ന്യൂഡല്‍ഹി: 28 ാം പിറന്നാളിന്റെ നിറവിലാണ് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കങ്കണ റണൗട്ടിന് ലഭിക്കുന്നത്. മാര്‍ച്ച് 23 നായിരുന്നു കങ്കണയുടെ 28 ാം പിറന്നാള്‍. മധുര്‍ ഭണ്ഡാര്‍ക്കറുടെ ഫാഷനിലെ സൂപ്പര്‍മോഡലിന്റെ കഥാപാത്രം അവിസ്മരണീയമാക്കിയ കങ്കണയ്ക്ക് അന്ന് മികച്ച സഹനടിക്കുള്ള അവാര്‍ഡ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഫാഷനിലെ പ്രകടനത്തിലൂടെ തന്നെ അന്ന് പ്രിയങ്ക ചോപ്ര മികച്ച നടിയാകുകയും ചെയ്തു. ആറ് വര്‍ഷം കഴിയുമ്പോള്‍ അതേ പ്രിയങ്ക ചോപ്രയെ പിന്തള്ളിയാണ് കങ്കണ ഇത്തവണ മികച്ച നടിക്കുള്ള ബഹുമതി സ്വന്തമാക്കുന്നത്. മേരി കോം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ അവസാന റൗണ്ടില്‍ പ്രിയങ്കയുമുണ്ടായിരുന്നു ഇത്തവണ അവാര്‍ഡ് പരിഗണനയില്‍.
ക്വീനിന് മുമ്പും ശേഷവും എന്ന് രണ്ട് ഘട്ടങ്ങളായി കങ്കണയുടെ അഭിനയജീവിതത്തെ വേര്‍തിരിച്ച് പറയാം. അനുരാഗ് കശ്യപും വിക്രമാദിത്യ മോട്ട് വാനയും ചേര്‍ന്ന് നിര്‍മ്മിച്ച കോമഡി ചിത്രമായിരുന്നു വികാസ് ബാലിന്റെ ക്വീന്‍. വിവാഹത്തലേന്ന് തനിക്ക് താലികെട്ടേണ്ട വരന്‍ ഏകപ്ഷീയമായി വിവാഹത്തില്‍ നിന്ന് പിന്മാറുന്നതോടെ തകര്‍ന്നുപോയ റാണി മെഹ്‌റ എന്ന കഥാപാത്രത്തെയാണ് ക്വീനില്‍ കങ്കണ അവതരിപ്പിച്ചത്.. വിദേശത്ത് ജീവിക്കുന്ന തനിക്ക് യാഥാസ്ഥിതിക രീതികള്‍ പിന്തുടരുന്ന അവളുടെ രീതികളുമായി പൊരുത്തപെടാന്‍ കഴിയില്ലെന്നും പറഞ്ഞാണ് പ്രതിശ്രുത വരന്‍ പിന്മാറുന്നത്. ആകെ തകര്‍ന്ന റാണി ഒരു ദിവസം മുഴുവന്‍ അടിച്ചിട്ട മുറിയില്‍ ഒറ്റയ്ക്കിരുന്നു. ഒടുവില്‍ അവള്‍ ഉറച്ച ഒരു തീരുമാനമെടുത്തു.
