121

Powered By Blogger

Friday, 27 March 2015

റോഡ്‌ നന്നാക്കാതെ നാട്ടുകാര്‍ പിന്മാറില്ല ഇന്നലെയും ഉപരോധിച്ചു











Story Dated: Friday, March 27, 2015 05:26


എടത്വാ: ജപ്പാന്‍ കുടിവെള്ള പദ്ധതികളുടെ ഭാഗമായി തിരുവല്ലാ-അമ്പലപ്പുഴ റോഡ്‌ വെട്ടിപ്പൊളിക്കുന്നത്‌ നിര്‍ത്തിവയ്‌ക്കണമെന്നും പൊളിച്ച റോഡ്‌ അടിയന്തരമായി നന്നാക്കാമെന്നും ആവശ്യപ്പെട്ട്‌ നാട്ടുകാര്‍ ഇന്നലെയും മണിക്കൂറുകളോളം റോഡ്‌ ഉപരോധിച്ചു. റോഡ്‌ നന്നാക്കണമെന്ന്‌ ആവശ്യപെട്ട്‌ നിരാഹാരം കിടക്കുന്ന ചമ്പക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പോളി തോമസിന്‌ അഭിവാദ്യം അര്‍പ്പിച്ച്‌ നാട്ടുകാര്‍ കഴിഞ്ഞദിവസം അപകടം നടന്ന കണിയാംമുക്ക്‌ ജംഗ്‌ഷനില്‍ നിന്ന്‌ ജാഥയായി മരിയാപുരം ജംഗ്‌ഷനിലെത്തി സമരപ്പന്തലിന്‌ മുന്നിലായി റോഡ്‌ ഉപരോധിക്കുകയായിരുന്നു.


പച്ച ലൂര്‍ദ്‌ മാതാ പള്ളി വികാരി ഫാ. ജോര്‍ജ്‌ കൊച്ചുപറമ്പില്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഫാ. തോമസ്‌ പുത്തന്‍പുരയ്‌ക്കല്‍, രമേശന്‍ പാണ്ടിശേരി, ബെന്‍സണ്‍ ജോസഫ്‌, റോയി മുട്ടാര്‍, മാത്തുക്കുട്ടി, ടി.വി. പിള്ള, മിന്റു എബ്രഹാം എന്നിവര്‍ സമരത്തിന്‌ നേതൃത്വം നല്‍കി. ഇന്ന്‌ രാവിലെ 10 ന്‌ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പച്ചയില്‍ നിന്നും പ്രതിഷേധപ്രകടനവും വില്ലേജ്‌ ഓഫീസ്‌ പടിക്കല്‍ ഉപരോധവും നടത്തും.


പച്ച പാലത്തിന്‌ പടിഞ്ഞാറ്‌ കണിയാംമുക്ക്‌ ജംഗ്‌ഷനില്‍ ബുധനാഴ്‌ച രാത്രി പത്തോടെ പൈപ്പിടാന്‍ കുഴിയെടുക്കുന്നതിന്‌ വേണ്ടി കൊണ്ടുവന്ന ജെ.സി.ബി. അശ്രദ്ധമായി റോഡില്‍ ഇട്ടതിനെ തുടര്‍ന്ന്‌ അതില്‍ ഇടിച്ച്‌ യുവാവിന്‌ ഗുരുതരമായി പരുക്കേറ്റിരുന്നു. ഒരുവര്‍ഷമായി നടന്നുവരുന്ന നിര്‍മാണപ്രവര്‍ത്തനമാണ്‌ ഇപ്പോഴും നടക്കുന്നത്‌. നാല്‌ കിലോമീറ്റര്‍ മാത്രം വരുന്ന നിര്‍മാണപ്രവര്‍ത്തനത്തിന്‌ ആവശ്യത്തിന്‌ ജോലിക്കാരെ ഉപയോഗിച്ച്‌ തീര്‍ക്കാത്തതാണ്‌ താമസത്തിന്‌ കാരണമെന്നാണ്‌ ആരോപണം.










from kerala news edited

via IFTTT