Story Dated: Tuesday, March 24, 2015 07:13
പാലക്കാട്: സംസ്‌ഥാനത്ത് കോഴി വളര്‍ത്തല്‍ കൃഷിയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് അന്തിമതീരുമാനം ഉടനുണ്ടാകുമെന്ന കൃഷിമന്ത്രിയുടെ പ്രഖ്യാപനം പാഴായതോടെ കോഴിഷെഡ്ഡുകള്‍ ബംഗാളി തൊഴിലാളികളുടെ താമസ കേന്ദ്രമായി മാറുന്നു. സംസ്‌ഥാനത്ത് ഏറ്റവും കൂടുതല്‍ കോഴി വളര്‍ത്തുന്ന പാലക്കാട് ജില്ലയിലെ 30 ശതമാനത്തോളം പേരും പദ്ധതി ഉപേക്ഷിച്ച് തങ്ങളുടെ ഷെഡ്ഡുകള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി നല്‍കിയിരിക്കുകയാണ്.
ജില്ലയുടെ പല മേഖലകളിലും കോഴി ഷെഡുകള്‍ മറച്ചുകെട്ടി ഇപ്പോള്‍ ബംഗാളി തൊഴിലാളികള്‍ക്ക് താമസത്തിന് നല്‍കിയിരിക്കയാണ്. കോഴി വളര്‍ത്തല്‍ കൃഷിയില്‍ ഉള്‍പ്പെടുത്തുമെന്നും കോഴി, പന്നി, കന്നുകാലി ഫാമുകളെ കെട്ടിടനികുതിയില്‍ നിന്നും ഒഴിവാക്കുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാല്‍ രണ്ടു തീരുമാനവും നടപ്പിലായില്ല.
മന്ത്രിസഭാ യോഗത്തിന് ശേഷം 2013 ഒക്‌ടോബര്‍ 23 നാണ് ഫാമുകളെ കെട്ടിട നികുതിയില്‍ നിന്നും ഒഴിവാക്കിയ കാര്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനാവശ്യമായ നിയമഭേദഗതി ഉടന്‍ കൊണ്ടുവരുമെന്നും പറഞ്ഞെങ്കിലും യാതൊരു തുടര്‍നടപടിയും ഉണ്ടായില്ല. കേരള കോഴികര്‍ഷക സംയുക്‌തസമിതിയുടെ സമ്മേളനത്തില്‍ പങ്കെടുത്താണ് 2013 ഡിസംബറില്‍ കൃഷിമന്ത്രി കെ.പി. മോഹനന്‍ കോഴി വളര്‍ത്തല്‍ കൃഷിയില്‍ ഉള്‍പ്പെടുത്തുമെന്ന് അറിയിച്ചത്. പക്ഷേ ഇക്കാര്യത്തിലും കാര്യമായ തുടര്‍നടപടികളൊന്നും ഉണ്ടായില്ല.
സംസ്‌ഥാനത്ത് ഏറ്റവും കൂടുതല്‍ കോഴി വളര്‍ത്തുന്ന പാലക്കാട് ജില്ലയിലെ മിക്ക കര്‍ഷകരും പദ്ധതി ഉപേക്ഷിച്ചതായി കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്‌ഥാന വൈസ് പ്രസിഡന്റ് ജിജി മാത്യു പറഞ്ഞു. തമിഴ്‌നാട് ലോബിയുടെ സമ്മര്‍ദ്ദത്തെയും അതിജീവിച്ച് സംസ്‌ഥാനത്ത് കോഴി വളര്‍ത്തലില്‍ പിടിച്ചുനില്‍ക്കാനാവാതെ കര്‍ഷകര്‍ വെട്ടിലായി. സര്‍ക്കാരില്‍ നിന്നുള്ള വാഗ്‌ദാനങ്ങള്‍ നടപ്പിലാവാതെ തുടരുമ്പോള്‍ തമിഴ്‌നാട് ലോബിയുടെ സമ്മര്‍ദ്ദവും അതിജീവിക്കാനാവാതെ ഇവിടത്തെ സാധാരണ കര്‍ഷകര്‍ വെട്ടിലാവുകയാണ്. കേരളത്തില്‍ ഇറച്ചിക്കോഴിയുടെ വില നിശ്‌ചയിക്കുന്നത് തമിഴ്‌നാട്ടിലെ വന്‍കിട കോഴിക്കച്ചവടക്കാരാണ്. കേരളത്തിലേക്ക് കൂടുതല്‍ കുഞ്ഞുങ്ങളെ എത്തിച്ചാല്‍ അവ വിപണിയിലെത്തുന്ന 40 ദിവസം കണക്കാക്കി വിലയിടിക്കുന്ന തന്ത്രം തമിഴ്‌നാട് പയറ്റുക പതിവാണെന്ന് ജിജി മാത്യു പറഞ്ഞു. വിലക്കുറവുള്ള സ്‌ഥലത്തേക്ക് ട്രേഡേഴ്‌സ് ആകര്‍ഷിക്കപ്പെടുന്നതിനാല്‍ നഷ്‌ടത്തിലായാലും ഇവിടത്തെ കോഴിയും അതേവിലയ്‌ക്ക് വില്‍ക്കേണ്ടിവരും.
5000 കോഴിയുള്ള ഒരു ഫാമില്‍ ഒരു ദിവസം 15 ചാക്ക് തീറ്റവേണം. ചാക്ക് ഒന്നിന് 1500 രൂപ നിരക്കില്‍ കണക്കാക്കിയാല്‍ കോഴി ഫാമില്‍ തുടരുന്ന ഓരോ ദിവസവും നഷ്‌ടം കൂടുമെന്നതിനാല്‍ വിലയുടെ പേരില്‍ പിടിച്ചുനില്‍ക്കാന്‍ ഇവിടത്തെ കര്‍ഷകര്‍ക്കാവില്ല. കോഴിക്ക് 30 രൂപ തറവിലയുള്ളപ്പോള്‍ വില്‍പ്പന നികുതി പരിധി പത്തുലക്ഷമായിരുന്നു. നിലവില്‍ തറവില 95 ലെത്തിയിട്ടും നികുതി പരിധി പത്തുലക്ഷത്തില്‍ നിന്നും ഉയര്‍ത്തിയിട്ടില്ല.
വെറും 868 കോഴിയെ വളര്‍ത്തിയാല്‍ നികുതി പരിധി കടക്കും. ഒരു വരുമാനമാര്‍ഗമെന്ന നിലയില്‍ 4000 കോഴികളെയെങ്കിലും വളര്‍ത്തണം. കോഴി ഷെഡുകള്‍ക്ക് നികുതി വര്‍ധനവും ആഡംബര നികുതിയും ഉണ്ട്. വൈദ്യുതി നിരക്കും കുത്തനെ വര്‍ധിപ്പിച്ചു. ഇതെല്ലാമാണ് കര്‍ഷകരെ ഈ മേഖലയില്‍ നിന്നും പിന്‍തിരിപ്പിക്കുന്നത്.
from kerala news edited
via IFTTT