മുന്‍ നിശ്ചയിച്ച പ്രകാരം പാരീസിലേക്കും ആംസ്റ്റര്‍ഡാമിലേക്കുമുള്ള ഹണിമൂണ്‍ യാത്ര ഒറ്റയ്ക്ക് പോകാന്‍ അവള്‍ തീരുമാനിക്കുന്നു. വിദേശയാത്രയില്‍ അവള്‍ക്ക് വിജയലക്ഷ്മി എന്നൊരു സുഹൃത്തിനെ കിട്ടുന്നു. സ്വാതന്ത്ര്യത്തിന്റെ ലോകം അവള്‍ ആസ്വദിക്കുന്നു. കടല്‍ കടന്നതോടെ അത് സ്വയം തിരിച്ചറിവിനും അവള്‍ക്ക് അവസരമായി. തനിക്ക് ഒരിക്കലും മാറാനാകില്ലെന്ന ധാരണ അവള്‍ തിരുത്തുന്നു. മോഡേണായി മാറിയ റാണി തന്റെ ഒരു സെല്‍ഫി വിജയലക്ഷ്മിക്ക് അയച്ചത് അബദ്ധത്തില്‍ ഒരിക്കല്‍ വരനായി ഒരിക്കല്‍ പ്രത്യക്ഷപ്പെട്ട വിജയ്ക്ക് അയക്കുന്നു. തുടര്‍ന്ന് അവളെ കണ്ടെത്താന്‍ വിജയ് നടത്തുന്ന ശ്രമങ്ങള്‍. അങ്ങനെ പോകുന്ന ഈ ഹാസ്യ ചിത്രം. എല്ലാ അര്‍ഥത്തിലും കങ്കണയുടെ സിനിമയാണ് ക്വീന്‍. ക്വീന്റെ കഥാ ചര്‍ച്ചയില്‍ തിരക്കഥ വായിച്ച് ചില തിരുത്തലുകള്‍ നിര്‍ദേശിച്ച കങ്കണയുടെ പേരും തിരക്കഥാസഹായി എന്ന നിലയില്‍ സംവിധായകന്‍ ചിത്രത്തിന്റെ ക്രെഡിറ്റ് ലൈനില്‍ ഉള്‍പ്പെടുത്തി.
ഒരിക്കലും അവാര്‍ഡുകളില്‍ വിശ്വസിക്കുന്നില്ല എന്ന് പരസ്യമായി പറഞ്ഞ താരമാണ് മികച്ച നടിയായി ബഹുമാനിതയാകുന്നത്. മോഡലിങ്ങിലോ അഭിനയ പാരമ്പര്യമോ ഒന്നും അവകാശപ്പെടാനില്ലാത്ത മണാലിയില്‍ നിന്നുള്ള ഈ പെണ്‍കുട്ടി വേറിട്ട കഥാപാത്രങ്ങള്‍ ചെയ്താണ് ബോളിവുഡിന്റെ ശ്രദ്ധാകേന്ദ്രമായത്. തനു വെഡ്‌സ് മനുവിലെ തനുവായും, ഗാങ്‌സ്റ്ററിലെ സിമ്രനായും വണ്‍സ് അപ്പോള്‍ എ ടൈം ഇന്‍ മുംബൈയിലെ രഹനയായും ക്വീനിലെ റാണിയായും അവര്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ആ യാത്രയില്‍ മികച്ച നടിയുടെ പുരസ്‌കാരവും ഇനി അവളുടെ പേരിനൊപ്പം ചേര്‍ത്തുവായിക്കാം. ഒരിക്കല്‍ അരങ്ങേറ്റ ചിത്രമായ ഗാങ്സ്റ്ററിലെ ചുംബനരംഗം കണ്ട് കങ്കണയുടെ മുത്തച്ഛന്‍ അവളോട് കുടംബപ്പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ കങ്കണ തളര്‍ന്നില്ല, ഒരു തികഞ്ഞ നടിയായി അവര്‍ യാത്ര തുടര്‍ന്നു വളര്‍ന്നു. പൊതുവേദികളില്‍ വേഷവിധാനങ്ങളിലൂടെയും അവര്‍ എന്നും ശ്രദ്ധാകേന്ദ്രമായിരുന്നു. ഒരിക്കലും ഒരു പ്രത്യേക ചട്ടക്കൂടില്‍ തളച്ചിടാന്‍ ഒരിക്കലും കഴിയാത്ത വ്യക്തിത്വം. അതാണ് കങ്കണ റണൗട്ട്
from kerala news edited
via IFTTT