Story Dated: Sunday, March 29, 2015 07:08
മെല്‍ബണ്‍: കഴിഞ്ഞ ലോകകപ്പില്‍ കൈവിട്ട കിരീടം തിരിച്ചുപിടിച്ച് ഓസീസ് ക്രിക്കറ്റിന്റെ നെറുകയില്‍ മുത്തമിട്ടു. 2011ല്‍ ഇന്ത്യയ്‌ക്ക് മുന്നില്‍ കപ്പ് വച്ച് കീഴടങ്ങിയ ആതിഥേയര്‍ അയല്‍ക്കാരായ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച് ലോകക കിരീടം തിരിച്ചു പിടിച്ചു. സെമിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച പോലെ കിവീസിനു ഒന്നു പൊരുതാന്‍ പോലും ഓസീസ് അനുവദിച്ചില്ല. കിവീസ് മുന്നോട്ട് വച്ച 184 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ ഓസീസ് മറികടന്നു. വിടവാങ്ങല്‍ മത്സരം കളിച്ച ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന് കീരീട നേട്ടം അഭിമാനകരമായി.
ഈ ലോകകപ്പോടെ അഞ്ചാമത്തെ കിരീടനേട്ടമാണ് ഓസീസ് സ്വന്തമാക്കിയിരിക്കുന്നത്. 1987,1999,2003, 2007 വര്‍ഷങ്ങളിലാണ് ഓസീസ് നേരത്തെ കിരീടം നേടിയിട്ടുള്ളത്. ആദ്യ കിരീടം സ്വപ്‌നം കണ്ടിറങ്ങിയ കിവീസിന്റെ സ്വപ്‌നങ്ങള്‍ ഓസീസ് ബോളര്‍മാര്‍ തല്ലിക്കെടുത്തി.
ടോസ് നേടുന്നതില്‍ മാത്രം വിജയിക്കാനാണ് കിവീസിന് സാധിച്ചത്. മത്സരത്തിന്റെ മറ്റെല്ലാ തലങ്ങളിലും ഓസീസ് വ്യക്‌തമായ മേല്‍കൈ നേടിയിരുന്നു. 184 റണ്‍ വിജയ ലക്ഷ്യവുമായിറങ്ങിയ ഓസീസിന് ഓപ്പണര്‍മാരുടെയും നായകന്‍ ക്ലാര്‍ക്കിന്റെയും വിക്കറ്റാണ് നഷ്‌ടമായത്. വാര്‍ണര്‍ 45 റണ്ണിനും, ഫിഞ്ച് റണ്‍ ഒന്നും നേടാതെയുമാണ് പുറത്തായത്. അര്‍ദ്ധസെഞ്ചുറി നേടിയ ക്ലാര്‍ക്ക് 74 റണ്ണിനും പുറത്തായി. സ്‌മിത്തും (56), വാട്‌സനും (2) കൂടിയാണ് ടീമിനെ വിജയത്തിലെത്തിച്ചത്.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിവീസ് ബാറ്റ്‌സ്മാന്മാരെ ഒരു രീതിയിലും നിലയുറപ്പിക്കാന്‍ ഓസീസ് പേസര്‍മാര്‍ അനുവദിച്ചില്ല. കിവീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും നായകനുമായ മക്കല്ലത്തിന്റെ (പൂജ്യം) വിക്കറ്റാണ് ആദ്യം നഷ്‌ടമായത്. തുടര്‍ന്ന് ക്രീസിലെത്തിയവരെ ഓസീസ് പേസര്‍മാര്‍ തുടരെ തുടരെ പവലിയനിലേക്ക് മടക്കി. എലിയട്ട് മാത്രമാണ് കിവീസ് ബാറ്റിംഗ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ച് നിന്നത്. എലിയട്ട് 83 റണ്‍ നേടി. ഓസീസിനു വേണ്ടി ജോണ്‍സന്‍, ഫോള്‍ക്ക്‌നര്‍ എന്നിവര്‍ മൂന്ന്, സ്‌റ്റാര്‍ക്ക് രണ്ട്, മാക്‌സെ്വല്‍ ഒരു വിക്കറ്റും നേടി.
from kerala news edited
via IFTTT