മഹാരാഷ്ട്രയിലെ ഒരു കുഗ്രാമത്തിലെ നാരായണ്‍ കാംബ്ലെ എന്ന സാമൂഹിക പ്രവര്‍ത്തകന്റെ ജീവിതത്തിലൂടെ ജാതീയത ഇന്ത്യന്‍ജീവിതത്തില്‍ എത്ര തരംതാഴ്ന്ന നിലയിലാണ് പിടിമുറുക്കിയതെന്ന് കാണിച്ചുതരുന്നു. കുട്ടികള്‍ക്ക് ട്യൂഷനെടുത്തും നാടന്‍പാട്ടുകള്‍ പാടിയും സാമൂഹികപ്രവര്‍ത്തനങ്ങളില്‍ സജീവമായ നാരായണ്‍ കാംബ്ലെയെ ഒരു ദലിത് പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കവെ പോലീസ് അറസ്റ്റ് ചെയ്യുന്നു. മുംബൈയിലെ ഓടയില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ തൊഴിലാളിയെ ആത്മഹത്യക്കു പ്രേരിപ്പിച്ചത് നാരായണന്‍ കാംബ്ലെയുടെ കവിതയാണെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. രാജ്യത്തെ ദാരിദ്ര്യവും ജാതീയതയും തൊഴിലില്ലായ്മയും കവിതകളില്‍ ആവിഷ്‌കരിക്കുന്നത് തൊഴിലാളികളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നവെന്നതായിരുന്നു പ്രോസിക്യൂഷന്റെ വിചിത്രമായ വാദം.
നാരായണ്‍ കാംബ്ലെയുടെ വ്യക്തിജീവിതം, 30 വര്‍ഷം മുമ്പ് അദ്ദേഹം പ്രവര്‍ത്തിച്ച സംഘടന, വായിച്ച പുസ്തകങ്ങള്‍, 110 വര്‍ഷം മുമ്പ് ഇന്ത്യയില്‍ നിരോധിച്ച പുസ്തകം കൈവശം വെച്ചു തുടങ്ങിയ കാരണങ്ങള്‍ മുന്‍നിര്‍ത്തി നാരായണന്‍ കാംബ്ലെ രാജ്യദ്രോഹിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെടുന്നു. നാരായണ്‍ കാംബ്ലെയുടെ അഭിഭാഷകന്‍ വിനയ് വോറ സര്‍ക്കാറിന്റെ വാദങ്ങള്‍ പൊളിക്കുന്നു. മദ്യലഹരിയില്‍ തൊഴിലാളി ഓടയിലേക്ക് കാല്‍ വഴുതിവീഴുകയായിരുന്നെന്നും ഓടയിലെ മാലിന്യത്തില്‍ കിടന്ന് ശ്വസം മുട്ടിയാണ് മരണപ്പെട്ടതെന്നുമുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും, തൊഴിലാളിയുടെ ഭാര്യയെയും ബന്ധുക്കളെയും വിസ്തരിച്ചും വിനയ് വോറ കേസ് തെളിയിക്കുന്നു. കാംബ്ലെയ്ക്ക് ജാമ്യം ലഭിക്കുന്നു. എന്നാല്‍, കാബ്ലെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനുള്ള ജോലികളുമായി പണികളുമായി മുന്നോട്ടുപോകുമ്പോള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന് പറഞ്ഞ് പോലീസ് അയാളെ വീണ്ടും അറസ്റ്റ്‌ചെയ്യുന്നു. നാരായണ്‍ കാംബ്ലെയ്ക്ക് മേല്‍ യു.പി.എ. പോലീസ് ചുമത്തുന്നു.
ചെയ്യാത്ത കുറ്റങ്ങളുടെ പേരില്‍ തടവില്‍ കഴിയുന്ന എല്ലാ മനുഷ്യരുടെയും പ്രതിനിധിയായി നാരായണ്‍ കാംബ്ലെ മാറുന്നു. പ്രതിഷേധിക്കുന്നവരെ, സാമൂഹികപ്രശ്‌നങ്ങളില്‍ ഇടപെടുന്നവരെ രാജ്യദ്രോഹികളാക്കി മാറ്റുന്ന ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധതയെ കോര്‍ട്ട് തുറന്നുകാട്ടുന്നു.
ചൈതന്യ തംഹാനയുടെ ആദ്യ ഫീച്ചര്‍ഫിലിമാണ് കോര്‍ട്ട്. സ്വദേശത്തും വിദേശത്തുമായി നടന്ന അനവധി ചലച്ചിത്രമേളകളില്‍ കോര്‍ട്ട് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന വെനീസ് ചലച്ചിത്രമേളയിലും മുംബൈ ചലച്ചിത്രോല്‍സവത്തിലും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത് കോര്‍ട്ടാണ്. കഴിഞ്ഞ തിരുവനന്തപുരം അന്താരാഷ്ട്രചലച്ചിത്രോല്‍സവത്തില്‍ പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി നേടിക്കൊടുത്ത ചിത്രമാണ് കോര്‍ട്ട്. പത്രപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ വീര സത്യധീര്‍ ആണ് നാരായണ്‍ കാംബ്ലെയായി അഭിനയിച്ചത്. വിനയ് വോറ എന്ന അഭിഭാഷകനായി വേഷമിട്ടത് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ വിവേക് ഗോംബറാണ്.
from kerala news edited
via IFTTT