Story Dated: Friday, March 27, 2015 05:29
കിളിമാനൂര്‍: കൃഷ്‌ണനുണ്ണി എന്ന പതിമൂന്നുകാരന്‍ കുട്ടി മജീഷ്യന്‍ ഇന്ന്‌് വാമനപുരം കുറ്റൂര്‍ ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രത്തില്‍ മാജിക്കില്‍ വിസ്‌മയം തീര്‍ക്കും. പ്രശസ്‌ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ ശിഷ്യനാണ് കൊല്ലം ചാത്തന്നൂര്‍ വിമല സെന്‍ട്രല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ കൃഷ്‌ണനുണ്ണി. നാലാം ക്ലാസില്‍ പഠിക്കുമ്പോഴേ കൃഷ്‌ണനുണ്ണിക്ക് മാജിക്കിനോട് കമ്പം തോന്നിയിരുന്നു. തനിക്ക് ഒരു മജീഷ്യനാകണമെന്ന് അച്‌ഛനമ്മമാരായ ജയകുമാറിനോടും ലക്ഷ്‌മിയോടും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
മുതുകാടിന്റെ ശിഷ്യത്വം സ്വീകരിച്ചതിനു ശേഷം ഇതിനകം തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ എന്നിവിടങ്ങളില്‍ നിരവധി പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കഴക്കൂട്ടം മാജിക് അക്കാഡമിയില്‍ പ്രസിദ്ധ മജീഷ്യന്‍ മുതുകാടിന്റെയും തോമസ് മാസ്‌റ്ററുടെയും ശിക്ഷണത്തില്‍ മാജിക് പഠിക്കുകയായിരുന്നു. മാത്രമല്ല കൃഷ്‌ണനുണ്ണിക്ക് മാജിക് പ്ലാനറ്റിന്റെ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനും അവസരം ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നും നാലുപേര്‍ക്കാണ് ഈ അവസരം ലഭിച്ചത്.
കേരള പരിസ്‌ഥിതി കൗണ്‍സിലും മാജിക് അക്കാഡമിയും സംയുക്‌തമായി സംസ്‌ഥാനതലത്തില്‍ സംഘടിപ്പിച്ച ഇക്കോ മാജിക് മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ കൃഷ്‌ണനുണ്ണിക്കായിരുന്നു ഒന്നാം സ്‌ഥാനം. കൃഷ്‌ണനുണ്ണിയുടെ അമ്മയുടെ അച്‌ഛന്‍ കിളിമാനൂര്‍ കല്‌പകശേരിയില്‍ ശശിധരന്‍ നായരുടെ പ്രോത്സാഹനമാണ് ഈ രംഗത്തെ വളര്‍ച്ചക്കുള്ള പ്രധാന കാരണം. കൃഷ്‌ണനുണ്ണി മജീഷ്യന്‍ പഠനത്തില്‍ മികവ് കാട്ടുന്നതോടൊപ്പം പൂജപ്പുരയിലെ മജീഷ്യന്‍ ക്ലബില്‍ പരിശീലനവും തുടരുകയാണ്.
from kerala news edited
via IFTTT