121

Powered By Blogger

Saturday, 31 January 2015

ഐ.വി.ശശി-മോഹന്‍ലാല്‍ ടീം വീണ്ടും ഒന്നിക്കുന്നു











കോഴിക്കോട്: ഒരു കാലത്ത് മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടുകളില്‍ ഒന്നായിരുന്ന ഐ.വി.ശശിയും മോഹന്‍ലാലും നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും ഒന്നിക്കുന്നു. ഗോകുലം പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. പുതുമുഖങ്ങളായ പ്രശാന്തും അമ്പാടിയും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മറ്റ് താരനിര്‍ണയം നടന്നുവരികയാണ്.

പതിനാലു വര്‍ഷത്തിനുശേഷമാണ് മോഹന്‍ലാലും ഐ.വി.ശശിയും വീണ്ടും ഒന്നിക്കുന്നത്. 2000ല്‍ പുറത്തിറങ്ങിയ ശ്രദ്ധയാണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം. മോഹന്‍ലാല്‍ മംഗലശ്ശേരി നീലകണ്ഠനായി നിറഞ്ഞാടിയ ദേവാസുരമാണ് ഇരുവരും ഒന്നിച്ച് സമ്മാനിച്ച അവസാനത്തെ സൂപ്പര്‍ ഹിറ്റ് ചിത്രം. വര്‍ണപ്പകിട്ട്, അനുഭൂതി, അപാരത, അടിയൊഴുക്കുകള്‍, ഇടനിലങ്ങള്‍, ഉയരങ്ങളില്‍, അടിമകള്‍ ഉടമകള്‍, അഭയംതേടി, വാര്‍ത്ത, രംഗം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അതിരാത്രം, ലക്ഷ്മണരേഖ, നാണയം, ഇനിയെങ്കിലും തുടങ്ങിയവയാണ് ഇതില്‍ ഈ കൂട്ടുകെട്ടിന്റെ ശ്രദ്ധേയമായ മറ്റ് ചിത്രങ്ങള്‍.


1982ല്‍ പുറത്തിറങ്ങിയ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അഹിംസയാണ് ഇരുവരും ഒന്നിച്ച ആദ്യചിത്രം. 1983ല്‍ പുറത്തിറങ്ങിയ ഇനിയെങ്കിലുമാണ് മോഹന്‍ലാലിനെ നായകനാക്കി ഐ.വി.ശശി ചെയ്ത ആദ്യ ചിത്രം. മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാറായി മാറിയതിനുശേഷം ഒന്നിച്ച ആദ്യചിത്രം ലാല്‍ നെഗറ്റീവ് വേഷം ചെയ്തു പൊലിപ്പിച്ച എം.ടി.യുടെ ഉയരങ്ങളിലാണ്. എം.ടി.-ഐ.വി.ശശി ടീമിന്റെ രംഗത്തില്‍ ഒരു കഥകളി നടന്റെ വേഷവും ലാല്‍ ചെയ്തു. ഈ ഓര്‍മകള്‍ പുതുക്കാനായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബി. ഉണ്ണികൃഷ്ണന്റെ ലാല്‍ ചിത്രമായ മിസ്റ്റര്‍ ഫ്രോഡില്‍ ആദ്യം ആക്ഷന്‍ പറഞ്ഞത് ഐ.വി.ശശിയായിരുന്നു.


130ലേറെ ചിത്രങ്ങള്‍ ചെയ്ത ഐ.വി.ശശി ആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ചിത്രമെടുക്കുന്നത്. 2009ല്‍ നിത്യ മേനോനെയും രജത് മേനോനെയും നായകരാക്കി ചെയ്ത വെള്ളത്തൂവലായിരുന്നു അവസാന ചിത്രം.


ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ആറാമത്തെ ചിത്രമാണിത്. വയലാര്‍ മാധവന്‍കുട്ടിയുടെ നാക്കു പെന്റ നാക്കു ടാക്കയാണ് പുറത്തിറങ്ങിയ അവസാന ചിത്രം.











from kerala news edited

via IFTTT