കുഞ്ഞ് ഉത്തര ഓര്‍ത്തിരിക്കില്ല ഇത്രയും വലിയൊരു സമ്മാനമാണ് സൈന്ധവി ആന്റി തനിക്കുവേണ്ടി ഒരുക്കിവച്ചതെന്ന്. സമ്മാനം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് അന്ന് അമ്മ പ്രിയ അവളെ ഗായിക സൈന്ധവിയുടെ വീട്ടിലേയ്ക്ക് കൊണ്ടുപോയത്. കുറേ നിര്‍ബന്ധിക്കേണ്ടിവന്നു ഒരു നാലു വരി മൂളിക്കാന്‍. ഒരു കുഞ്ഞു പാട്ട് പാടി വേഗം അമ്മയുടെ ഷോളില്‍ ഓടിയൊളിക്കുകയും ചെയ്തു അവള്‍. തിരിച്ചുവരുമ്പോള്‍ സമ്മാനത്തിന്റെ കാര്യമൊക്കെ അമ്മയും മകളും മറന്നുപോയിരുന്നു.
എന്നാല്‍, മാസങ്ങള്‍ക്കിപ്പുറം അമ്മയും വലിയ പാട്ടുകാരനായ അച്ഛനും നിനയ്ക്കാത്തൊരു വലിയ സമ്മാനമാണ് ഉത്തരയെ തേടിയെത്തിയിരിക്കുന്നത്. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ്. ഒറ്റപ്പാട്ട് കൊണ്ട് ലതാ മങ്കേഷ്‌ക്കര്‍ക്കും എസ്. ജാനകിക്കും കെ.എസ്. ചിത്രയ്ക്കുമൊക്കെയൊപ്പമെത്തിയിരിക്കുകയാണ് പതിനൊന്നു വയസ്സുകാരി ഉത്തര. ഈ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഗായിക കൂടിയാണ് മുന്‍ ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ ഗായകന്‍ പി ഉണ്ണികൃഷ്ണന്റെ മകളായ ഈ അഞ്ചാം ക്ലാസുകാരി. മികച്ച ഗായകനും ഗായികയ്ക്കുമുള്ള പുരസ്‌കാരം ഒരേ വീട്ടില്‍. 1994ല്‍ കാതലനിലെ എന്നവളെയ്ക്കും പവിത്രയിലെ ഉയിരും നീയെയ്ക്കുമാണ് ഉണ്ണികൃഷ്ണന് മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് കിട്ടിയത്. ഉത്തരയുടെ പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്നാണ് ഉയിരും നീയെ.
സൈന്ധവിയുടെ വീട്ടില്‍ വിരുന്നുകാരിയായി വന്ന് മൂളിയ പാട്ടാണ് ഉത്തരയെ പ്രശസ്തിയുട വെള്ളിവെളിച്ചത്തിലെത്തിച്ചത്. കൂട്ടുകാരി പ്രിയക്കൊപ്പഗ ഉത്തരവന്നു പാടിയ പാട്ട് സൈന്ധവിയുടെ മനസ്സില്‍ കൂടുകൂട്ടിയിരുന്നു അന്നുതന്നെ. കുഞ്ഞുസ്വരത്തില്‍ കേട്ട നാലുവരി സൈന്ധവിയുടെ മാത്രമല്ല, ഭര്‍ത്താവും സംഗീത സംവിധായകനുമായ ജി.വി. പ്രകാശ്കുമാറിന്റെ മനസ്സിലും കൂടുകൂട്ടി. പ്രകാശ് ശൈവമെന്ന എല്‍.വിജയിന്റെ ചിത്രത്തിലേയ്ക്ക് ഒരു കുഞ്ഞുഗായികയെ തേടുന്ന സമയമായിരുന്നു അത്. പ്രകാശിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ശൈവത്തിലെ അഴകെ അഴകെ ഏതുവും അഴകെ എന്ന ഗാനത്തിന് സ്വരം കൊടുക്കാന്‍ ഉത്തര തന്നെ മതിയെന്ന് തീരുമാനിച്ചു പ്രകാശ്കുമാര്‍. പാട്ട് പഠിപ്പിക്കാന്‍ അച്ഛനും ഗായകനുമായ ഉണ്ണികൃഷ്ണനും കൂടെ ഉണ്ടായിരുന്നു. അതുകൊണ്ട് പ്രകാശ്കുമാറിന് ഒട്ടും ആയാസപ്പെടേണ്ടിവന്നില്ല.
