കരുതലോടെ തുടങ്ങാം
Posted on: 02 Apr 2015
പാര്‍വതി കൃഷ്ണ
പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുകയാണ്. പുതുവര്‍ഷത്തില്‍ മാത്രമല്ല, പുതിയ സാമ്പത്തിക വര്‍ഷത്തിലുമെടുക്കാം നല്ല തീരുമാനങ്ങള്‍. അല്‍പ്പമൊന്നു മനസ്സുവെച്ചാല്‍ കൈപ്പിടിയിലൊതുക്കാവുന്ന ചെലവുകളേ നമുക്കൊക്കെയുള്ളൂ. അതിനായി തുനിഞ്ഞിറങ്ങണമെന്നു മാത്രം. പിശുക്കല്ല, ധാരാളിത്തമാണ് ഒഴിവാക്കേണ്ടത്.
വീണ്ടുമൊരു ഹാപ്പി ന്യൂ (ഫിനാന്‍ഷ്യല്‍) ഇയര്‍
ജനവരിയില്‍ എടുത്ത 'ന്യൂ ഇയര്‍ റെസൊല്യൂഷന്‍സ്' ഒന്നും നടപ്പിലായില്ലെന്നു കരുതി ബുദ്ധിമുട്ടേണ്ട. സാമ്പത്തിക കാര്യങ്ങളില്‍ പുതിയ തീരുമാനങ്ങളെടുക്കാന്‍ പറ്റിയ ദിവസമാണിന്ന്. ഫൂളാക്കാനുള്ള ദിവസം മാത്രമല്ല, പുതിയ സാമ്പത്തിക വര്‍ഷത്തിലേക്കുള്ള കാല്‍വെപ്പു കൂടിയാണ് ഏപ്രില്‍ ഒന്ന്.
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അല്‍പ്പസ്വല്‍പ്പം കാശ് മിച്ചം പിടിച്ച് സേവ് ചെയ്യാനുമെല്ലാം തുടങ്ങിയാലോ? അല്‍പ്പം പ്ലാനിങ്ങും കൗശലവുമുണ്ടെങ്കില്‍ വരുമാനത്തില്‍ നിന്ന് ഒരു പങ്ക് കരുതി വെയ്ക്കാം. അനാവശ്യ ചെലവുകള്‍ കണ്ടറിഞ്ഞ് ഒഴിവാക്കുകയുമാകാം.
സൈസ് സീറോ വേണ്ട...
റോമാ സാമ്രാജ്യം ഒറ്റ ദിവസം കൊണ്ടുണ്ടായതല്ല എന്നു കേട്ടിട്ടില്ലേ. അതുപോലെ തന്നെയാണ് സാമ്പത്തിക പ്ലാനിങ്ങിന്റെ കാര്യവും. ഒറ്റ ദിവസമോ ഒരു മാസമോ കൊണ്ട് ഒന്നും ചെയ്യാനാവില്ല. ചെലവ് കുറയ്ക്കാനും വരവ് സൂക്ഷിക്കാനും നിക്ഷേപങ്ങളും നീക്കിയിരിപ്പുകളും കൂട്ടാനും ദീര്‍ഘകാലത്തെ കൂട്ടായ ശ്രമം വേണം.
'ഇന്നു മുതല്‍ ഈ വീട്ടില്‍ നിന്ന് ആരും പുറത്തുനിന്നു ഭക്ഷണം കഴിക്കില്ല. തിയേറ്ററില്‍ പോയി സിനിമ കാണില്ല. ഈ വര്‍ഷം ഷോപ്പിങ്ങുമില്ല' എന്നുള്ള തീരുമാനങ്ങള്‍ കുടുബത്തില്‍ കോലാഹലമുണ്ടാക്കാനേ സഹായിക്കൂ. ഇതിന്റെയെല്ലാം ഫ്രീക്വന്‍സി കുറയ്ക്കുകയാണ് വേണ്ടത്. നാലു സിനിമ എന്നത് മൂന്നാക്കാം. പുറത്തു നിന്നു ഭക്ഷണം മാസത്തില്‍ നാല് എന്നത് ഒന്നാക്കാം. അങ്ങനെ കുടുംബത്തില്‍ എല്ലാവര്‍ക്കും താങ്ങാന്‍ പറ്റുന്ന തരത്തിലുള്ള മാറ്റങ്ങളേ കൊണ്ടു വരാവൂ. എല്ലാ വിനോദോപാധികളും കട്ട് ചെയ്ത് മിനിമം ഭക്ഷണവും വസ്ത്രവും മാത്രമായുള്ള ഒരു 'സൈസ് സീറോ' ബജറ്റ് ആവരുത്.
