Story Dated: Friday, March 27, 2015 03:11
കുന്നംകുളം: പെന്തക്കോസ്‌ത് സഭയുടെ പ്രാര്‍ത്ഥനാലയത്തിനുനേരേ ആക്രമണം. മുറ്റത്ത് പാര്‍ക്കു ചെയ്‌തിരുന്ന മാരുതി കാറും രണ്ട് ബൈക്കുകളും അജ്‌ഞാത സംഘം തീവച്ച് നശിപ്പിച്ചു. സംഭവത്തില്‍ വ്യാപക പ്രതിഷേധം.
ഇന്നലെ പുലര്‍ച്ചെ രണ്ടിനാണ് കാണിയാമ്പാല്‍ ആനായിക്കലില്‍ ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യയുടെ പ്രാര്‍ത്ഥനാലയത്തിനുനേരേ ആക്രമണമുണ്ടായത്. പ്രാര്‍ത്ഥനാലയത്തിനു സമീപം താമസിക്കുന്ന പാസ്‌റ്റര്‍ ഇമ്മാനുവേലിന്റെ ഭാര്യ റെയ്‌സിയാണ് പുറത്ത് പൊട്ടിത്തെറിക്കുന്ന ശബ്‌ദംകേട്ട് ആദ്യം വാതില്‍ തുറന്ന് നോക്കിയത്. അപ്പോഴാണ് പ്രാര്‍ത്ഥനാലയത്തിനു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ തീപിടിച്ച് കത്തി പൊട്ടിത്തെറിക്കുന്നതുകണ്ടത്. ഭര്‍ത്താവ് ഇമ്മാനുവേലിനെ വിളിച്ചുണര്‍ത്തിയ ശേഷം വീടിനുള്ളില്‍നിന്ന് മോട്ടോര്‍ പമ്പ് സെറ്റുവഴി വെള്ളം പമ്പുചെയ്‌താണ് തീ അണയ്‌ക്കാന്‍ ശ്രമിച്ചത്. നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ച് ഫയര്‍ഫോഴ്‌സ് എത്തുന്നതിനുമുമ്പായി അരമണിക്കൂര്‍ നീണ്ടുനിന്ന പ്രയത്നത്തിന്റെ ഫലമായി തീ പൂര്‍ണമായും അണച്ചു.
തീപിടിച്ച് കെട്ടിടത്തിന്റെ ഷീറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ മുന്‍വശം പുകയടിച്ച് കരിഞ്ഞ അവസ്‌ഥയിലാണ്. ബൈക്കുകള്‍ പൂര്‍ണമായും കാറ് ഭാഗികമായുമാണ് കത്തിനശിച്ചിട്ടുള്ളത്. കാറിലേക്ക് തീ പടര്‍ന്നെങ്കിലും തക്കസമയത്ത് വെള്ളം പമ്പുചെയ്‌ത് തീകെടുത്താന്‍ സാധിച്ചതു കാരണം വന്‍ദുരന്തം ഒഴിവായി. സമീപത്തെ വീടുകളിലേക്ക് തീ പടരാതിരുന്നത് കൂടുതല്‍ അപകടങ്ങള്‍ ഒഴിവായി.
മണ്ണെണ്ണയും ഡീസലും കലര്‍ന്ന മിശ്രിതമാണ് കത്തിക്കാനായി ഉപയോഗിച്ചിട്ടുള്ളത്. പ്രാര്‍ത്ഥനാലയത്തിനു പുറകിലൂടെയാണ് അക്രമിസംഘം വന്നിട്ടുള്ളതെന്നാണ് സൂചന. കെട്ടിടത്തോടുചേര്‍ന്ന് വച്ചിരുന്ന ഓടുകളും മറ്റ് പലകകളും താഴെ വീണുകിടക്കുന്നുണ്ട്. തീ കത്തിയയുടനെ സംഘം പിറകുവശം വഴിതന്നെ ഓടി രക്ഷപ്പെട്ടിരിക്കാനാണ് സാധ്യത. ഈ സമയത്ത് നാലുഭാഗത്തുനിന്നും നായ്‌ക്കള്‍ കുരച്ചിരുന്നതായി സമീപവാസിയായ വീട്ടമ്മ പറഞ്ഞു.
