Story Dated: Tuesday, March 24, 2015 05:14
കല്ലമ്പലം: റോഡ് റോളര്‍ കുത്തനെയുളള കയറ്റത്ത് നിയന്ത്രണംതെറ്റി പിറകോട്ടുരുണ്ട് മതിലിലിടിച്ചുനിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. തലനാരിഴക്കാണ് ദുരന്തം ഒഴിവായത്. നാവായിക്കുളം ഡീസന്റ്‌മുക്ക് പാറച്ചേരിയില്‍ കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കായിരുന്നു സംഭവം. നാവായിക്കുളത്തുനിന്ന് തുമ്പോട്ടേക്കു പോകുമ്പോള്‍ കുത്തനെയുളള കയറ്റം കയറി തീരാറായപ്പോഴേക്കും വണ്ടിയുടെ ഗിയര്‍ബോക്‌സ് തകര്‍ന്ന് എന്‍ജിനുമായുള്ള ബന്ധംനഷ്‌ടപ്പെടുകയും വേഗത്തില്‍ പുറകോട്ടുരുളുകയുമായിരുന്നു. റോഡ് റോളര്‍ നിര്‍ത്താനാകാതെ ഡ്രൈവര്‍ ഉച്ചത്തില്‍ നിലവിളിച്ച് അപായസൂചന നല്‍കിയതിനെതുടര്‍ന്ന് വഴിയാത്രക്കാര്‍ ഓടിമാറി.
വാഹനങ്ങള്‍ നിര്‍ത്തി ഡ്രൈവര്‍മാരും ഓടി രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ കല്ലും കട്ടയും മറ്റും റോഡിലിട്ട് റോളര്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ മുരുകന്‍ മനോധൈര്യം കൈവിടാതെ വാഹനത്തിന്റെ ഗതി ഒരു വിധം നിയന്ത്രിച്ച് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിലും വാഹനങ്ങളിലും ഇടിക്കാതെ നോക്കിയെങ്കിലും സമീപത്തെ സ്വകാര്യ വ്യക്‌തിയുടെ മതിലും തകര്‍ത്ത് റോഡിനു കുറുകെ നില്‍ക്കുകയായിരുന്നു. ഇതുവഴിയുളള ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടെങ്കിലും പിന്നീട് ജെ.സി.ബി എത്തിച്ച് റോഡ് റോളറിനെ റോഡില്‍നിന്നും മാറ്റുകയായിരുന്നു.
from kerala news edited
via IFTTT