Story Dated: Friday, April 3, 2015 02:35
പൂന്തുറ: ക്ഷേത്രഘോഷയാത്രക്കിടെ മുന്നൂറിലധികം വെടിക്കുറ്റികള്‍ പൊട്ടിത്തെറിച്ച് 16-കാരന് ഗുരുതര പരുക്ക്. വെടിയുടെ ആഘാതത്തില്‍ ഒരു വീടിന് കേടുപാടുകള്‍ സംഭവിച്ചു. മുട്ടത്തറ ചിറക്കല്‍ ക്ഷേത്രത്തിലെ ഘോഷയാത്രയ്‌ക്കിടെകഴിഞ്ഞദിവസം രാത്രി 11.45 -ന് മണക്കാടാണ് സംഭവം.
പോലീസ് വിവരിക്കുന്നതിങ്ങനെ: വെടിവയ്‌പുകാരനായ ആനന്ദും കൊഞ്ചിറവിള സ്വദേശിയും പതിനാറുകാരനുമായ സഹായി അഖിലേഷുമായി ഘോഷയാത്രക്കിടെ വെടിവഴിപാട് നടത്തുകയായിരുന്നു. ബലവാന്‍നഗറിന് സമീപമെത്തിയപ്പോള്‍ അഖിലേഷ് വിശ്രമിക്കാനായി സമീപത്തെ അനീഷിന്റെ വീടിനു മുമ്പില്‍ ഇരുന്നു. ഈ സമയം അഖിലേഷിന്റെ തോല്‍ സഞ്ചിയില്‍ വെടിവഴിപാടിനായുള്ള മൂന്നൂറിലധികം റെഡിമെയ്‌ഡ് വെടിക്കുറ്റികളും പടക്കത്തിന് തീ കൊളുത്താനുള്ള കത്തിച്ച തീക്കനലുമുണ്ടായിരുന്നു. കയറിനു മുകളില്‍ പടക്കം നിറഞ്ഞ ബാഗ് വച്ചതിനെത്തുടര്‍ന്ന് ഉഗ്രശബ്‌ദത്തോടെ വെടിക്കുറ്റികള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
പൊട്ടിത്തെറിയുടെ ആഘാതത്തില്‍ അഖിലേഷിന്റെ മുഖത്തും മറ്റും ഗുരുതരമായി പൊള്ളലേറ്റു. വീടിന്റെ ജനല്‍ച്ചില്ലുകളടക്കം തകര്‍ന്ന് വീടിന് കേടുപാടുകള്‍ ഉണ്ടാവുകയും ചെയ്‌തു. ഉടനടി പൂന്തുറ എസ്.ഐ സജീന്‍ ലൂയിസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി പരുക്കേറ്റയാളിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍കോളജിലേക്കും മാറ്റി. ഇതിനിടെയില്‍ പടക്കമല്ല ബോംബാണ് പൊട്ടിയതെന്നാരോപിച്ച് നാട്ടുകാര്‍ തടിച്ചു കൂടി.
അല്‍പസമയം പോലീസിനും നാട്ടുകാര്‍ക്കുമിടയില്‍ നേരിയതോതിലുള്ള സംഘര്‍ഷത്തിന് കാരണമായി. തുടര്‍ന്ന് പൂന്തുറ എസ്.ഐ നാട്ടുകാരുമായി ചര്‍ച്ച നടത്തി സംഭവം പടക്കമാണെന്ന് സ്‌ഥിരീകരിക്കുകയായിരുന്നു. ഇതിനിടെയില്‍ ബോംബ് സ്‌ക്വാഡും ചെങ്കല്‍ച്ചൂളയില്‍ നിന്നും രണ്ടു ഫയര്‍ഫോഴ്‌സ് വാഹനവുമെത്തി. സംഭവവുമായി ബന്ധപ്പെട്ട രണ്ടു പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
from kerala news edited
via IFTTT