ഷോപ്പിങ്ങിന്റെ മനഃശാസ്ത്രം ഇനിയും പിടികിട്ടിയില്ലേ?
ആവശ്യമുള്ളവ വാങ്ങുന്നതാവണം ഷോപ്പിങ്. കാണുന്നതെല്ലാം വാങ്ങലല്ല. വേണ്ട സാധനങ്ങള്‍ എന്തൊക്കെയാണെന്ന പട്ടിക തയ്യാറാക്കി അവ വാങ്ങുകയാണ് വേണ്ടത്. ഷോപ്പിങ്ങിനായി പോകുമ്പോള്‍ മറ്റു പലതും കണ്ണില്‍ പെട്ടേക്കാം. അവ അത്യാവശ്യമാണോ ആവശ്യമാണോ അനാവശ്യമാണോ എന്ന് ആലോചിക്കുക. അത്യാവശ്യമുള്ളവ മാത്രം വാങ്ങുക. അത്യാവശ്യവും അനാവശ്യവും തിരിച്ചറിയാന്‍ നിഷ്പക്ഷമായി ചിന്തിക്കണമെന്നു മാത്രം.
അല്‍പ്പം സേവിങ്‌സ്
വ്യക്തിയായലും കുടുംബമായാലും ഒരു എമര്‍ജന്‍സി ഫണ്ട് കരുതേണ്ടത് അത്യാവശ്യമാണ്. അസുഖങ്ങളോ അപകടങ്ങളോ തൊഴില്‍ സുരക്ഷിതത്വമില്ലായ്മയോ എല്ലാം എമര്‍ജന്‍സി ആവശ്യങ്ങള്‍ തന്നെ. അതിനായി ഒരു ചെറിയ തുക മാസം തോറും നീക്കി വെയ്ക്കാം. കുടുംബത്തില്‍ കുട്ടികളോ പ്രായമായവരോ ഉണ്ടെങ്കില്‍ അവര്‍ക്കായും ഒരു തുക കരുതാം.
പണം നിക്ഷേപിക്കുന്നതിനായി സര്‍ക്കാറിന്റെയും സ്വകാര്യസ്ഥാപനങ്ങളുടെയും ധാരാളം മാര്‍ഗങ്ങളുണ്ട്. പോസ്‌റ്റോഫീസുകളിലൂടെ നടത്തുന്ന റെക്കറിങ് ഡെപ്പോസിറ്റ് (ആര്‍.ഡി.), ടൈം ഡെപ്പോസിറ്റ്, മാസം തോറും വരുമാനം ലഭിക്കാന്‍ മന്ത്‌ലി ഇന്‍കം അക്കൗണ്ട്, പബ്ലിക് പ്രോവിഡന്‍റ് ഫണ്ട് അക്കൗണ്ട്് എന്നിങ്ങനെ വിവിധ സ്‌കീമുകള്‍ പോസ്‌റ്റോഫീസുകളിലുണ്ട്.
ചിട്ടികളും വളരെ നല്ല ഒരു നിക്ഷേപ മാര്‍ഗമാണ്. ഗവണ്മെന്റ് അംഗീകൃത ചിട്ടികളാവണമെന്നു മാത്രം. കെ.എസ്.എഫ്.ഇ. പോലുള്ള സ്ഥാപനങ്ങളുടെ ചിട്ടികള്‍ വളരെപ്പേര്‍ക്ക് ആശ്വാസമാണ്.
മാസം തോറും അഞ്ഞൂറോ ആയിരമോ നിക്ഷേപിച്ച് ഒന്നു രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ നല്ലൊരു തുക കിട്ടും. അപ്പോള്‍ ആവശ്യം വന്നില്ലെങ്കില്‍ അത് നല്ല പലിശ കിട്ടുന്ന ബാങ്കുകളിലോ സഹകരണ സംഘങ്ങളുടെ സൊസൈറ്റികളിലോ കെ.എസ്.എഫ്.ഇ. യുടെ തന്നെ സുഗമ സ്‌കീമുകളിലോ നിക്ഷേപിക്കാം.
