Story Dated: Thursday, December 18, 2014 10:15
ചെന്നൈ: ഭാരതീയന്റെ ബഹിരാകാശ യാത്രകള്‍ക്കു തുടക്കം കുറിക്കുക എന്ന ചരിത്ര ദൗത്യവുമായി ശ്രീഹരിക്കോട്ടയില്‍നിന്നു കുതിച്ചുയര്‍ന്ന ജി.എസ്.എല്‍.വി. മാര്‍ക്ക്-3 പരീക്ഷണം വിജയം. രാവിലെ 9.30നു സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള രാജ്യത്തിന്റെ ആദ്യ ചുവടുവയ്പ്പാണു ജി.എസ്.എല്‍.വി. മാര്‍ക്ക്-3 വിക്ഷേപണം. പരീക്ഷണം വിജയകരമാണെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ.രാധാകൃഷ്ണന്‍ വ്യക്തമാക്കി.
ഇന്നലെ രാവിലെ ഒന്‍പതിനാണു ജി.എസ്.എല്‍.വിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങിയത്. തദ്ദേശീയ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച രാജ്യത്തെ ഏറ്റവും ഭാരമേറിയ വിക്ഷേപണവാഹനമാണ് ജി.എസ്.എല്‍.വി. മാര്‍ക്ക്-3. നാലു ടണ്ണിലേറെ ഭാരമേറിയ ഉപഗ്രഹം വഹിക്കാനുള്ള ശേഷിയുണ്ട്്. ബഹിരാകാശത്തേയ്ക്ക് അയയ്ക്കുന്ന വാഹനം നേരിടുന്ന പ്രതികൂല കാലാവസ്ഥ പഠിക്കുകയാണു പരീക്ഷണ വിക്ഷേപണത്തിലൂടെ ഐ.എസ്.ആര്‍.ഒ. ഉദ്ദേശിക്കുന്നത്.
മൂന്നു മനുഷ്യര്‍ക്കു സഞ്ചരിക്കാന്‍ കഴിയുന്ന ക്രൂ മൊഡ്യൂള്‍ പേടകത്തില്‍ ഒരുക്കിയിട്ടുണ്ട്. ഭൂമിയില്‍നിന്നു 126.16 കിലോ മീറ്റര്‍ ഉയരത്തിലെത്തിയാല്‍ റോക്കറ്റില്‍നിന്നു പേടകം വേര്‍പിരിയും. 20 മിനിറ്റിനുള്ളില്‍ പ്രത്യേകം തയാറാക്കിയ പാരച്യൂട്ടില്‍ പേടകം ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്കു സമീപം ഇറങ്ങി. പേടകം ഏറ്റെടുത്ത നാവിക സേന ശ്രീഹരിക്കോട്ടയില്‍ തിരിച്ചെത്തിക്കും.
ആദ്യഘട്ട പരീക്ഷണമാണ് ഇന്നു നടന്നത്. 2016ല്‍ രണ്ടു പരീക്ഷണങ്ങള്‍ കൂടി നടക്കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുകയാണ് ഐ.എസ്.ആര്‍.ഒയുടെ ലക്ഷ്യം.
from kerala news edited
via IFTTT