121

Powered By Blogger

Tuesday, 24 March 2015

വ്യാജരേഖകള്‍ നല്‍കി എട്ടരലക്ഷം തട്ടിയ കേസ്‌: മുഖ്യപ്രതി ഒളിവില്‍











Story Dated: Tuesday, March 24, 2015 02:29


മണ്ണുത്തി: വ്യാജരേഖകള്‍ നല്‍കി സഹകരണ ബാങ്കില്‍നിന്ന്‌ ലക്ഷങ്ങള്‍ തട്ടിയ സംഭവത്തിലെ മുഖ്യപ്രതി ഒളിവില്‍. മണ്ണുത്തി സര്‍വീസ്‌ സഹകരണ ബാങ്കിന്റെ ശാഖകളില്‍നിന്നു വ്യാജ സര്‍ട്ടിഫിക്കറ്റുകളുംമറ്റും നല്‌കി എട്ടരലക്ഷം തട്ടിയ കേസിലെ മുഖ്യപ്രതി കോഴിക്കോട്‌ സ്വദേശി ബാബുവാണ്‌ മുങ്ങിയത്‌. വ്യാജ സര്‍ട്ടിഫിക്കറ്റുകളും സീലും നിര്‍മിച്ച്‌ നല്‍കിയത്‌ ഇയാളാണ്‌. സംഭവത്തില്‍ ഞായറാഴ്‌ച നാലുപേരെ മണ്ണുത്തി പോലീസ്‌ അറസ്‌റ്റ് ചെയ്‌തിരുന്നു.


ബാങ്കിന്റെ ഒല്ലൂക്കരയിലെ മെയിന്‍ ബ്രാഞ്ച്‌, നെല്ലങ്കര ബ്രാഞ്ച്‌ എന്നിവിടങ്ങളില്‍നിന്നാണ്‌ ഇല്ലാത്ത സര്‍ക്കാര്‍ ഓഫീസുകളുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും വ്യാജ സാലറി സര്‍ട്ടിഫിക്കറ്റുകളും മുദ്രകളും നല്‍കി തട്ടിപ്പ്‌ നടത്തിയത്‌. നെല്ലങ്കര ഒളുപുറത്ത്‌ ജോയി (51), മുണ്ടൂര്‍ സ്വദേശിനി സിന്ധു (38), കൊഴുക്കുള്ളി സ്വദേശിനി ജ്യോതി ജോയ്‌ (39), മണ്ണുത്തി സ്വദേശിനി ശോശാമ്മ നൈനാന്‍ (57) എന്നിവരെയാണ്‌ അറസ്‌റ്റുചെയ്‌തത്‌.


എട്ടുമാസം മുമ്പ്‌ സ്‌ത്രീകളുടെ പേരില്‍ ജോയി വായ്‌പയ്‌ക്ക് അപേക്ഷിച്ചു. ഈടായി വാണിയംപാറ ഹൈഡ്രോളജി വകുപ്പ്‌, കുഴല്‍മന്ദം സോയില്‍ സര്‍വെ വകുപ്പ്‌ ശമ്പള രേഖകള്‍ നല്‍കി. ബാങ്കില്‍നിന്ന്‌ അന്വേഷണത്തിന്റെ ഭാഗമായി അയച്ച കത്ത്‌ പോസ്‌റ്റുമാനെ തെറ്റിദ്ധരിപ്പിച്ച്‌ കൈപ്പറ്റി. സ്‌ഥിരീകരിച്ച്‌ തിരിച്ചയയ്‌ക്കുകയും വായ്‌പ വാങ്ങുകയും ചെയ്‌തു. സമാനമായ രീതിയില്‍ മറ്റൊരാളുടെ പേരില്‍ വായ്‌പയ്‌ക്ക് അപേക്ഷിച്ചപ്പോള്‍ അന്വേഷണത്തിന്റെ ഭാഗമായി അയച്ച കത്ത്‌ തിരിച്ചുവന്നത്‌ സംശയത്തിനിടയാക്കി. സംശയംതോന്നി ബാങ്ക്‌ സെക്രട്ടറി പരിശോധിച്ചപ്പോള്‍ രേഖകള്‍ വ്യാജമാണെന്ന്‌ ബോധ്യപ്പെട്ടു. ഇതേത്തുടര്‍ന്ന്‌ ബാങ്ക്‌ രണ്ടാഴ്‌ച മുമ്പ്‌ പരാതി നല്‌കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ പ്രതികള്‍ പിടിയിലായത്‌.


വ്യാജ വനിതാ ഓഫീസര്‍മാരായി ചമയാന്‍ സ്‌ത്രീകളെ കണ്ടെത്തി ഓഫീസുകളില്‍ എത്തിച്ചിരുന്നത്‌ ജോയിയാണ്‌. നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയാണ്‌ അറസ്‌റ്റിലായ ജോയി. ചാലക്കുടി, ഒല്ലൂര്‍, തൃശൂര്‍ ഈസ്‌റ്റ്, പാലക്കാട്‌ എന്നീ സ്‌റ്റേഷനുകളില്‍ നിലവില്‍ കേസുകള്‍ ഉണ്ട്‌. ഇനിയും നിരവധിപേര്‍ അറസ്‌റ്റിലാകാനുണ്ടെന്ന്‌ ഒല്ലൂര്‍ സി.ഐ. യു. ഉമേഷ്‌ പറഞ്ഞു. അറസ്‌റ്റിലായ ശോശാമ്മ നൈനാന്‌ ഒരു കോടിയുടെ ആസ്‌തിയുണ്ട്‌. ഭര്‍ത്താവ്‌ ഗള്‍ഫിലാണ്‌. അടുത്തിടെയാണ്‌ നാട്ടില്‍ വന്നത്‌. ജ്യോതി ജോയിയും സിന്ധുവും വാടകയ്‌ക്കാണ്‌ താമസിക്കുന്നത്‌.


പ്രതികള്‍ക്കെതിരേ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന്‌ മണ്ണുത്തി എസ്‌.ഐ. ടി. സുരേഷ്‌ പറഞ്ഞു. മറ്റു ജില്ലകളില്‍ ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച്‌ തട്ടിപ്പ്‌ നടത്തിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കേണ്ടതുണ്ടെന്നും പോലീസ്‌ പറഞ്ഞു. ഒല്ലൂര്‍ സി.ഐ. യു. ഉമേഷിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ നാല്‌ പ്രതികളേയും ഓരോരുത്തരുടെയും വീടുകളില്‍നിന്ന്‌ പിടികൂടിയത്‌. സി.ഐ. ഉമേഷ്‌, എസ്‌.ഐ. ടി. സുരേഷ്‌, സി.പി.ഒമാരായ പീറ്റര്‍, വേണു, വിനോദ്‌ ശങ്കര്‍, ഗോപിനാഥന്‍, അംബിക, ഗീത എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതികളെ പിടികൂടിയത്‌.










from kerala news edited

via IFTTT