മാറ്റങ്ങള്‍ അറിഞ്ഞിരിക്കാം
ഏപ്രില്‍ മുതല്‍ പുതിയ ബജറ്റ് പ്രാവര്‍ത്തികമാകും. ബാങ്ക് ഡെപ്പോസിറ്റ് സ്‌കീമുകളിലെ മാറ്റങ്ങളും അറിഞ്ഞിരിക്കണം. പതിനായിരം രൂപയ്ക്കുമേല്‍ പലിശ ലഭിക്കുന്ന റെക്കറിങ് ഡെപ്പോസിറ്റുകള്‍ക്ക് ഇനി മുതല്‍ ടിഡിഎസ് (ടാക്‌സ് ഡിഡക്ഷന്‍ അറ്റ് സോഴ്‌സ്) ബാധകമാകും. ഒരേ ബാങ്കിന്റെ വിവിധ ശാഖകളിലൂടെയുള്ള പലിശ ഇടപാടുകള്‍ക്കും ഇത് ബാധകമാകും. വര്‍ഷം ഒരു ലക്ഷം രൂപയ്ക്കുമേലുള്ള എല്‍.ഐ.സി. പോളിസികള്‍ക്കും ടിഡിഎസ് ഈടാക്കും.
വര്‍ഷാവസാനമായതു കൊണ്ടു തന്നെ അക്കൗണ്ടില്‍ ആവശ്യത്തിന് വാര്‍ഷിക ബാലന്‍സ് ഇല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ്, ലോക്കര്‍ വാടക എന്നിവയെല്ലാം പിഴയോടു കൂടി അടയ്‌ക്കേണ്ടി വരും. അതും ശ്രദ്ധിക്കണം.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശ പ്രകാരം അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഉറപ്പു വുത്തണം. മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴയൊന്നും നല്‍കേണ്ടി വരില്ല. എന്നാല്‍ പല സേവനങ്ങളും ലഭിക്കാതെ വരും. ബാങ്കുകളുടെ പ്രത്യേകത അനുസരിച്ച് ദിവസ ശരാശരിയോ മാസ ശരാശരിയോ വാര്‍ഷിക ശരാശരിയോ ത്രൈമാസികമായോ അക്കൗണ്ട് ബാലന്‍സ് കണക്കാക്കപ്പെട്ടേക്കാം. അത് ഓരോ ബാങ്കിനും വ്യത്യസ്തമാണ്.
ആറ്റില്‍ കളഞ്ഞാലും അളന്നു കളയണം
ഒരോ ദിവസത്തെയും വരവും ചെലവും അറിയുക തന്നെ വേണം. എഴുതി സൂക്ഷിക്കാന്‍ മടിയുള്ളവര്‍ക്ക് അതിനായി ധാരാളം സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. വരവും ചെലവും അറിഞ്ഞാലേ എവിടെയാണ് കൂടുതല്‍ ചെലവാകുന്നത് എന്ന് അറിയാന്‍ പറ്റൂ. ഇവ രേഖപ്പെടുത്തുമ്പോള്‍ സത്യസന്ധമായി രേഖപ്പെടുത്തണം. സ്വയം കുറ്റപ്പെടുത്താനായല്ല, അറിഞ്ഞിരിക്കാനായാണ് ഇവ സൂക്ഷിക്കുന്നതെന്ന് ഓര്‍ക്കുക. മറ്റാരെയും കാണിക്കാനല്ല, സ്വയം അറിയാനാണ്. അതിനാല്‍ നാണക്കേടോ അഭിമാനപ്രശ്‌നമോ ആയി കാണണ്ട.
ഓഹരികളില്‍ പരീക്ഷിക്കാം
സ്ഥിരവരുമാനത്തിനു പുറമെ പരീക്ഷിക്കാവുന്ന ഒന്നാണ് ഓഹരി നിക്ഷേപം. കൃത്യമായി പഠിച്ചതിനുശേഷം ചെറിയ ചെറിയ തുകയ്ക്കുള്ള ഓഹരി വാങ്ങി അതിന്റെ സ്വഭാവം മനസ്സിലാക്കുക. വളരെ ചെറിയ ലാഭം മാത്രം കിട്ടുന്ന, നഷ്ടം ഒട്ടും സംഭവിക്കാത്ത നിക്ഷേപങ്ങളുണ്ട്. തുടക്കക്കാര്‍ക്ക് അതില്‍ പരീക്ഷിക്കാം. അല്പം റിസ്‌ക് എടുക്കാന്‍ തയ്യാറുള്ളവര്‍ മാത്രം ഈ മേഖലയിലേക്ക് കടന്നാല്‍ മതി. പെട്ടെന്നൊരു സുപ്രഭാതത്തില്‍ കോടീശ്വരനാകാന്‍ ആര്‍ക്കും പറ്റില്ല എന്നു മറക്കരുത്.
