121

Powered By Blogger

Thursday, 2 April 2015

സ്വകാര്യവ്യക്‌തികളുടെ െകെയേറ്റം: റോഡ്‌ നിര്‍മാണത്തിന്‌ തടസമാകുന്നു











Story Dated: Friday, April 3, 2015 02:35


വൈക്കം : ഉദയനാപുരം ഗ്രാമപഞ്ചായത്ത്‌ ഒന്‍പതാം വാര്‍ഡിലെ ചെട്ടിമംഗലം-കടത്തുകടവ്‌ റോഡില്‍ യാത്ര ദുഷ്‌ക്കരം. ദിനംപ്രതി നൂറുകണക്കിന്‌ ആളുകളാണ്‌ റോഡിനെ ആശ്രയിക്കുന്നത്‌. ചെട്ടിമംഗലം ഭാഗത്തെ പ്രധാന റോഡിന്റെ അവസ്‌ഥ തീര്‍ത്തും ദയനീയമായത്‌ നോക്കിനില്‍ക്കാനേ പഞ്ചായത്ത്‌ അധികൃതര്‍ക്കും മറ്റും കഴിയുന്നുള്ളു. സ്വകാര്യ വ്യക്‌തികള്‍ റോഡ്‌ കൈയേറിയതാണ്‌ നിര്‍മാണജോലികള്‍ക്കുള്ള പ്രധാന തടസം. കാരണം ഇവര്‍ തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ കോടതിയില്‍ എത്തിയിരിക്കുകയാണ്‌. വിധി വരാതെ പഞ്ചായത്ത്‌ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്‌ഥയാണ്‌. ഒരു വര്‍ഷം മുന്‍പ്‌ റോഡില്‍ സോളിംഗ്‌ നടന്നിരുന്നു.


റോഡ്‌ കൈയേറിയ സ്‌ഥലത്തുമാത്രം ഒരു പണിയും നടന്നിട്ടില്ല. ഈ ഭാഗം ചെളിക്കുളമായി മാറിയിരിക്കുകയാണ്‌. ചെട്ടിമംഗലം ഭാഗത്തുള്ളവര്‍ എളുപ്പത്തില്‍ ഈ റോഡുവഴി യാത്ര ചെയ്‌ത്‌ കടത്തുകടന്നാണ്‌ ആലപ്പുഴ, ചേര്‍ത്തല, മെഡിക്കല്‍ കോളേജ്‌, കുമരകം ഭാഗങ്ങളിലേക്കു പോകുന്നത്‌. സന്ധ്യ മയങ്ങിയാല്‍ കടത്തുകടവില്‍ വന്നിറങ്ങുന്നവര്‍ റോഡിലൂടെ യാത്ര ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുന്നു. റോഡില്‍ വഴിവിളക്കില്ലാത്തത്‌ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കുന്നുണ്ട്‌. റോഡ്‌ സ്വകാര്യവ്യക്‌തികള്‍ മതില്‍ കെട്ടിയും, വേലി കെട്ടിയും കൈയേറിയിരിക്കുകയാണ്‌. ഈ ഭാഗം തിരിച്ചുപിടിക്കാതെ റോഡില്‍ പണികള്‍ നടത്തുന്നതുകൊണ്ട്‌ ഒരു പ്രയോജനവുമുണ്ടാവുകയില്ല.


റോഡ്‌ നിര്‍മാണം ആരംഭിക്കാന്‍ ടെന്‍ഡര്‍ ഉള്‍പ്പെടെയുള്ള പണികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. എന്നാല്‍ നിര്‍മാണ ജോലികള്‍ ഏറ്റെടുക്കുവാന്‍ കരാറുകാര്‍ ആരും രംഗത്തുവരുന്നില്ല. കാരണം റോഡിലെ തര്‍ക്കം കോടതിയില്‍ ഇരിക്കുന്നതിനാല്‍ പണികള്‍ ആരംഭിച്ചതിനുശേഷം നിരോധന ഉത്തരവ്‌ വരുമെന്ന്‌ ഇവര്‍ ഭയപ്പെടുന്നു. ഇത്‌ കരാറുകാര്‍ക്ക്‌ ഏറെ നഷ്‌ടങ്ങള്‍ ഉണ്ടാക്കുവാനും ഇടയാക്കും.


സ്വകാര്യവ്യക്‌തികള്‍ കയ്യേറിയ ഭാഗം തിരിച്ചുപിടിച്ച്‌ പണികള്‍ പുനരാരംഭിക്കുവാന്‍ പഞ്ചായത്ത്‌ തന്നെ മുന്‍കൈയെടുക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. ഇതിന്‌ രാഷ്‌ട്രീയപാര്‍ട്ടികള്‍ അഭിപ്രായഭിന്നതകള്‍ മറന്ന്‌ രംഗത്തിറങ്ങണം. നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരവുമായി മംഗളം എന്ന പരമ്പരയില്‍ ഇന്നലെ ഏറ്റവുമധികം പ്രതികരണങ്ങളുണ്ടായത്‌ ഈ റോഡിനെക്കുറിച്ചായിരുന്നു. ഈ വിഷയത്തില്‍ ജനപ്രതിനിധികള്‍ക്കും പഞ്ചായത്തിനും പ്രതികരിക്കാം.










from kerala news edited

via IFTTT