍ക്കും ഊന്നല്‍. 179,75,50,800 കോടി രൂപ വരവും 170, 96, 37,300 രൂപ ചെലവും 8,79,13,500 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ്‌ വൈസ്‌ പ്രസിഡന്റ്‌ ലീല സുബ്രഹ്‌മണ്യന്‍ അവതരിപ്പിച്ച ബജറ്റ്‌. ബജറ്റില്‍ മൃഗസംരക്ഷണമടക്കം കാര്‍ഷികമേഖലയ്‌ക്ക് തനതായി 36,82,15,055 രൂപയും ജലസമൃദ്ധി, ജലസേചന, കുടിവെള്ള പദ്ധതികള്‍ക്കായി 18 കോടി 89 ലക്ഷവും ഐ.എ.വൈ. ഭവനനിര്‍മാണത്തിന്‌ 15,59,07,500 രൂപയും പട്ടികജാതി-പട്ടികവര്‍ഗവികസനത്തിന്‌ 12,50,09,090 രൂപയും ജില്ലാ ഗ്രാമീണ റോഡുകളുടെ വികസനത്തിന്‌ 17,19,78,545 രൂപയും വകയിരുത്തിയിട്ടുണ്ട്‌.

സംസ്‌ഥാനത്തിനു മാതൃകയായ ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ കാര്‍ഷികമേഖലയില്‍ നടത്തിയിട്ടുണ്ട്‌. കൃഷി ഫാമുകളുടെ വികസനത്തിനും ഹൈടെക്‌ കൃഷിരീതി വികസിപ്പിക്കുന്നതിനും സാധാരണ ചെലവുകള്‍ക്കു പുറമേ ഒരു കോടിയും വകയിരുത്തി. മൃഗസംരക്ഷമവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വന്ധ്യതാനിവാരണ മിഷന്‌ 20 ലക്ഷവും കൂട്‌ മത്സ്യകൃഷിക്ക്‌ 10 ലക്ഷവും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്‌ 10 ലക്ഷവും വകയിരുത്തിയ ബജറ്റ്‌ ജില്ലയിലെ മത്സ്യസമ്പത്ത്‌ കൂടുതലാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.

ജില്ലയുടെ എ.ഐ.വൈ. പദ്ധതിലക്ഷ്യം 5465 വീടുകള്‍ക്കായി (ജനറല്‍ 3025, എസ്‌.സി 2275, ടി.എസ്‌.പി. 165) തനത്‌ വര്‍ഷത്തില്‍ വകയിരുത്തിയിരിക്കുന്നത്‌ 15,59,07,500 രൂപയാണ്‌. ആലംബഹീനരുടെ ഭവനപദ്ധതിക്ക്‌ കുടിശികയില്ലാത്ത സംസ്‌ഥാനത്തെ ഏക ജില്ലാ പഞ്ചായത്തായി തുടരാനാണിതെന്ന്‌ വൈസ്‌ പ്രസിഡന്റ്‌ പറഞ്ഞു. അംഗപരിമിതര്‍ക്കുള്ള സാന്ത്വന വാഹനം പദ്ധതിക്ക്‌ നാലു കോടിയാണ്‌ വകയിരുത്തിയിട്ടുള്ളത്‌. ഇതുവഴി അര്‍ഹരായ മുഴുവന്‍ അംഗപരിമിതര്‍ക്കും എ.പി.എല്‍, ബി.പി.എല്‍. വ്യത്യാസമില്ലാതെ മച്ചക്രവാഹനം നല്‍കും. ഇതിനകം 232 പേര്‍ക്കാണ്‌ മുച്ചക്രവാഹനം നല്‍കിയത്‌. അപേക്ഷിച്ചവരില്‍ ബാക്കിയുള്ള 300 പേര്‍ക്ക്‌ ഏപ്രില്‍ ആദ്യവാരത്തോടെ വിതരണം നടത്തും.

