Story Dated: Sunday, March 29, 2015 07:19
കിളിമാനൂര്‍: അറവുമാലിന്യവുമായി വന്ന വാഹനം കത്തിനശിച്ചു. പോലീസിന്റെ ഭാഗത്തുനിന്നും അനാസ്‌ഥ ഉണ്ടായതായും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പോലീസും നാട്ടുകാരും തമ്മിലുണ്ടായ കശപിശയില്‍ ഒരു പോലീസുകാരനു പരുക്കേറ്റു. സിവില്‍ പോലീസ് ഓഫീസര്‍ മനോജിനാണ് പരുക്കേറ്റത്.
വെളളിയാഴ്‌ച രാത്രിയില്‍ പോങ്ങനാട്ടാണ് സംഭവങ്ങള്‍. അഴുകിയ അറവുമാലിന്യവുമായി വന്ന വാഹനം നാട്ടുകാര്‍ വെളളിയാഴ്‌ച രാത്രി എട്ടുമണിയോടെ പിടികൂടി. പോലീസിനെ വിളിച്ചുവരുത്തി പിടികൂടിയവരെ കൈമാറി. ഈ സമയം വാഹനം പോലീസ് കസ്‌റ്റഡിയിലെടുത്തു സ്‌റ്റേഷനിലേക്കു മാറ്റിയില്ല. പിടികൂടിയവരെ പിന്നീട് പോലീസ് വിട്ടയച്ചു.വാഹനം എടുത്തുകൊണ്ടുപോകുന്നതിനും നിര്‍ദേശിച്ചു.
പോങ്ങനാട്, പളളിക്കല്‍, കാട്ടുചന്ത പ്രദേശങ്ങളില്‍ വ്യാപകമായി കോഴിഫാമുകളിലെ മാലിന്യങ്ങളും അറവുമാലിന്യങ്ങളും റോഡില്‍ തളളുന്നത് പതിവാണ്. ഇതുകാരണം നാട്ടുകാര്‍ കടുത്ത രോഷത്തിലാണ്. വാഹനം എടുക്കാന്‍ വന്നവരെ നാട്ടുകാര്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും വാഹനം കേടുവരുത്തുകയും ചെയ്‌തു. സംഭവമറിഞ്ഞ് വീണ്ടും പോലീസെത്തിയതോടെ നാട്ടുകാര്‍ രോഷാകുലരായി ഉന്തും തളളും വാഗ്വാദവും ചെറിയ സംഘര്‍ഷം ഉണ്ടാവുകയും ചെയ്‌തു. ഇതിനിടയിലാണ് മനോജിനു പരുക്കേറ്റത്.
തുടര്‍ന്ന് നാട്ടുകാര്‍ പിരിഞ്ഞുപോകുകയും ചെയ്‌തു. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണു വാഹനം കത്തുന്ന വിവരം അറിയുന്നത്. വാഹനം പൂര്‍ണമായി കത്തിനശിച്ചു. ആദ്യമേ പോലീസ് വാഹനം കസ്‌റ്റഡിയിലെടുത്തിരുന്നെങ്കില്‍ തുടര്‍ന്നുണ്ടായ എല്ലാ പ്രശ്‌നങ്ങളും ഒഴിവാകുമായിരുന്നുവത്രേ. വാഹനം കത്തിച്ചതിനു ദൃക്‌സാക്ഷികളില്ലാതിരുന്നിട്ടും നാട്ടുകാരില്‍ ചിലരെ മനഃപൂര്‍വം പോലീസ് സംഭവത്തില്‍ പ്രതിയാക്കുകയാണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.സംഭവത്തില്‍ കിളിമാനൂര്‍ പോലീസ് രണ്ടു കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു.
from kerala news edited
via IFTTT