വി.പി.നിസാര്‍
Story Dated: Sunday, February 1, 2015 06:40
മലപ്പുറം: സിദ്ദിഖും കുടുംബവും കാശുകൊടുത്ത് അരിവാങ്ങിയിട്ട് 18 വര്‍ഷം. പാട്ടത്തിനെടുത്ത മൂന്നര ഏക്കര്‍ പാടത്തു നെല്‍കൃഷി നടത്തി ജീവിക്കുന്ന മലപ്പുറം കുറവയിലെ മീനാര്‍കുഴി സ്വദേശിയായ മുല്ലപ്പള്ളി സിദ്ദിഖാണു ഭാര്യയും സഹോദരിയും മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏകാശ്രയം.
പണസമ്പാദനത്തേക്കാള്‍ എത്രയോ വലിയകാര്യമാണു സ്വന്തമായി കൃഷിചെയ്‌തു വിളവെടുത്ത് ജീവിക്കുന്നതെന്നാണു സിദ്ദിഖിന്റെ പക്ഷം. മറ്റുകര്‍ഷകരെല്ലാം നെല്ല് വില്‍ക്കുമ്പോള്‍ തനിക്കും കുടുംബത്തിനും ഒരുവര്‍ഷം കഴിക്കാനുള്ള നെല്ല് സംഭരിച്ചശേഷം മാത്രമാണു ഇദ്ദേഹം വില്‍ക്കാറുള്ളൂ. ഇത്തരത്തില്‍ നെല്ലും അരിയും സൂക്ഷിക്കാനായി ഒരു മുറിതന്നെ ഒഴിച്ചിട്ടിരിക്കുകയാണു ഈ നാല്‍പത്തഞ്ചുകാരന്‍.
ഇതോടൊപ്പം സിദ്ദിഖിന്റെ പാടത്തു ജോലിചെയ്ുയന്ന കര്‍ഷകരില്‍ ദിവസക്കൂലിക്കാര്‍ക്കുപുറമേ മുന്‍കാലങ്ങളിലെപ്പോലെ കൊയ്യുന്ന നെല്ലിന്റെ നാലിലൊന്നു വീതം കൂലി വാങ്ങുന്നവരുമുണ്ട്. എന്നാല്‍ ആദ്യകാലങ്ങളില്‍ ജോലിചെയ്യുന്ന കര്‍ഷകര്‍ക്കു പത്തില്‍ ഒന്നുവീതം നല്‍കിയിരുന്നെങ്കിലും പിന്നീടിതു ഗണ്യമായി കുറഞ്ഞാണു നാലില്‍ ഒന്നായത്. സിദ്ദിഖിനും ഭാര്യക്കും പുറമെ സഹോദരിയും ഇവരുടെ നാലുമക്കളും അടങ്ങുന്നതാണു കുടുംബം.
പൂര്‍ണ കൃഷിക്കാരനായ സിദ്ദിഖ് തങ്ങളുടെ ആവശ്യംകഴിഞ്ഞുള്ള നെല്ല് വിറ്റാണു മറ്റാവശ്യങ്ങള്‍ക്കു പണംകണ്ടെത്തുന്നത്. മൂന്നര ഏക്കറിലെ കൊയ്‌ത്തുകഴിഞ്ഞാല്‍ 200 പറക്കുമുകളില്‍ നെല്ല് ലഭിക്കും. ഇതില്‍ 85 പറ നെല്ലാണു വീട്ടാവശ്യത്തിനായി മാറ്റിവെക്കുക. ഈനെല്ല് വിറ്റാല്‍ കൂടുതല്‍ ലാഭം കിട്ടുമെങ്കിലും തങ്ങള്‍ കൃഷിചെയ്‌തെടുക്കുന്ന അരി ഭക്ഷിച്ചു ജീവിക്കാനാണു തനിക്കും കുടുംബത്തിനും ആഗ്രഹമെന്നും ഈ കര്‍ഷകന്‍ പറയുന്നു. കൃഷിയുടെ എല്ലാമേഖലയും സിദ്ദിഖിനു പരിചിതമാണ്.
നിലംഉഴുതുമറിച്ചു എട്ടുദിവസം കഴിഞ്ഞ് കൃഷിക്കുള്ള വിത്തുപാകുന്നതും സിദ്ദിഖ് തന്നെ. നേരത്തെ കന്നുകളെ ഉപയോഗിച്ച് തനിച്ചാണു പാടം ഉഴുതിരുന്നത്. ഇപ്പോള്‍ ട്രാക്‌ടര്‍ വാടകക്കെടുക്കുന്നു. ഞാറു നട്ടശേഷം കളപറിക്കാന്‍ മാത്രമാണു കൂലിക്ക് ആളെ വിളിക്കാറുള്ളു. നെല്ലിനു പുറമെ വൈക്കോലില്‍ നിന്നും വരുമാനം ലഭിക്കുന്നൂണ്ട്.
from kerala news edited
via IFTTT