വിദ്യാഭ്യാസരംഗത്ത്‌ പൂരകം പദ്ധതി തുടരും. എട്ട്‌, ഒമ്പതു ക്ലാസുകള്‍ കൂടി ഉള്‍പ്പെടുത്തി ഇതിനായി 30 ലക്ഷം വകയിരുത്തി. ഡി പ്ലസ്‌ ലെസ്‌ പദ്ധതി പ്ലസ്‌ വണ്‍, പ്ലസ്‌ ടു വിലും നടപ്പാക്കും. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്‌കൂളുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നിനും മറ്റുമുള്ള 50 ലക്ഷത്തിന്റെ സമഗ്രവിദ്യാഭ്യാസ പരിപാടിയില്‍ ആവശ്യമായ മാറ്റം, സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 7.50 കോടി രൂപ, സ്‌കൂള്‍ ഫര്‍ണിച്ചര്‍ വാങ്ങുന്നതിന്‌ 40 ലക്ഷം, സ്‌കൂളുകളിലെ കമ്പ്യൂട്ടറുകള്‍ നന്നാക്കുന്നതിനും കമ്പ്യൂട്ടര്‍ ക്ലിനിക്‌ സ്‌ഥാപിക്കുന്നതിനും 10 ലക്ഷം, സ്‌റ്റുഡന്റ്‌ പോലിസ്‌ കേഡറ്റ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 13 ലക്ഷം, സാംസ്‌കാരികസമുച്ചയത്തില്‍ കൂടുതല്‍ ഘടകങ്ങള്‍ക്ക്‌ 40 ലക്ഷം, വടക്കാഞ്ചേരി ജില്ലാ ആശുപത്രിയുടെ വികസനത്തിന്‌ ഒരു കോടി എന്നിങ്ങനെ വിവിധ വികസനപ്രവര്‍ത്തനങ്ങളാണ്‌ ലക്ഷ്യമാക്കുന്നതെന്ന്‌ വൈസ്‌ പ്രസിഡന്റ്‌ പറഞ്ഞു.

ഐ.എസ്‌.ഒ സര്‍ട്ടിഫിക്കേഷന്‍്‌ 50 ലക്ഷം, വിജ്‌ഞാന്‍സാഗര്‍ തുടര്‍പദ്ധതിക്ക്‌ 50 ലക്ഷം, വനിതകളുടെയും കുട്ടികളുടെയും ക്ഷേമത്തിന്‌ 7,91,00450 രൂപ, കുട്ടികള്‍, ഭിന്നശേഷി, വൃദ്ധര്‍, ദുര്‍ബലവിഭാഗങ്ങള്‍ക്ക്‌ 2,96,33,340 രൂപ, സൈക്കോ സോഷ്യല്‍ സര്‍വീസിന്‌ 40,26,00 രൂപ, സ്‌നേഹസാന്ത്വനം പദ്ധതിക്ക്‌ ഒമ്പതു ലക്ഷം, ജങ്കാര്‍ സര്‍വീസിന്റെ ബെല്ലാര്‍ഡ്‌ പോള്‍ നിര്‍മാണത്തിന്‌ 25 ലക്ഷം എന്നിങ്ങനെ ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമാക്കുന്നതാണ്‌ ബജറ്റെന്ന്‌ വൈസ്‌ പ്രസിഡന്റ്‌ ലീല സുബ്രഹ്‌മണ്യന്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.സി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ്‌ പി.കെ.ഡേവിസ്‌, ഇ. ഗോപാലകൃഷ്‌ണമേനോന്‍, കെ.വി. ദാസന്‍, കെ.കെ. ശ്രീനിവാസന്‍, സി.എം. നൗഷാദ്‌, ജെയ്‌മോന്‍ താക്കോല്‍ക്കാരന്‍, അജിത രാധാകൃഷ്‌ണന്‍, പി.കെരാജന്‍, ഷീല മണികണ്‌ഠന്‍, ടി. നിര്‍മ്മല, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ വി.എസ്‌. ജോഷി (കൊടകര), വി.എന്‍. ശങ്കരന്‍ (അന്തിക്കാട്‌) തുടങ്ങിയവര്‍ ബജറ്റ്‌ ചര്‍ച്ചയില്‍ പങ്കെടുത്തു.










from kerala news edited

via IFTTT