Story Dated: Friday, March 27, 2015 08:02
മുംബൈ: ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ അപകട സമയത്ത് താന്‍ മദ്യപിക്കുകയോ വാഹനമോടിക്കുകയോ ചെയ്‌തിരുന്നില്ലെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. മുംബൈ സെഷന്‍സ് കോടതിയിലാണ് സല്‍മാന്‍ ഇക്കാര്യം പറഞ്ഞത്. 2002ല്‍ സല്‍മാന്‍ ഓടിച്ച വാഹനമിടിച്ച് വഴിവക്കില്‍ കിടന്നുറങ്ങിയ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തില്‍ കോടതിയില്‍ മൊഴി നല്‍കുകയായിരുന്നു താരം.
അപകട സമയത്ത് തന്റെ ഡ്രൈവര്‍ അശോക് സിങ്ങാണ് കാറോടിച്ചിരുന്നതെന്ന് സല്‍മാന്‍ കോടതിയില്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് തന്റെ രക്‌ത സാമ്പിള്‍ പരിശോധിച്ച ബാല ശങ്കര്‍ വിദഗ്‌ദ്ധനല്ലെന്നും സല്‍മാന്‍ കോടതിയില്‍ ആരോപിച്ചു. വൈദ്യ പരിശോധനയില്‍ സല്‍മാന്റെ രക്‌തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തന്റെ രക്‌ത പരിശോധന നടത്തിയത് നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്നും സല്‍മാന്‍ ആരോപിച്ചു. കേസില്‍ തനിക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
2002 സെപ്‌റ്റംബര്‍ 28നാണ് സംഭവം നടന്നത്. കുറ്റകരമായ നരഹത്യ കേസിലാണ് സല്‍മാനെ പ്രതിചേര്‍ത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ കേസില്‍ തന്റെ മൊഴി രേഖപ്പെടുത്തുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടയണമെന്ന സല്‍മാന്റെ ആവശ്യം കോടതി ഭാഗികമായി നിരസിച്ചിരുന്നു. സല്‍മാന്റെ മൊഴി തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കിയ കോടതി മൊഴി രേഖപ്പെടുത്തല്‍ നടപടി പൂര്‍ത്തിയായ ശേഷം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു.
from kerala news edited
via IFTTT