Story Dated: Sunday, March 15, 2015 02:13
പാലക്കാട്: നിത്യോപയോഗസാധനങ്ങള്‍ക്ക് വില കൂട്ടിയ ബജറ്റിന് പുറകെ ബജറ്റ് സമ്മേളനദിവസം നിയമസഭക്ക് അകത്തും പുറത്തും നടന്ന അനിഷ്‌ട സംഭവങ്ങളുടെ പേരില്‍ ഇടത് മുന്നണി നടത്തിയ ഹര്‍ത്താലും ജനങ്ങള്‍ക്ക് തിരിച്ചടിയായി. ഹര്‍ത്താലിനെ തുടര്‍ന്ന് ജനജീവിതം ദുസ്സഹമായി. അന്യനാടുകളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിയ യാത്രക്കാര്‍ ഹര്‍ത്താലിനെ തുടര്‍ന്ന് വാഹനവും ഭക്ഷണവും ലഭിക്കാതെ വലഞ്ഞു.
സാധാരണ ഹര്‍ത്താലില്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുടുങ്ങിയവരെ പോലീസ് വാഹനങ്ങളില്‍ കൊണ്ട് വരുമായിരുന്നുവെങ്കിലും ഇത്തവണ അതും ഉണ്ടായില്ല. ഒലവക്കോട്, ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ നൂറ് കണക്കിന് യാത്രക്കാരാണ് യാതൊരു സൗകര്യവുമില്ലാതെ വലഞ്ഞത്. കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വീസ് നടത്തിയില്ല. രണ്ടാംശനിയാഴ്‌ചയായതിനാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരുന്നു. സി.ബി.എസ്.ഇ പരീക്ഷാര്‍ഥികളെ ഹര്‍ത്താല്‍ വലച്ചു. പലരും പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിപ്പെടാന്‍ സാഹസപ്പെടേണ്ടി വന്നു.
ഗ്രാമങ്ങളില്‍ പോലും ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ നിര്‍ബന്ധമായി അടപ്പിച്ചതിന് പുറമെ സ്വകാര്യവാഹനങ്ങളും തടഞ്ഞു. പാലക്കാട് ടൗണ്‍, മുണ്ടൂര്‍, ആലത്തൂര്‍, കൊല്ലങ്കോട്, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം തുടങ്ങി മിക്കയിടത്തും വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം നേരിയ സംഘര്‍ഷത്തിലെത്തിച്ചു.
വെള്ളിയാഴ്‌ച രാത്രി ഡി.സി.സി ഓഫീസിന് നേരെയും അക്രമണം നടന്നു. കല്ലേറില്‍ ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ഡി.സി.സി നേതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ സ്വകാര്യ കമ്പനികളും പൊതുമേഖല സ്‌ഥാപനങ്ങളായ മലബാര്‍സിമന്റ്‌സ്, ഇന്‍സ്‌ട്രുമെന്റേഷന്‍ തുടങ്ങിയവ പ്രവര്‍ത്തിച്ചു. ഇടത് മുന്നണി പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടനവും നടത്തി.
from kerala news edited
via IFTTT