Story Dated: Saturday, March 28, 2015 03:21
കുന്നംകുളം: കാണിയാമ്പാല്‍ ആനായ്‌ക്കലിലെ പെന്തക്കോസ്‌ത് സഭാ പ്രാര്‍ത്ഥനാലയത്തിനുനേരേയുണ്ടായ ആക്രമണവും തീവയ്‌പും അന്വേഷിക്കാന്‍ കുന്നംകുളം സി.ഐ. കൃഷ്‌ണദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടിനാണ് ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ പ്രാര്‍ത്ഥനാലയത്തിനുനേരേ ആക്രമണമുണ്ടായത്. മണ്ണെണ്ണയും ഡീസലും കലര്‍ന്ന മിശ്രിതമുപയോഗിച്ചാണ് ബൈക്കുകളും കാറും കത്തിച്ചിട്ടുള്ളത്. എസ്.പി. അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്‌ഥരും രാഷ്‌ട്രീയപാര്‍ട്ടി ജനപ്രതിനിധികളും സംഭവസ്‌ഥലത്തെത്തിയിരുന്നു. ഫോറന്‍സിക് വിരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി. പോലീസ് നായയുടെ സഹായത്തോടെ സ്‌ഥലത്ത് അന്വേഷണം നടത്തി. മണംപിടിച്ച പോലീസ്‌നായ സമീപത്തെ പാടത്തേക്കാണ് ഓടിയത്.
പി.കെ. ബിജു എം.പി. അടക്കമുള്ളവര്‍ ഉന്നത പോലീസ് അധികൃതരുമായി ബന്ധപ്പെട്ടശേഷമാണ് പ്രത്യേക പോലീസ് അന്വേഷണസംഘത്തെ നിയോഗിച്ചത്.
സംഭവസ്‌ഥലത്തെ ഒരു യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിനുശേഷം ഈ യുവാവിനെ നാട്ടില്‍നിന്നു കാണാതായിട്ടുണ്ട്. കാണിയാമ്പാല്‍ ആനായ്‌ക്കല്‍ പ്രദേശത്ത് അടുത്തകാലത്തുണ്ടായ തീവയ്‌പ് സംഭവങ്ങള്‍ക്കു പിന്നില്‍ ഈ യുവാവാണെന്ന് സൂചനകളുണ്ട്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് ശാസ്‌ത്രീയമായാണ് പോലീസ് അന്വേഷിക്കുന്നത്. ഇന്നലെ സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്‌ഥലത്തെത്തി വീണ്ടും അന്വേഷണം നടത്തി. അതിനിടെ മാനസിക രോഗിയായിരിക്കും സംഭവത്തിനു പിന്നിലെന്ന എസ്.പിയുടെ പ്രസ്‌താവന പെന്തക്കോസ്‌ത് സഭാവിശ്വാസികളില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.
from kerala news edited
via IFTTT