1983 ലാണ് ഇവിടെ പ്രാര്‍ത്ഥനാലയം ആരംഭിക്കുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പാണ് സൗകര്യങ്ങളോടുകൂടി കെട്ടിടവും ഹാളും നവീകരിച്ചത്. ഇതിനുശേഷം എല്ലാവര്‍ഷവും സ്‌കൂള്‍ അവധിക്കാലത്ത് വൊക്കേഷണല്‍ ബൈബിള്‍ സ്‌കൂള്‍ (വി.ബി.എസ്.) നടത്താറുണ്ട്. കഴിഞ്ഞ വര്‍ഷം വി.ബി.എസ്. നടത്തുന്ന സമയത്ത് പുറമെനിന്നെത്തിയ ആര്‍.എസ്.എസ്. സംഘം വി.ബി.എസ്. നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായി പാസ്‌റ്റര്‍ ഇമ്മാനുവേല്‍ പറഞ്ഞു. പിന്നീട് യാതൊരു പ്രശ്‌നങ്ങളും ഉണ്ടായില്ല. വി.ബി.എസ്. ക്ലാസില്‍ 300 വിദ്യാര്‍ഥികള്‍ പങ്കെടുക്കാറുണ്ട്. ഇതില്‍ 75 ശതമാനം കുട്ടികളും അന്യസമുദായത്തില്‍പ്പെട്ടവരാണ്. 25 ശതമാനം കുട്ടികള്‍ മാത്രമേ ക്രിസ്‌ത്യന്‍ സമുദായത്തില്‍നിന്ന് പങ്കെടുക്കാറുള്ളൂ. മറ്റ് സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ പങ്കാളിത്തം തടസപ്പെടുത്താനാണ് പുറമെനിന്നെത്തിയ ആര്‍.എസ്.എസ് സംഘം ഭീഷണിമുഴക്കിയതെന്ന് പാസ്‌റ്റര്‍ ഓര്‍മപ്പെടുത്തി. ഈവര്‍ഷത്തെ വി.ബി.എസ്. ക്ലാസ് ഏപ്രില്‍ ആറിന് ആരംഭിക്കാനിരിക്കെയാണ് പ്രാര്‍ത്ഥനാലയത്തിനുനേരേ ആക്രമണവും തീവയ്‌പും ഉണ്ടായത്.
സംഭവമറിഞ്ഞ് രാവിലെതന്നെ പെന്തക്കോസ്‌ത് സഭാവിശ്വാസികള്‍ കണിയാമ്പലില്‍ എത്തിച്ചേര്‍ന്നിരുന്നു. പി.കെ. ബിജു എം.പി., ബാബു എം. പാലിശേരി എം.എല്‍.എ., നഗരസഭാ ചെയര്‍മാന്‍ സി.കെ. സുബ്രഹ്‌മണ്യന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി. ബാബു, സി.പി.എം. ഏരിയാ സെക്രട്ടറി ടി.കെ. വാസു, വാര്‍ഡ് കൗണ്‍സിലര്‍ എം.കെ. ജയസിങ്, നഗരസഭാ പ്രതിപക്ഷ നേതാവ് കെ.ബി. ഷിബു തുടങ്ങിയവര്‍ സ്‌ഥലം സന്ദര്‍ശിച്ചു. കുന്നംകുളം സി.ഐ. കെ.എന്‍. കൃഷ്‌ണദാസ്, എസ്.ഐ. ദിലീപ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസും വിരലടയാള വിദഗ്‌ധരും ഫോറന്‍സിക് വിദഗ്‌ധരും സ്‌ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
from kerala news edited
via IFTTT