Story Dated: Friday, April 3, 2015 03:30
പെരുങ്ങോട്ടുകുറിശി: ഗൃഹനാഥന്റെ വൃക്കരോഗം ഒരു കുടുംബത്തിന്റെ ജീവിത പ്രതീക്ഷകള്‍ക്കു മേല്‍ ആശങ്കയുടെ കരിനിഴല്‍ വീഴ്‌ത്തുന്നു. പെരുങ്ങോട്ടുകുറിശി പഞ്ചായത്തിലെ തുവക്കാട് മോഴ്‌ണിപറമ്പില്‍ വേലായുധ(53)ന്റെ വൃക്ക രോഗമാണ് നിര്‍ധന കുടുംബത്തെ തളര്‍ത്തുന്നത്. സ്വകാര്യ കമ്പനിയില്‍ വെല്‍ഡിംഗ് ജോലി ചെയ്‌തു വന്നിരുന്ന വേലായുധനു മൂന്നു വര്‍ഷം മുമ്പാണ് വൃക്ക രോഗം ബാധിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സയിലായതോടെ തൊഴിലെടുക്കാന്‍ കഴിയാതായി.
വേലായുധന്റെ മൂന്ന് മക്കളില്‍ ഇളയകുട്ടിയായ രഞ്‌ജിത ജന്മനാല്‍ ശാരീരിക വൈകല്യത്തിന്റെ പിടിയിലാണ്. ജനിക്കുമ്പോള്‍ തന്നെ കുട്ടിയുടെ കാലുകള്‍ രണ്ടും വളഞ്ഞിരുന്നു. തുടര്‍ച്ചയായ ചികിത്സകള്‍ക്ക് പുറമെ രണ്ടു ശസ്‌ത്രക്രിയകള്‍ കൂടി മകള്‍ക്ക് നടത്തിയെങ്കിലും വളഞ്ഞ കാലുകള്‍ സാധാരണ നിലയിലാവാത്തതിന്റെ മനോദു:ഖത്തില്‍ കഴിയുന്നതിനിടയിലാണ് വേലായുധനെ വിധി വീണ്ടും പരീക്ഷിച്ചത്. കാലുകളുടെ വൈകല്യത്തോടൊപ്പം മകള്‍ക്ക് സംസാരിക്കാനും കഴിയില്ല.
മകളുടെ തുടര്‍ച്ചയായ ചികിത്സക്കും മറ്റു രണ്ടു മക്കളുടെ പഠനചിലവുകള്‍ക്കും പുറമെ കുടുംബ ചെലവുകള്‍ക്കുമായി നേരത്തെ തന്നെ വലിയ തുകയാണ് വേലായുധന് കണ്ടത്തേണ്ടിവന്നത്. അതിനിടെ സര്‍ക്കാര്‍ ഗ്രാന്റായി പത്തു വര്‍ഷം മുന്‍പ് അനുവദിച്ച വീടുപണിയും എങ്ങുമെത്താതെ കിടക്കുകയാണ്. അന്ന് മുപ്പതിനായിരം രൂപയാണ് വീട് നിര്‍മാണത്തിന് ലഭിച്ചത്. വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ തറവാട്ടുവീട്ടിലാണ് മറ്റുള്ള അംഗങ്ങള്‍ക്ക് ഒപ്പം വേലായുധനും കുടുംബവും കഴിച്ചുകൂട്ടുന്നത്.
തൊഴിലില്ലാത്ത അവസ്‌ഥയില്‍ വേലായുധന്‍ കടം വാങ്ങിയും മറ്റുമാണ് ഇതുവരെയും കാര്യങ്ങള്‍ മുടക്കമില്ലാതെ നടത്തിവന്നത്. വേലായുധന്റെ ചികിത്സക്ക് മാത്രം നിലവില്‍ ആഴ്‌ചയില്‍ മരുന്നിനും മറ്റുമായി അറുനൂറു രൂപയിലധികം വേണ്ടിവരുന്നുണ്ട്. തൃശൂര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇരു വൃക്കകളും തകരാറിലായതായി തെളിഞ്ഞത്. വൃക്ക മാറ്റി വയ്‌ക്കണമെന്നാണ് പരിശോധിച്ച ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതിനു പതിനഞ്ചുലക്ഷത്തോളം രൂപ ചിലവുവരും. കട ബാധ്യതകള്‍ മാത്രം കൂട്ടായുള്ള കുടുംബത്തിനു ഇത്രയും വലിയ തുക കണ്ടെത്തുക പ്രയാസമാണ്.
സുമനസുകളുടെ സഹായഹസ്‌തമാണ് ഈ കുടുംബത്തിനു ഇനിയുള്ള ഏക പ്രതീക്ഷ. പഞ്ചാബ് നാഷണല്‍ ബാങ്ക് പെരുങ്ങോട്ടുകുറിശി ശാഖയില്‍ വേലായുധന്റെ മകള്‍ അഞ്‌ജിതയുടെ പേരില്‍ തുടങ്ങിയ അക്കൗണ്ട് നമ്പര്‍:4337001700099261, ഐ.എഫ്.എസ്.സി കോഡ്: പി.യു.എന്‍.ബി 0433700.
from kerala news edited
via IFTTT