Story Dated: Sunday, March 29, 2015 08:33
ന്യൂഡല്‍ഹി: ഡല്‍ഹി ഒന്നടങ്കം ആം ആദ്‌മി പാര്‍ട്ടിക്കൊപ്പം നിന്നപ്പോള്‍ ചില സുഹൃത്തുക്കള്‍ പിന്നില്‍ നിന്ന് കുത്തിയെന്ന് അരവിന്ദ് കെജ്രിവാള്‍. വിമത നേതാക്കളായ യോഗേന്ദ്ര യാദവ് എന്നിവര്‍ക്കെതിരായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് ശനിയാഴ്‌ച ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കവെയാണ് കെജ്രിവാള്‍ ഇക്കാര്യം പറഞ്ഞത്. കെജ്രിവാളിന്റെ പ്രസംഗത്തിന്റെ വീഡിയോ ഔദ്യോഗിക വിഭാഗം ഇന്ന് പുറത്തുവിട്ടിരുന്നു. കെജ്രിവാള്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്‌തുവെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കുന്നതിനാണ് ഔദ്യോഗിക വിഭാഗം കെജ്രിവാളിന്റെ പ്രസംഗ വീഡിയോ പുറത്തുവിട്ടത്. വൈകാരികമായാണ് കെജ്രിവാള്‍ യോഗത്തില്‍ സംസാരിച്ചത്.
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ പരാജയം ഉറപ്പിക്കുന്നതിന് വിമത വിഭാഗം ഗൂഢാലോചന നടത്തിയെന്നും കെജ്രിവാള്‍ ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പരാജയം ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്ന് പ്രശാന്ത് ഭൂഷന്‍ നിരവധി പേരോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ അപഹസിക്കുകയും പാര്‍ട്ടിയെ നശിപ്പിക്കുകയും ചെയ്യുമെന്ന് പ്രശാന്ത് ഭൂഷന്‍ പലരോടും പറഞ്ഞിരുന്നതായും കെജ്രിവാള്‍ ആരേപിച്ചു. തന്നെ താറടിച്ചു കാണിക്കുന്നതിന് യോഗേന്ദ്ര യാദവ് പ്രമുഖ ചാനലുകളില്‍ വ്യാജവാര്‍ത്ത പ്ലാന്റ് ചെയ്‌തുവെന്നും കെജ്രിവാള്‍ ആരോപിച്ചു. പ്രമുഖമായ രണ്ട് വാര്‍ത്താ ചാനലുകളുടെ എഡിറ്റര്‍മാര്‍ തന്നെ തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നതായും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
പ്രശാന്ത് ഭൂഷന്റെ പിതാവും പാര്‍ട്ടി സ്‌ഥാപക നേതാവുമായ ശാന്തി ഭൂഷനെതിരെയും കെജ്രിവാള്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ഡല്‍ഹി തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തന്നെ വിമര്‍ശിച്ച് പത്രസമ്മേളനം നടത്തിയ ശാന്തി ഭൂഷന്റെ നടപടിയാണ് കെജ്രിവാളിനെ ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേരിട്ട് ഡല്‍ഹിയില്‍ എത്താനിരുന്ന നിരവധി വോളണ്ടിയര്‍മാരെ വിമത വിഭാഗം തടഞ്ഞു. തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കാനിരുന്ന നിരവധി പേരെ തടഞ്ഞു, തുടങ്ങിയവയാണ് കെജ്രിവാളിന്റെ മറ്റ് ആരോപണങ്ങള്‍.
മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് താന്‍ പിന്തുണയ്‌ക്കുന്നത് കിരണ്‍ ബേദിയെയാണന്ന് ശാന്തി ഭൂഷന്‍ പറഞ്ഞിരുന്നു. കിരണ്‍ ബേദി കഴിഞ്ഞാല്‍ ശാന്തി ഭൂക്ഷന്‍ പിന്തുണച്ചത് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനെയായിരുന്നു. തെരഞ്ഞെടുപ്പില്‍ മറ്റ് പാര്‍ട്ടി നേതാക്കളെ പിന്തുണച്ചു കൊണ്ട് പിന്നെ എന്തിനാണ് ശാന്തി ഭൂഷന്‍ എ.എ.പിയില്‍ തുടരുന്നതെന്നും കെജ്രിവാള്‍ ചോദിച്ചു. നേരത്തെ മുഖ്യമന്ത്രി സ്‌ഥാനമുള്‍പ്പെടെ രാജിവച്ച തനിക്ക് സ്‌ഥാനമോഹമില്ല. തന്റെ ആത്മാര്‍ത്ഥയെ കൂടെയുള്ളവര്‍ തന്നെ ചോദ്യം ചെയ്‌തതില്‍ ദുഃഖമുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.
from kerala news edited
via IFTTT