Story Dated: Friday, March 27, 2015 07:31
തിരുവനന്തപുരം: പി.സി ജോര്‍ജിനെതിരെ നിലപാട് കടുപ്പിച്ച് കെ.എം മാണി. ജോര്‍ജിനെതിരായ നടപടിയില്‍ വിട്ടുവീഴ്‌ചയില്ലെന്ന് കെ.എം മാണി പറഞ്ഞു. ജോര്‍ജ് വിഷയത്തില്‍ വീണ്ടും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയ മാണി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. എട്ട് എം.എല്‍.മാരും ഐക്യകണേ്‌ഠനയാണ് ജോര്‍ജിനെ നീക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം താനും ജോസുഫും ഒരുമിച്ചാണ് മുഖ്യമന്ത്രിയെ അറിയിച്ചതെന്നും മാണി പറഞ്ഞു. മുഖ്യമന്ത്രി വിദേശ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയാല്‍ ഉടന്‍ പി.സി ജോര്‍ജിന്റ കാര്യത്തില്‍ തീരുമാനമുണ്ടാകും. ഈ നിലയില്‍ മുന്നോട്ട് പോകാനാകില്ല. 4 വര്‍ഷം യു.ഡി.എഫിനെ ശിഥിലമാക്കുന്ന നടപടികളാണ് പി.സി ജോര്‍ജിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും മാണി കൂട്ടിച്ചേര്‍ത്തു.
താന്‍ പാര്‍ട്ടിക്ക് അതീതനാണെന്ന ഭാവമാണ് പി.സി ജോര്‍ജിന്. അതുകൊണ്ടു തന്നെ പാര്‍ട്ടി കൊടുത്ത രണ്ട് സ്‌ഥാനങ്ങളില്‍ നിന്നും അദ്ദേഹത്തെ പിന്‍വലിക്കുകയാണെന്നും മാണി പറഞ്ഞു. ചീഫ് വിപ്പ് സ്‌ഥാനം കേരള കോണ്‍ഗ്രസ് നോമിനി എന്ന നിലയില്‍ ലഭിച്ചതാണ്. യു.ഡി.എഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് പ്രതിനിധിയായി പി.സി ജോര്‍ജിനെ പങ്കെടുപ്പിക്കേണ്ടന്നും തീരുമാനിച്ചതായി മാണി വ്യക്‌തമാക്കി. ജോര്‍ജിനെതിരെ നടപടി സ്വീകരിക്കുന്നതിനുള്ള യോഗമായതിനാലാണ് അദ്ദേഹത്തെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുപ്പിക്കേണ്ടന്ന് തീരുമാനിച്ചതെന്നും മാണി പറഞ്ഞു.
അതേസമയം ജോര്‍ജിനെ ഉടന്‍ ചീഫ് വിപ്പ് സ്‌ഥാനത്ത് നിന്ന് നീക്കുന്നതിനോട് മുന്നണി നേതൃത്വത്തിന് യോജിപ്പില്ല. ഇന്ന് രാവിലെ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് രാജിക്കത്തുമായി പി.സി ജോര്‍ജ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയെങ്കിലും രാജി സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഈസ്‌റ്റര്‍ വരെ തീരുമാനമൊന്നും എടുക്കരുതെന്ന് മുഖ്യമന്ത്രി ഇരു നേതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാവര്‍ക്കും സ്വീകാര്യമായ തീരുമാനമെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ചീഫ് വിപ്പ് സ്‌ഥാനത്ത് നിന്ന് പി.സി ജോര്‍ജിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കെ.എം മാണിയുടെ കത്ത് ലഭിച്ചതായും മുഖ്യമന്ത്രി സ്‌ഥിരീകരിച്ചിരുന്നു.
ഞായറാഴ്‌ച കെ.എം മാണിയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്‌ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് കേരള കോണ്‍ഗ്രസിന്റെ നിലപാട് മാണിയും ജോസഫും ഇന്നലെ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
from kerala news edited
via IFTTT