121

Powered By Blogger

Thursday, 2 April 2015

ആലപ്പുഴ കുടിവെള്ള പദ്ധതി: നിര്‍മാണം ഇഴയുന്നു











Story Dated: Friday, April 3, 2015 02:33


അമ്പലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതി മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യുമെന്ന ഉദ്യോഗസ്‌ഥരുടെ ഉറപ്പ്‌ ജലരേഖയായി. ഏഴു വര്‍ഷം മുമ്പ്‌ ആരംഭിച്ച പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും ഒച്ചിഴയും വേഗത്തിലാണു നടക്കുന്നത്‌. ആലപ്പുഴ നഗരസഭ കൂടാതെ പുറക്കാട്‌, അമ്പലപ്പുഴ തെക്ക്‌, വടക്ക്‌, പുന്നപ്ര തെക്ക്‌, വടക്ക്‌, ആര്യാട്‌, മണ്ണഞ്ചേരി, മാരാരിക്കുളംതെക്ക്‌ എന്നീ പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്‌നത്തിനു പരിഹാരം കാണാനാണ്‌ ആലപ്പുഴ കുടിവെള്ള പദ്ധതിക്കു തുടക്കമിട്ടത്‌.


2011 ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കി പദ്ധതി നാടിനു സമര്‍പ്പിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം കടലാസിലൊതുങ്ങി. 2013 സെപ്‌റ്റംബറിനു മുമ്പ്‌ പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന്‌ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. ഇനിയും അഞ്ചരക്കിലോമീറ്ററോളം പൈപ്പിടല്‍ പ്രക്രിയ പൂര്‍ത്തിയാകാനുണ്ട്‌. എടത്വാ, വീയപുരം, മരിയാപുരം ഭാഗങ്ങളില്‍ മൂന്നു കിലോമീറ്ററും പച്ച പാലത്തിനു സമീപം രണ്ടരക്കിലോമീറ്റര്‍ ദൂരവുമാണു പൈപ്പിടാനുള്ളത്‌. പകല്‍ പൈപ്പിടുന്നതു രൂക്ഷമായ ഗതാഗത പ്രശ്‌നത്തിനു കാരണമാകുമെന്ന്‌ ചൂണ്ടിക്കാട്ടി രാത്രിയില്‍ പൈപ്പിടല്‍ ആരംഭിച്ചു. എന്നാല്‍ മാര്‍ച്ച്‌ 25നു രാത്രിയില്‍ ബൈക്ക്‌ യാത്രികന്‍ ഇവിടെ അപകടത്തില്‍പ്പെട്ടതോടെ നാട്ടുകാര്‍ രാത്രി പൈപ്പിടുന്നതിനെതിരേ രംഗത്തുവന്നു.


സ്‌ഥലത്തുണ്ടായിരുന്ന ഓവര്‍സിയര്‍ സന്തോഷിനെ നാട്ടുകാര്‍ മര്‍ദിക്കുകയും ചെയ്‌തിരുന്നു. ഇതു സംബന്ധിച്ച്‌ എടത്വാ പോലീസിനും മാന്നാര്‍ സി.ഐക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ്‌ ഉദ്യോഗസ്‌ഥര്‍ പറയുന്നത്‌. ഈ ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയാലേ തകഴി റെയില്‍വെ ക്രോസ്‌ ഭാഗത്ത്‌ പൈപ്പിടല്‍ നടക്കു. എന്നാല്‍ ഈ മാസം 27ന്‌ ആരംഭിക്കുന്ന എടത്വാ പള്ളിയിലെ പെരുന്നാളിനു ശേഷമേ എടത്വാ ഭാഗത്ത്‌ പൈപ്പിടല്‍ അനുവദിക്കു എന്ന നിലപാടിലാണു നാട്ടുകാര്‍.


ഈ മാസം പൈപ്പിടല്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഇനി ആറുമാസത്തിനു ശേഷമേ പൈപ്പിടല്‍ നടക്കു എന്ന നിലപാടിലാണ്‌ ഉദ്യോഗസ്‌ഥര്‍. എട്ടു പഞ്ചായത്തുകളിലായി 250 കി.മീ ദൂരത്താണു പൈപ്പിടുന്നത്‌.

ദിനംപ്രതി 620 ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ സജ്‌ജമായ പ്ലാന്റ്‌ കരുമാടിയില്‍ നിര്‍മിച്ചിട്ടു വര്‍ഷങ്ങള്‍ പിന്നിട്ടു. തുടക്കത്തില്‍ 90 കോടി രൂപയായിരുന്ന പദ്ധതിയുടെ അടങ്കല്‍ത്തുക പിന്നീട്‌ 123 കോടി രൂപയാക്കി ഉയര്‍ത്തിയിരുന്നു. പൈപ്പിടലിനു മാത്രമായി ഏകദേശം 144 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്‌.


28.8 കോടി രൂപ ചെലവില്‍ കരുമാടിയില്‍ നിര്‍മാണം പൂര്‍ത്തിയായ പ്ലാന്റിലെ ഉപകരണങ്ങള്‍ പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ തകരാറിലാകുമോ എന്ന ആശങ്കയിലാണു ജനം. ഏകദേശം അഞ്ചരലക്ഷം ജനങ്ങളുടെ ദാഹമകറ്റാനായി ആരംഭിച്ച പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്നായിരുന്നു മാസങ്ങള്‍ക്ക്‌ മുമ്പ്‌ ആലപ്പുഴയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉദ്യോഗസ്‌ഥര്‍ അറിയിച്ചത്‌.


പദ്ധതിയിലുണ്ടായ താളപ്പിഴമൂലം അടുത്ത മാര്‍ച്ചായാലും ഇതില്‍നിന്നു വെള്ളം ലഭിക്കുമെന്ന പ്രതീക്ഷ ജനങ്ങള്‍ക്കില്ല. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതില്‍ ജില്ലാ കലക്‌ടര്‍ ഉള്‍പ്പെടെയുള്ള ഭരണ സംവിധാനവും കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌.










from kerala news edited

via IFTTT