Story Dated: Friday, April 3, 2015 02:35
കോട്ടയം: കാല്‍വരി മലയിലേക്കു കുരിശും വഹിച്ചുകൊണ്ടുള്ള യേശുദേവന്റെ പീഡാനുഭവത്തിന്റെ സ്‌മരണ പുതുക്കി ക്രൈസ്‌തവര്‍ ഇന്നു ദുഃഖവെള്ളി ആചരിക്കുന്നു. ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി ഇന്നു ദേവാലയങ്ങളില്‍ പീഡാനുഭവ ശുശ്രൂഷയും കയ്‌പുനീര്‍ കുടിയ്‌ക്കലുമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടക്കും.
വാഗമണ്‍, കുടമാളൂര്‍, അറുനൂറ്റിമംഗലം ഉള്‍പ്പെടെയുള്ള തീര്‍ഥാടന കേന്ദ്രങ്ങളില്‍ നടക്കുന്ന കുരിശിന്റെ വഴിയില്‍ പങ്കെടുക്കാന്‍ വിശ്വാസ സഹസ്രങ്ങള്‍ ഒഴുകിയെത്തും. യാക്കോബായ, ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളില്‍ ഇന്നു രാവിലെ ഏഴിന് ആരംഭിക്കുന്ന ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞു മൂന്നോടെയാണ് അവസാനിക്കുക. ശുശ്രൂഷകള്‍ക്കൊടുവില്‍ വിശ്വാസികള്‍ക്കു കഞ്ഞി വിതരണം ചെയ്യും. ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകള്‍ക്കു കീഴിലുള്ള പള്ളികളില്‍ ഉച്ചകഴിഞ്ഞാണു പീഡാനുഭവ ശുശ്രൂഷകള്‍ നടക്കുക.
ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി പള്ളികളില്‍ ഇന്നു പീഡാനുഭവ വായനയുണ്ടാകും. രാവിലെ മുതല്‍ ആരാധനയും പള്ളികളില്‍ ക്രമീകരിച്ചിട്ടുണ്ട്. തുടര്‍ന്നു നഗരികാണിക്കല്‍ ശുശ്രൂഷ, കുരിശു ചുംബനം, കയ്‌പുനീര്‍ കുടിയ്‌ക്കല്‍, കുരിശിന്റെ വഴി തുടങ്ങിയ ചടങ്ങുകളും നടക്കും. പള്ളികളിലെ തിരുക്കര്‍മങ്ങള്‍ക്കു ശേഷം കുരിശിന്റെ വഴിയും നടക്കും. വിശ്വാസികള്‍ ഉപവാസമനുഷ്‌ടിച്ചു പ്രാര്‍ഥനയില്‍ പങ്കു കൊള്ളുന്ന ദിവസമാണ് ഇന്ന്.
വാഗമണ്‍, അറുനൂറ്റിമംഗലം തുടങ്ങിയ കുരിശുമലകളിലേക്കു രാവിലെ മുതല്‍ വിശ്വാസികള്‍ കുരിശിന്റെ വഴിയും ചൊല്ലിക്കൊണ്ടു യാത്ര നടത്തും. പെസഹാ ആചരണത്തിന്റെ ഭാഗമായി ഇന്നലെ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും മറ്റ് പെസഹാ അനുബന്ധ തിരുക്കര്‍മങ്ങളും നടന്നു. വൈകുന്നേരം വീടുകളില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷയുമുണ്ടായിരുന്നു. കുടമാളൂര്‍ പള്ളിയിലെ പ്രശസ്‌തമായ നീന്തുനേര്‍ച്ചയ്‌ക്കും ഇന്നലെ രാവിലെ തുടക്കമായി.
നാളെ ദുഃഖശനിയാണ്. ദുഃഖശനിയാചാരണത്തിന്റെ ഭാഗമായി നാളെ ദേവാലയങ്ങളില്‍ നടക്കുന്ന പ്രത്യേക തിരുക്കര്‍മങ്ങള്‍ക്കൊപ്പം പുത്തന്‍ തീ, പുത്തന്‍ വെള്ളം വെഞ്ചരിപ്പും നടക്കും. യേശുവിന്റെ ഉയിര്‍പ്പു തിരുനാള്‍ ആഘോഷിക്കുന്ന ഞായറാഴ്‌ചയോടെ അമ്പതു നാള്‍ നീണ്ട നോമ്പിനും പരിസമാപ്‌തിയാകും.
from kerala news edited
via IFTTT