ചില നുറുങ്ങുകള്‍
*ക്രെഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റുകള്‍ കൃത്യമായി പരിശോധിക്കുക. കണ്ടാല്‍ കുറ്റബോധം തോന്നും എന്നു കരുതി നോക്കാതിരിക്കരുത്. ഓരോ മാസവും എന്തെല്ലാം വാങ്ങുന്നു, എന്തിനെല്ലാം പണം ചെലവഴിച്ചു എന്നു കണ്ട് ചെറുതായി ഒരു കുറ്റബോധം തോന്നുന്നത് നല്ലതാണ്. അടുത്ത കുറച്ചു നാളത്തേക്കെങ്കിലും ഒരു മിതവ്യയം ശീലിക്കാന്‍ കഴിയും.
*കഴിയുന്നതും ക്യാഷ് പെയ്‌മെന്റുകള്‍ നടത്തുക. നാലായിരം രൂപയുടെ സാധനം കാശു കൊടുത്തു വാങ്ങുമ്പോള്‍ തോന്നുന്ന ആശങ്ക കാര്‍ഡ് കൊടുത്താല്‍ തോന്നില്ല. കാര്‍ഡിലേത് പലപ്പോഴും യഥാര്‍ത്ഥ പണമായി കണക്കാക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം. ബില്ലുകള്‍ പണമായി നല്‍കി നോക്കൂ. പല സാധനങ്ങളും നിങ്ങള്‍ തന്നെ സ്വയം വേണ്ടെന്ന് വെയ്ക്കും.
*കടങ്ങളെ പത്താക്കി വിഭജിക്കാം.
കൊടുത്തു തീര്‍ക്കാനുള്ള വലിയ തുകകള്‍ ഒറ്റയടിക്ക് തീര്‍ക്കാന്‍ ശ്രമിക്കരുത്. അതിനെ പത്ത് ഭാഗങ്ങളായി വിഭജിച്ച് ഓരോ മാസവും കുറേശ്ശെയായി അടയ്ക്കുക. അപ്പോള്‍ സാമ്പത്തിക ഞെരുക്കം ഒറ്റയടിക്ക് അനുഭവപ്പെടില്ല.
*ഒറ്റയാള്‍ പട്ടാളമല്ല
ഒരു കുടുംബത്തിലെ എല്ലാവരും ഒരുമിച്ചു നിന്നാലെ നല്ലൊരു സാമ്പത്തിക വര്‍ഷം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കൂ. കുട്ടികളുള്‍പ്പടെ എല്ലാവര്‍ക്കും ഉത്തരവാദിത്വങ്ങള്‍ നല്‍കാം. എത്ര നല്ല സാമ്പത്തിക സ്ഥിതിയുള്ള കുടുംബമാണെങ്കിലും മിതവ്യയശീലികളായി മക്കളെ വളര്‍ത്താന്‍ ഇത്തരത്തിലുള്ള കുഞ്ഞു കുഞ്ഞു ഉത്തരവാദിത്വങ്ങള്‍ ഭാവിയില്‍ സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ അവര്‍ക്ക് സഹായകമാവും.
പെന്‍സില്‍, പേന, നോട്ട് ബുക്ക് എന്നിവ പൂര്‍ണമായും ഉപയോഗിച്ചുകഴിഞ്ഞേ പുതിയവ വാങ്ങൂ എന്ന് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുക. ബാഗുകളും ചെരുപ്പുകളും സൂക്ഷിക്കാനും ശീലിപ്പിക്കാം. ഒരു വര്‍ഷം ഇത്ര ബാഗുകളും ചെരുപ്പുകളുമേ വാങ്ങൂ എന്ന് കുടുംബത്തിലെ എല്ലാവര്‍ക്കും ചേര്‍ന്ന് തീരുമാനിക്കാം.
*സ്മാര്‍ട്ടാവാം
ബജറ്റ് പ്ലാനിങ് സ്മാര്‍ട്ടാവണം. സ്മാര്‍ട്ട്് എന്നാല്‍ സ്‌പെസിഫിക്, മെഷറബിള്‍, അറ്റെയ്‌നബിള്‍, റിയലിസ്റ്റിക്, ടൈം സെന്‍സിറ്റീവ്. അവനാവാവുന്ന തരത്തില്‍ കൃത്യമായി എത്ര പണം, എത്ര സമയത്തിനുള്ളില്‍ എങ്ങനെ സേവ് ചെയ്യണം എന്നതാണ് 'സ്മാര്‍ട്ട്' കൊണ്ടുദ്ദേശിക്കുന്നത്.