രണ്ടു ദിവസം കൊണ്ടാണ് ഗാനം റെക്കോഡ് ചെയ്തത്. ആദ്യ ദിവസം അമ്മ പ്രിയയായിരുന്നു ഒപ്പം. രണ്ടാം ദിവസം അച്ഛന്‍ ഉണ്ണികൃഷ്ണനും. പാട്ടിലെ സ്വരങ്ങളും സംഗതികളുമെല്ലാം ശരിയാക്കിക്കൊടുത്തത് ഉണ്ണികൃഷ്ണന്‍ തന്നെ.
ഇരുത്തം വന്ന ഗായികമാരെ പോലെ തന്റെ ഹൃദയം നല്‍കിത്തന്നെയാണ് ഭാവാര്‍ദ്രമായി ഉത്തര ഗാനം ആലപിച്ചത്.
ചിത്രത്തില്‍ നായിക സാറ പാടുന്ന ആ പാട്ട് ഹിറ്റാവാന്‍ ഏറയൊന്നും താമസമുണ്ടായില്ല. ഓഡിയോ റിലീസോടെ തന്നെ ഉണ്ണികൃഷ്ണന്റെ മകള്‍ അച്ഛനേക്കാള്‍ പേരെടുത്തു. ഒരൊറ്റ ദിവസം കൊണ്ട് ചെന്നൈ ചെട്‌പേട്ടിലെ ലേഡി ആണ്ടാള്‍ സ്‌കൂളിലെ അഞ്ചാം ക്ലാസുകാരി. പാട്ടിന്റെ ഓഡിയോ റിലീസിന് ഉത്തരയുടെ മൂന്ന് കൂട്ടുകാരും എത്തിയിരുന്നു.
പാട്ടിന്റെ വീട്ടില്‍ പിറന്ന ഉത്തര കുഞ്ഞു വയസ്സില്‍ തന്നെ തുടങ്ങിയിരുന്നു പാട്ടുപഠിത്തവും. സുധാ രാധാമണിയായിരുന്നു ഗുരു. കുട്ടിത്തവും വികൃതിയും വിട്ടുമാറിയിട്ടില്ലെങ്കിലും പാട്ടില്‍ ഒരു കളിയും പാടില്ലെന്ന നിര്‍ബന്ധക്കാരനായിരുന്നു ഉണ്ണികൃഷ്ണന്‍. സംഗതി ശരിയായില്ലെങ്കില്‍ നൂറു തവണ പരിശീലിക്കാന്‍ പറയും അച്ഛന്‍. അഴകിന്റെ റെക്കോഡിങ്ങിലും ഇങ്ങനെയാണ് ഞാന്‍ സംഗയികളൊക്കെ ശരിയാക്കിയത്-ഉത്തര പറയുന്നു.
അച്ഛന്റെയും എം.എസ്. സുബ്ബലക്ഷ്മിയുടെയും കീര്‍ത്തനങ്ങള്‍ പോലെതന്നെ ജെയിംസ് ബോണ്ട് ചിത്രമായ സ്‌കൈഫോളിലെ ശീര്‍ഷക ഗാനവും ഇഷ്ടപ്പെടുന്ന ഉത്തരയുടെ ചുണ്ടില്‍ സദാ ഉണ്ടാകും ഏതെങ്കിലുമൊരു പാട്ടിന്റെ പല്ലവിയും. കളിപ്പാട്ടങ്ങളോളം തന്നെ പ്രിയപ്പെട്ടതാണ് ഉത്തരയ്ക്ക് ഈ പാട്ടുകളും.
from kerala news edited
via IFTTT