വ്യാജ ബാങ്ക് റിപ്പോര്‍ട്ടുകളെ കരുതിയിരിക്കണമെന്ന് സി.ഐ.ഡി. വിഭാഗം
Posted on: 01 Feb 2015
അബുദാബി: ഇ-മെയില്‍വഴി വ്യാജബാങ്ക് റിപ്പോര്‍ട്ടുകള്‍ അയച്ച് തട്ടിപ്പുനടത്തുന്ന സംഘങ്ങളെക്കുറിച്ച് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. അക്കൗണ്ട് ഉടമകളോട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും പാസ് വേര്‍ഡും പണവും കൈക്കലാക്കുകയുംചെയ്യുന്ന സംഘങ്ങളെ ക്കുറിച്ചാണ് മുന്നറിയിപ്പ് നല്‍കുന്നത്. ഇ-മെയിലുകളുടെ അടിസ്ഥാനത്തില്‍ നിരവധിപേര്‍ പോലീസ് സ്റ്റേഷനുകളില്‍ ഹാജരാകുന്നുണ്ടെന്നും സി.ഐ.ഡി. വിഭാഗം ഇറക്കിയ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
അക്കൗണ്ടില്‍ അനധികൃതമായി പണം നിക്ഷേപിക്കപ്പെട്ടുവെന്ന് പറഞ്ഞുകൊണ്ടുള്ള ഇ-മെയിലുകളാണ് അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുന്നത്. ആധികാരികതയ്ക്ക് വേണ്ടി പോലീസിന്റെ പേര് ഉപയോഗിക്കുന്ന തട്ടിപ്പുകാര്‍ പാസ്വേര്‍ഡുകള്‍ കൈക്കലാക്കാന്‍ സഹായകമാകുന്ന സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് ഇ-മെയില്‍ അയയ്ക്കുന്നത്. പാസ് വേര്‍ഡ് ഉപയോഗിച്ച് അക്കൗണ്ടിലുള്ള പണം കൈവശപ്പെടുത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം. അക്കൗണ്ടുടമകള്‍ നേരെ പോലീസ് സ്റ്റേഷനിലെത്തുമ്പോള്‍ മാത്രമാണ് തട്ടിപ്പിനെക്കുറിച്ച് അറിയുന്നത്. ഇത്തരത്തിലുള്ള നിരവധിപേര്‍ സ്റ്റേഷനുകളില്‍ എത്തുന്നുണ്ടെന്ന് സി.ഐ.ഡി. ഡയറക്ടര്‍ ഡോ. റാഷിദ് ബുര്‍ഷീദ് ചൂണ്ടിക്കാട്ടി.
രാജ്യത്തെ ബാങ്കുകളുടെ പേര് പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്. വിദേശത്തുനിന്ന് അയയ്ക്കുന്ന ഇ-മെയിലുകളുടെ ഉറവിടങ്ങള്‍ യഥാര്‍ഥപേരിലുള്ളതല്ല. ആധികാരികതയ്ക്ക് വേണ്ടിയാണ് പോലീസിന്റെ പേര് ഉപയോഗപ്പെടുത്തുന്നത്. അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ ഒരുക്കുന്ന കെണികളെ കരുതിയിരിക്കണമെന്നും ഡോ. റാഷിദ് പറഞ്ഞു.
from kerala news edited
via IFTTT