ജാബര്‍ അല്‍ നഫീസ് സ്മാര്‍ട്ട് സിറ്റിയുടെ പുതിയ സി.ഇ.ഒ.
പി.പി.ശശീന്ദ്രന്‍
Posted on: 03 Apr 2015
അബ്ദുള്‍ ലത്തീഫ് മുല്ല സ്ഥാനമൊഴിയുന്നു
ദുബായ്: ദുബായ് സ്മാര്‍ട്ട് സിറ്റിയുടെ സി.ഇ.ഒ. അബ്ദുള്‍ ലത്തീഫ് അല്‍ മുല്ല സ്ഥാനമൊഴിയുന്നു. ജാബര്‍ അല്‍ നഫീസാണ് പുതിയ സി.ഇ.ഒ.
ദുബായ് സ്മാര്‍ട്ട് സിറ്റിയുടെ പങ്കാളിത്തത്തോടെ കൊച്ചിയിലുയരുന്ന സ്മാര്‍ട്ട് സിറ്റിയുടെ കാര്യത്തില്‍ ഏറെ താത്പര്യംകാണിച്ചിരുന്ന വ്യക്തിയായിരുന്നു അബ്ദുള്‍ ലത്തീഫ് മുല്ല. ദുബായ് സര്‍ക്കാറിന്റെതന്നെ ദുബായ് പ്രോപ്പര്‍ട്ടീസ് ഗ്രൂപ്പിന്റെ സി.ഇ.ഒ. ആയി സ്ഥാനക്കയറ്റംലഭിച്ച അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല മെയ് ഒന്നിന് ചുമതലയേല്‍ക്കും.
കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ഥ്യമാക്കാനായി ദുബായ് ടീകോമിനുവേണ്ടി നിര്‍ണായകമായ ചര്‍ച്ചകള്‍നടത്തുകയും കൂടുതല്‍തവണ കേരളം സന്ദര്‍ശിക്കുകയുംചെയ്ത മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ദുബായ് ആസ്ഥാനമായുള്ള സ്മാര്‍ട്ട് സിറ്റിയെ മാള്‍ട്ടയിലേക്കും കൊച്ചിയിലേക്കും എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
അഞ്ചുവര്‍ഷം ടീകോം ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഗ്രൂപ്പ് സി.ഇ.ഒ. ആയിരുന്ന അബ്ദുള്‍ ലത്തീഫ് മുല്ല അതിനുമുമ്പ് മൈക്രോസോഫ്റ്റിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദുബായ് ഗവണ്‍മെന്റിന്റെ ദുബായ് ഹോള്‍ഡിങ്‌സിനുകീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് ദുബായ് പ്രോപ്പര്‍ട്ടീസ് ഗ്രൂപ്പ്.
ജൂണ്‍ രണ്ടാംവാരം കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടം ഉദ്ഘാടനംചെയ്യപ്പെടുമ്പോള്‍ ജാബര്‍ ബിന്‍ ഹഫീസ് ആയിരിക്കും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കുന്നത്. യു.എ.ഇ.യിലെ ഏറ്റവും വലുതും ആദ്യത്തെതുമായ ടെലികോം കമ്പനിയായ ഇത്തിസലാത്തിന്റെ രാജ്യാന്തരവ്യാപാരമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ 18വര്‍ഷത്തെ പരിചയമുള്ള വ്യക്തിയാണ് ജാബര്‍ അല്‍ നഫീസ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ദുബായ് സ്മാര്‍ട്ട് സിറ്റിയില്‍ നടന്ന സ്മാര്‍ട്ട് സിറ്റി ബോര്‍ഡ് യോഗത്തിലും തുടര്‍ന്ന് മുഖ്യമന്ത്രിക്കൊപ്പം പത്രസമ്മേളനത്തിലും അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല പങ്കെടുത്തിരുന്നു.
from kerala news edited
via IFTTT