'ഈ വര്‍ഷം ഒരു ലക്ഷം രൂപ സേവ് ചെയ്യും' എന്ന് തീരുമാനിച്ചാല്‍ അതിനെ ചെറിയ തുകകളാക്കി ഒരു മാസം പതിനായിരം സേവ് ചെയ്യും എന്നാക്കാം. അല്ലെങ്കില്‍ വര്‍ഷാവസാനം വരെ നല്ലവണ്ണം പണം ചെലവാക്കുകയും അവസാനത്തെ മൂന്നു നാലു മാസം ഒരു ലക്ഷമുണ്ടാക്കി വാക്കുപാലിക്കാന്‍ നെട്ടോട്ടമോടുകയും ചെയ്യും.
ആദ്യത്തെ ഒറ്റ മാസം കൊണ്ടു തന്നെ ചെലവ് പകുതിയാക്കും എന്ന മട്ടിലുള്ള തീരുമാനങ്ങളും തുഗ്ലക്കിന്റെ പരിഷ്‌കാരം പോലെ തന്നെയാവും. താങ്ങാനാവുന്ന ചെറിയ ചെറിയ മാറ്റങ്ങള്‍ കൊണ്ടു വരിക. അതിലൂടെയേ ലക്ഷ്യത്തിലെത്താനാവൂ. അല്ലെങ്കില്‍ വളരെ വേഗം മനസ്സു മടുക്കും. ജീവിതത്തില്‍ ടെന്‍ഷന്‍ ഏറാനും സന്തോഷം ഇല്ലാതാവാനുമേ ഇത്തരം കടുംപിടുത്തങ്ങള്‍ കാരണമാകൂ.
*ഒന്നോ രണ്ടോ ബാങ്ക് അക്കൗണ്ടുകള്‍ എക്‌സ്ട്രാ തുടങ്ങാം. അതിന് എ.ടി.എം. കാര്‍ഡ് വേണ്ടെന്ന് വെയ്ക്കാം. അതിലേക്ക് ഓരോ മാസവും അഞ്ഞൂറോ ആയിരമോ ഇടാം. ഇത്തരത്തിലും സേവിങ്‌സ് ഉണ്ടാക്കാം. കുട്ടികളുടെ പേരിലും സമ്പാദ്യം തുടങ്ങാവുന്ന ധാരാളം സ്‌കീമുകള്‍ ബാങ്കുകളിലുണ്ട്.
കേന്ദ്ര സര്‍ക്കാറിന്റെ പെണ്‍കുട്ടികള്‍ക്കായുള്ള സുകന്യ സമൃദ്ധി അക്കൗണ്ട് ഇത്തരത്തിലുള്ള ഒന്നാണ്. 21 വര്‍ഷത്തെ ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണിത്. പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായമാകുമ്പോഴേക്കും നല്ലൊരു തുക കരുതി വയ്ക്കാന്‍ ഇതിലൂടെ കഴിയും. 9.1 ശതമാനം പലിശയുള്ള ഈ പദ്ധതിയില്‍ 14 വര്‍ഷം നിക്ഷേപിച്ചാല്‍ മതിയാകും. പോസ്റ്റ് ഓഫീസ്, തിരഞ്ഞെടുത്ത ബാങ്കുകള്‍ എന്നിവയിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. എല്‍ഐസി പോലുള്ള ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും കുട്ടികള്‍ക്കായി പ്രത്യേക നിക്ഷേപ പദ്ധതികള്‍ ഒരുക്കുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള തുകയും ഇതേ രീതിയില്‍ ഇപ്പോഴേ കരുതാം.
*മെല്ലെ മെല്ലെ ചെയ്യേണ്ട ഒന്നാണ് ഫിനാന്‍ഷ്യല്‍ പ്ലാനിങ്. ആദ്യമാസം ചിലപ്പോള്‍ ഒന്നും സേവ് ചെയ്യാന്‍ പറ്റിയില്ലെന്നു വരാം. രണ്ടാം മാസത്തില്‍ ചിലപ്പോള്‍ നൂറു രൂപയാവും സേവിങ്. മൂന്നാം മാസം അഞ്ഞൂറു രൂപ അധികം ചെലവായേക്കാം. അല്‍പ്പം അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാലും സാരമില്ല. വര്‍ഷാവസാനം വരെ അത് മുന്നോട്ടു കൊണ്ടു പോവുക എന്നതാണ് കാര്യം.
from kerala news edited
via IFTTT