Story Dated: Sunday, February 1, 2015 06:52
എരുമേലി: നവജാത ശിശുവിന്റെ മൃതദേഹം തോട്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് ഛത്തീസ്‌ഗഡ് സ്വദേശി ലഖന്‍സിങ്ങിനെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തു.
എരുമേലിക്കു സമീപം കരിങ്കല്ലൂംമൂഴിയിലെ സര്‍വീസ് സ്‌റ്റേഷനില്‍ ജോലിചെയ്യുന്ന ലഖന്‍സിങ്ങും, ഭാര്യ ബീനയും ഇതേ കെട്ടിടത്തിന്റെ മുകള്‍ നിലയിലാണു താമസിച്ചിരുന്നത്. എട്ട് മാസം ഗര്‍ഭിണി ആയിരുന്ന ബീന 28-ന് രാത്രി പ്രസവിച്ചു.
കുട്ടിക്ക് അനക്കമില്ലാതിരുന്നതോടെ മരിച്ചതായി തോന്നിയതിനാല്‍ 29-ന് പുലര്‍ച്ചെ അഞ്ച് മണിയോടെ സമീപമുളളതോട്ടില്‍ കുഴിച്ചിടുകയായിരുന്നുവെന്നു ലഖന്‍സിങ്ങ് പോലീസിനോട് പറഞ്ഞു. സംഭവത്തിനുശേഷം 30-ന് രണ്ടാമത്തെ പെണ്‍കുട്ടിയെയും പ്രസവിച്ച ബീനയ്‌ക്ക് രക്‌തസ്രാവം നിലക്കാത്തതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി. ഇവിടെ നടത്തിയ പരിശോധനയില്‍ ഇരട്ടകുട്ടികളാണ് ഉണ്ടായതെന്ന് മനസിലാക്കിയ ഡോക്‌ടര്‍മാര്‍ ആദ്യകുട്ടി എവിടെയെന്ന് അന്വേഷിച്ചപ്പോഴാണു സംഭവം പുറത്തറിഞ്ഞത്.
തുടര്‍ന്നു പോലീസില്‍ വിവരം അറിയിച്ചതോടെ ഇന്നലെ രാവിലെ നടത്തിയ പരിശോധനയില്‍ തോട്ടില്‍ മറവ് ചെയ്‌ത മൃതദേഹം പുറത്തെടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടേതായിരുന്നു മൃതദേഹം. കാഞ്ഞിരപ്പള്ളി തഹസീല്‍ദാര്‍ വി.എം.ശിവകുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്‌റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
ആദ്യം ഉണ്ടായ പെണ്‍കുട്ടി ചാപിള്ളയാണെന്നു മനസിലാക്കിയതോടെ ഗ്രാമത്തിലുള്ള മാതാവിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തങ്ങളുടെ സമ്പ്രദായം അനുസരിച്ചു കുഴിച്ചിടാന്‍ നിര്‍ദേശിക്കുകയായിരുന്നെന്നും, ഇതിനെ തുടര്‍ന്നാണ് കുട്ടിയെ കുഴിച്ചിട്ടതെന്നും ലഖന്‍സിങ്ങ് അന്വേഷണ ഉദ്യോഗസ്‌ഥരോടു പറഞ്ഞു. കുട്ടിയെ കൊലപ്പെടുത്തിയതാണൊ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി: വി.യു. കുര്യാക്കോസ്, പാമ്പാടി സി.ഐ. സാജു വര്‍ഗീസ്, എരുമേലി എസ്.ഐ.രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
from kerala news edited
via IFTTT